Connect with us

Wayanad

ചേലോട് എസ്റ്റേറ്റില്‍ വന്‍ മരംമുറി

Published

|

Last Updated

ചുണ്ടേല്‍: തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചേലോട് എസ്‌റ്റേറ്റില്‍ മരം മുറി. വീട്ടി, പ്ലാവ്, കുന്നി, അയനി തുടങ്ങിയ മരങ്ങളാണ് മുറിക്കുന്നത്. നിരവധി തവണ തൊഴിലാളികള്‍ പരാതി പെട്ടിട്ടും മരംമുറി നിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. തേയില ചെടികള്‍ നശിപ്പിച്ചുള്ള മരംമുറി ഇന്നലെ തൊഴിലാളികള്‍ തടഞ്ഞു.
സാമ്പത്തികപ്രതിസന്ധിയാണെന്ന പ്രചരണം നടത്തി നിയമങ്ങള്‍ ലംഘിച്ചാണ് മരംമുറിക്കുന്നതെന്ന് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ ആരോപിച്ചു. വര്‍ഷങ്ങളായി നിയന്ത്രണമില്ലാതെ തുടരുന്ന മരംമുറിക്കെതിരെ പരാതിപ്പെടുന്ന തൊഴിലാളികളെ ഭീക്ഷണിപ്പെടുത്തുന്ന സമീപനമാണ് മനേജ്‌മെന്റിന്റേത്. പരിസ്ഥിതി നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന് മുമ്പ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുഴുവന്‍ മുറിച്ച് കടത്തനാണ് ശ്രമം. ഇതിന് വനംവകുപ്പും, റവന്യു വകുപ്പും കൂട്ട് നില്‍ക്കുകയാണെന്നാണ് ആരോപണം.
മക്കളുടെ വിവാഹ ആവശ്യത്തിനും വീടുവെക്കാനും സ്വന്തം സ്ഥലത്തെ മരംമുറിക്കാനായി സാധാരണക്കാര്‍ നല്‍കുന്ന അപേക്ഷ നിരസിക്കുന്ന അധികൃതര്‍ വന്‍കിടതോട്ടം ഉടമകളും മരംമാഫിയകളും നല്‍കുന്ന അപേക്ഷകളില്‍മേല്‍ പരിശോധനപോലും നടത്താതെ കട്ടിങ് പാസ് അനുവദിക്കുകയാണ്. ജില്ലയിലെ മറ്റുതോട്ടങ്ങളിലും അനധികൃത മരംമുറിയുണ്ട്. പരാതികള്‍ മറികടക്കാനുള്ള സഹായവുംഉദ്യോഗസ്ഥരില്‍നിന്നും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. വനംവകുപ്പും മരംലോബിയും തമ്മിലുള്ള അവിശുദ്ധകൂട്ടാണ് ഇതിനുപിന്നില്‍. കാറ്റാടി ഉള്‍പ്പെടെയുള്ള ചെറുമരങ്ങള്‍ മുറിക്കാന്‍ ലഭിക്കുന്ന പാസിന്റെ മറവിലാണ് വീട്ടി ഉള്‍പ്പെടെയുള്ളവ മുറിക്കുന്നത്. രാത്രിയില്‍ മരംകയറ്റി പോകുന്നതിനാല്‍ പരിശോധകളും നടക്കുന്നില്ല. മുറിക്കുന്ന മരങ്ങള്‍ മറ്റുസ്ഥലങ്ങളില്‍ എത്തിച്ച് കയറ്റികൊണ്ടുപോകുന്ന തട്ടിപ്പും നടത്താറുണ്ട്.
അഞ്ച് എക്കറില്‍ കൂടുതലുള്ള സ്ഥലങ്ങളിലും പ്ലാന്റേഷന്‍ പരിധിയില്‍ വരുന്ന തോട്ടങ്ങളിലും മരം മുറിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് സംരക്ഷിക്കപെടേണ്ട മരങ്ങള്‍ ഉള്‍പ്പെടെ തോട്ടങ്ങളില്‍ നിന്നും മുറിച്ചുകടത്തുന്നത്. ആശാസ്ത്രിയമായ മരംമുറി കലാവസ്ഥയിലും ഗണ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ്. ഉടുമ്പ്, മയില്‍ എന്നിവയുള്‍പ്പെടെയുള്ള ജീവികള്‍ തോട്ടങ്ങളിലുണ്ട്. മരം മുറി ഇത്തരം ജീവജാലങ്ങള്‍ക്കും ഭീഷണിയാണ്.പരിസ്ഥിതി ലോലമേഖലയില്‍ ഉള്‍പ്പെടുന്ന ചേലോട് എസ്‌റ്റേറ്റിലെ മരംമുറി തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയനാട് എസ്‌റേറ്റ് ലേബര്‍ യൂണിയന്‍ (സിഐടിയു) ചേലോട് യൂണിറ്റ് ആവശ്യപ്പെട്ടു. മരംമുറി തുടര്‍ന്നാല്‍ വീണ്ടും തടയുകയും ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

Latest