Connect with us

Thrissur

കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ പെരുവഴിലായി

Published

|

Last Updated

കുന്നംകുളം: കുന്നംകുളം റൂട്ടില്‍ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ് പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ചാണ് ഇന്നലെ ഉച്ച മുതല്‍ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഇതോടെ വലഞ്ഞു. സ്‌കൂളുകള്‍ വിടുന്ന സമയമായതിനാല്‍ നിരവധി വിദ്യാര്‍ഥികളും ഈ സമയം ശക്തന്‍ സ്റ്റാന്‍ഡിലുണ്ടായിരുന്നു. സ്റ്റാന്‍ഡില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ളവരെ ഗുരുവായൂരിലേക്കുള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കയറ്റിവിട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാന്‍ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ തയ്യാറായില്ല. ഫുള്‍ചാര്‍ജ് കൊടുക്കാന്‍ പണമില്ലാതിരുന്ന വിദ്യാര്‍ഥികളെ പൂങ്കുന്നത്ത് വെച്ച് ബസില്‍ നിന്നിറക്കിവിട്ടു.
ഇവര്‍ പിന്നീട് ശക്തന്‍ സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കി.
നായ്ക്കനാലിലെ ഇ ടി സി യിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ മിഥുന്‍, ജിതിന്‍, ജിത്ത്, വിഷ്ണു എന്നിവരെയാണ് പെരും മഴയത്ത് വഴിയില്‍ ഇറക്കിവിട്ടത്. വീട്ടുകാര്‍ വാഹനവുമായി വന്നാണ് ഇവരെ കൊണ്ടുപോയത്. വിദ്യാര്‍ഥികളെ കയറ്റിപ്പോയ മറ്റൊരു കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിര്‍ത്തി ഫുള്‍ചാര്‍ജ് നല്‍കാന്‍ മടിച്ചവരെയും ഇറക്കിവിട്ടു.

Latest