Connect with us

Palakkad

മോഷ്ടിക്കാന്‍ പദ്ധതിയിട്ട മൂന്നംഗസംഘം പിടിയിലായി

Published

|

Last Updated

പാലക്കാട്: മോഷ്ടിക്കാന്‍ പദ്ധതിയിട്ടിറങ്ങിയ മൂന്നംഗസംഘത്തെ ഒറ്റപ്പാലം പോലീസ് പിടികൂടി.
ഭവനഭേദനം, പിടിച്ചുപറി, കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കഞ്ചിക്കോട് അട്ടപ്പള്ളം പാമ്പാംപള്ളം ശെല്‍വപുരം മുഹമ്മദ് കാസിം(36), ഒറ്റപ്പാലം പൂളയ്ക്കപറമ്പ് തോട്ടക്കര കാട്ടാനപ്പടി മനോജ്കുമാര്‍ എന്ന മനു(34), കടമ്പഴിപ്പുറം അഴിയന്നൂര്‍ പുത്തിരിക്കാട്ടില്‍ വീട്ടില്‍ രാമദാസ് എന്ന അനില്‍(38) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം എസ് ഐ ജെ മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പട്രോളിംഗിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെ ഒറ്റപ്പാലം ടൗണില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും വീട് പൊളിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. മുഹമ്മദ് കാസിം മുമ്പ് മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മങ്കര, ഒറ്റപ്പാലം സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ശ്രീകൃഷ്ണപുരം പോലീസ് സ്‌റ്റേഷനില്‍ കൊലപാതകക്കേസിലെ പ്രതിയാണ് രാമദാസ്. നിരവധി അടിപിടിക്കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മോഷണങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ എസ ഐ ജെ മാത്യുവിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച പ്രത്യേക സ്‌ക്വാഡ് പരിശോധനകളും പട്രോളിംഗും ശക്തമാക്കിയതിനെ തുടര്‍ന്നാണ് മോഷണസംഘം വലയിലായത്.
സംഘത്തില്‍ സി പി ഒമാരായ ആര്‍ കിഷോര്‍, വി രവികുമാര്‍, എസ് രാജേഷ്, ഷിബു, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.