Connect with us

Malappuram

പ്രകോപനത്തിന് കാരണമറിയില്ലെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി പി എം

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുസ്‌ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന് കാരണമെന്തെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി പി എം പ്രാദേശിക നേതൃത്വവും വ്യക്തമാക്കി.
പ്രസിഡന്റായ കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരെ വ്യാഴാഴ്ച മുസ്‌ലിംലീഗ് അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയ പശ്ചാതലത്തില്‍ മണ്ഡലം പ്രസിഡന്റ് മധുജോസഫാണ് കോണ്‍ഗ്രസ് നിലപാട് അറിയിച്ചത്.
മുസ്‌ലിംലീഗിന്റെ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പഞ്ചായത്തില്‍ നടത്താന്‍ നിശ്ചയിച്ച വിശദീകരണ പരിപാടിപോലും തങ്ങള്‍ മാറ്റിവെച്ചിരുന്നു. പ്രകോപനം ഒഴിവാക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദ്ധേശിച്ചതനുസരിച്ചായിരുന്നു ഈ നടപടി. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ജില്ലാ നേതൃത്വങ്ങള്‍ നടത്തിയചര്‍ച്ചയെ തുടര്‍ന്നാവാം കോണ്‍ഗ്രസ് നേതൃത്വം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അദ്ധേഹം പറഞ്ഞു. ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലീഗ് അവിശ്വാസ നോട്ടീസ് നല്‍കിയതിന് പിന്നിലെന്താണെന്ന് മനസ്സിലാവുന്നില്ലെന്നും മധു പറഞ്ഞു. കോണ്‍ഗ്രസ് എട്ട്, മുസ്‌ലിംലീഗ് എട്ട്്, സി. പി. എം രണ്ട്് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. സി. പി. എം പിന്തുണച്ചാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ ചോക്കാട്ട് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസാവുകയുള്ളു.
എന്നാല്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്ന കാര്യത്തില്‍ സി പി എം ഇനിയും വ്യകതമായ നിലപാട് കൈക്കൊള്ളാത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അവിശ്വസ പ്രമേയം വിജയിച്ച് പ്രസിഡന്റിനെ താഴെയിറക്കിയാല്‍ പിന്നീട് പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന രാഷ്ട്രീയ നീക്കങ്ങള്‍ എങ്ങനെയാവണമെന്ന കാര്യത്തിലുള്ള അവ്യക്തതയാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണമെന്നറിയുന്നു. സി പി എം പിന്തുണയില്‍ ലീഗിലെ ഒരംഗത്തെ പ്രസിഡന്റാക്കിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കത്തിന് ചില പാര്‍ട്ടി ഘടകങ്ങള്‍ തീരെ പരുവപ്പെടാത്തതാണ് സി പി എമ്മിനെ പ്രാദേശികമായി വലക്കുന്നത്.
പല തട്ടുകളില്‍ നടത്തിയ ചര്‍ച്ചകളിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ കഴിയാത്തത് പാര്‍ട്ടി പ്രാദേശിക നേതൃത്തെ പ്രയാസപ്പെടുത്തുകയാണ്.

---- facebook comment plugin here -----

Latest