Connect with us

Thrissur

നായാടി കോളനിയിലെ നിവാസികള്‍ക്ക് ; ബി പി എല്‍ കാര്‍ഡും സൗജന്യ വൈദ്യുതിയും

Published

|

Last Updated

തൃശൂര്‍: കടവല്ലൂര്‍ പഞ്ചായത്തിലെ നായാടി കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും 31 നകം ബി പി എല്‍ കാര്‍ഡ് അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ എം എസ് ജയ പറഞ്ഞു.
കോളനിയില്‍ നിലവില്‍ എല്ലാവര്‍ക്കും എ പി എല്‍ കാര്‍ഡുകളാണുള്ളത്. ഇതിനായി കോളനിയില്‍ നേരിട്ടെത്തി വേണ്ട നടപടിയെടുക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കോളനിയിലെ 27 കുടുംബങ്ങളിലേക്കും അഞ്ചിനകം സൗജന്യമായി വൈദ്യുതിയും നല്‍കും. നായാടി കോളനി വികസനം സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിര്‍മിതി കേന്ദ്രത്തിന്റെയും ഫണ്ട് വിനിയോഗിച്ച് കോളനിയില്‍ ഉടന്‍ ഭവന പുനരുദ്ധാരണ പദ്ധതി നടപ്പാക്കും. കോളനിയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി ദുരന്ത നിവാരണത്തിന്റെ ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി ഉടന്‍ പൂര്‍ത്തിയാക്കും. താഴ്‌വാരത്തെ കോളനിയിലേക്കുള്ള റോഡിന് 250 മീറ്ററോളം സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്ത് അധികൃതര്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കും.
ഇവിടെ ശ്മശാനം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം സര്‍വേ നടത്തി കണ്ടെത്തും. കുടിവെള്ള വിതരണത്തിന് നിര്‍മിതി കേന്ദ്രത്തിന്റെ സഹകരണത്തോടെ പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട്് വിനിയോഗിച്ച് ജലസംഭരണി നിര്‍മിക്കും.
ശിങ്കാരി മേളത്തില്‍ തത്പര്യമുള്ള കോളനിയിലെ യുവജനങ്ങള്‍ക്ക് ചെണ്ടകള്‍ വിതരണം ചെയ്യാനും ഡി എം ഒ യുടെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ക്കായി ആരോഗ്യ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ വേണുഗോപാല്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഐര ാജേന്ദ്രന്‍, തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ ആര്‍ പ്രദീപ്കുമാര്‍, ഡി എം ഒ വി വി വീനസ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ചാലിശ്ശേരി, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Latest