Connect with us

Wayanad

ബാലവേല: കുണ്ടാല പ്ലൈവുഡ് കമ്പനിയില്‍ നിന്നും നാല് കുട്ടികളെ മോചിപ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ: അഞ്ചുകുന്നിനടുത്ത കുണ്ടാലയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് വുഡ് ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നാല് അന്യസംസ്ഥാന കുട്ടികളെ മോചിപ്പിച്ചു.
ചൈല്‍ഡ് ലൈന്‍, സാമൂഹ്യനീതി വകുപ്പ് , ലേബര്‍ ഡിപ്പാര്‍ട്ട് മെന്റ്, ജില്ലാ ജുവനൈല്‍ പോലീസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ മോചിപ്പിച്ചത്.
അപകടകരമായ തൊഴില്‍ മേഖലായി നിര്‍വചിച്ചിട്ടുള്ള ഫാക്ടറിയില്‍ കുട്ടികളെ തൊഴിലെടുപ്പിക്കുന്നത് നിയമ വിരുദ്ധമാണ്. 25 ഷീറ്റുകള്‍ മുറിച്ചു കെട്ടിവെക്കുന്നതിന് 40 പൈസയാണ് കൂലിയെന്നും മറ്റു ജോലികള്‍ക്ക് 180നും 250നും ഇടക്കാണ് കൂലിയെന്നും കുട്ടികള്‍ പറയുന്നു. കുട്ടികളുടെ പേരില്‍ നോട്ടറി നല്‍കിയിട്ടുള്ള രേഖകളുടെ കോപ്പികളാണ് കുട്ടികളുടെ കൈവശം ഉണ്ടായിരുന്നത്.
കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് എന്നിവര്‍ നിയമനടപടികള്‍ സ്വീകരിക്കും. താല്‍ക്കാലിക സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
തുടര്‍ ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കും.
പരിശോധനയില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു പി, അസി. ലേബര്‍ ഓഫീസര്‍ കെ സുരേഷ്, ഡി സി ആര്‍ ബി, എസ് ഐ വര്‍ഗീസ്, സാമൂഹ്യ നീതി വകുപ്പിലെ അബ്ദുല്‍ കരീം, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സി കെ ദിനേശന്‍, ടീം അംഗങ്ങളായ ഷാജി സി ജെ, ലില്ലി തോമസ്, ലക്ഷ്മണന്‍ ടി എ, സതീഷ്‌കുമാര്‍ പി വി, ശോഭ പി സി എന്നിവര്‍ നേതൃത്വം നല്‍കി.

Latest