Connect with us

Kerala

ആദിവാസി ഊരുവികസനത്തിന് 150 കോടി രൂപയുടെ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: ആദിവാസി ഊരുവികസനത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് തിരഞ്ഞെടുത്ത സങ്കേതങ്ങളില്‍ നടപ്പിലാക്കുന്ന 150 കോടി രൂപയുടെ വികസന പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ പട്ടികവര്‍ഗ ഉപപദ്ധതി വിഹിതത്തില്‍നിന്ന് പ്രത്യേക പാക്കേജായാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക സാമൂഹിക- സാമ്പത്തിക വികസനത്തെ കേന്ദ്രീകരിച്ചും പട്ടികവര്‍ഗ സ്ഥലാധിഷ്ഠിത വികസനത്തിന് ഊന്നല്‍ നല്‍കി തിരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ സങ്കേതങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളും പ്രവര്‍ത്തനങ്ങളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വിവിധ ജില്ലകളിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരപ്പബ്ലോക്ക്-കാസര്‍കോട്, ഇരട്ടിബ്ലോക്ക്-കണ്ണൂര്‍, പനമരം, തിരുനെല്ലി, പുല്‍പ്പളളി, നൂല്‍പ്പുഴ, മൂപ്പൈനാട്, മേപ്പാടി ഗ്രാപഞ്ചായത്തുകള്‍-വയനാട് ചിറ്റൂര്‍ താലൂക്ക്, അട്ടപ്പാടി ബ്ലോക്ക്-പാലക്കാട്, ചാലക്കുടി ബ്ലോക്ക്-തൃശ്ശൂര്‍, ദേവികുളം ബ്ലോക്ക്-ഇടുക്കി, (പാലക്കാട്), കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്- തിരുവനന്തപുരം എന്നിവയാണ് പ്രാരംഭഘട്ടത്തില്‍ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. 2008ലെ പട്ടികവര്‍ഗ സര്‍വേ റിപ്പോര്‍ട്ടിലെ വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ 14 സങ്കേതങ്ങളെ തിരഞ്ഞെടുത്തത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത സംസ്ഥാന പദ്ധതികളെ ഏകോപിപ്പിക്കുന്നതിനായി മേഖലകള്‍ തിരിച്ചുള്ള സമിതികള്‍ രൂപവത്കരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, പൊതുമരാമത്ത് വകുപ്പ്, കൃഷി, വനം, സാമൂഹികക്ഷേമം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലെ ഓഫീസര്‍മാരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കമ്മിറ്റിയില്‍ ഉറപ്പാക്കും. പട്ടികവര്‍ക്ഷ ജനവിഭാഗത്തിന്റെ സ്ഥിരമായ സമഗ്രവികസനത്തിന് ലഭ്യമായ തുകക്ക് പുറമെയാണ് ഈ അധികതുക.
ജില്ലാതലത്തില്‍ ജില്ലാകലക്ടര്‍ അധ്യക്ഷനായുള്ള എംപവേര്‍ഡ് കമ്മിറ്റി, മേഖലാ കേന്ദ്രീകൃത കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നിരീക്ഷിക്കും. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിനുള്ള ചുമതലയും ജില്ലാ കലക്ടര്‍ക്കാണ്. സംസ്ഥാനതലത്തില്‍ രൂപവത്കരിച്ച സമിതി ജില്ലാ കലക്ടര്‍മാരുമായും മറ്റു ഓഫീസുകളിലെ ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.

Latest