Connect with us

Palakkad

മണ്ണാര്‍ക്കാട് വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണ്ണം

Published

|

Last Updated

മണ്ണാര്‍ക്കാട്: വാണിജ്യ നികുതി വകുപ്പിന്റെ അനധികൃത കടപരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് താലൂക്കില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം.
താലൂക്കിലെ ഗ്രാമ പ്രദേശങ്ങളില്‍ പോലും കടകളടഞ്ഞ് കിടന്നു. കടകള്‍ തുറക്കാതിരുന്നതോടെ നഗരത്തിലെ നിരത്തുകളില്‍ തിരക്കൊഴിഞ്ഞു. സര്‍ക്കാറിന്റെ വ്യാപാര ദ്രോഹ നടപടികളുടെ ഭാഗമാണ് കടപരിശോധനയെന്നും ഇത് ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്ന സമീപനമാണെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.
ഹര്‍ത്താലിന്റെ ഭാഗമായി നെല്ലിപ്പുളയില്‍ നിന്നും കോടതിപ്പടി സിവില്‍ സ്റ്റേഷനിലുളള വാണിജ്യ നികുതി ഓഫീസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ താലൂക്കിലെ മുഴുവന്‍ വ്യാപാരികളും അണിനിരന്നു. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി ഫിറോസ് ബാബു, നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച് അബ്ദുല്‍ ഖാദര്‍, യൂത്ത് വിംങ് സംസ്ഥാന സെക്രട്ടറി ബൈജുരാജേന്ദ്രന്‍, ടി എസ് പ്രസാദ്, സി ഷമീര്‍, സാജന്‍ തോമസ്, ബാസിത്ത് മുസ്‌ലിം, കുറുവണ്ണ നാസര്‍ നേതൃത്വം നല്‍കി.
സിവില്‍ സ്റ്റേഷന് സമീപം നടന്ന ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.
ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി വാണിജ്യ നികുതി വകുപ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും വ്യാപാരികളെ തട്ടിപ്പുകാരായി ചിത്രീകരിക്കുന്ന മിന്നല്‍ പരിശോധനകള്‍ അനുവദിക്കാനാവില്ലെന്നും അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ജോബി വി ചുങ്കത്ത് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest