Connect with us

Kerala

ഇനി പേടി വേണ്ട; അപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കാന്‍ 1099ല്‍ വിളിക്കാം

Published

|

Last Updated

accidentതിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് റോഡില്‍ക്കിടക്കുന്നവരെ കണ്ടാല്‍ പലപ്പോഴും ജനം മുഖം തിരിക്കുന്നത് പോലീസുമായി ബന്ധപ്പെട്ട നൂലാമാലകള്‍ പേടിച്ചാണ്. സഹായിക്കുന്നവന്‍ ദൃക്‌സാക്ഷിയാകും. പിന്നെ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങണം. അപകടത്തില്‍ പരുക്കേറ്റവനെക്കാള്‍ കഷ്ടമാകും പിന്നെ സഹായിച്ചവന്റെ അവസ്ഥ. ഈ ആശങ്കകള്‍ അകറ്റി റോഡപകടങ്ങളില്‍ പെട്ട് പരുക്കേല്‍ക്കുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ നാലക്ക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്ഥാപിക്കുന്നു. റോഡപകടങ്ങള്‍ വഴിയുള്ള മരണങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അടിയന്തര ചികിത്സ വൈകുന്നതിനാലാണെന്ന തിരിച്ചറിവില്‍ ആഭ്യന്തര മന്ത്രിയുടെ ഇടപെടലിലാണ് പുതിയ സംവിധാനം. അപകടത്തില്‍ പെട്ട് റോഡില്‍ കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ വെമ്പുന്നവരും കണ്ടാല്‍ കാണാത്ത ഭാവത്തില്‍ നടിക്കുന്നവരും ഇനി ഒരു നമ്പര്‍ മാത്രം ഡയല്‍ ചെയ്താല്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സേന സ്ഥലത്തെത്തും. ഇനി മുതല്‍ 1099 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ പോലീസിന്റെ സഹായം തേടാം. ആദ്യ ഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും പിന്നീട് ഘട്ടം ഘട്ടമായി ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാക്കും.

റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പോലീസില്‍ നിന്ന് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാകാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നടത്തിയ അഭ്യര്‍ഥനക്ക് ലഭിച്ച പ്രതികരണമാണ് ടോള്‍ ഫ്രീ നമ്പറിന് കാരണമായത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്ന കാരണത്താല്‍ ആരെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകില്ലെന്നും സഹായിച്ചവരുടെ സൗകര്യ പ്രകാരം പോലീസ് അവരുടെ അടുത്തെത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നുമുള്ള ആഭ്യന്തര മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വന്‍ പ്രതികരമാണുണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതു കൊണ്ടു മാത്രം ഇവര്‍ ദൃക്‌സാക്ഷികള്‍ ആകില്ലെന്നും അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ചെലവാകുന്ന തുക അതത് പ്രദേശത്തെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരെ സമീപിച്ചാല്‍ തിരികെ ലഭിക്കുമെന്നും ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അപകടത്തിന് ദൃക്‌സാക്ഷികളാകുന്നവര്‍ ഉടന്‍ തന്നെ ഈ നമ്പറില്‍ ബന്ധപ്പെടുകയും അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉടന്‍ പോലീസ് എത്തി അപകടത്തില്‍ പെട്ടവരെ യഥാസമയം ആശുപത്രിയിലെത്തിക്കും.

Latest