Connect with us

Wayanad

നാഷണല്‍ അഗ്രിഫെസ്റ്റ് ഡിസംബര്‍ 19ന് തുടങ്ങും

Published

|

Last Updated

മാനന്തവാടി: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ നടക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റ് ഡിസംബര്‍ 19 മുതല്‍ 26 വരെ നടത്താന്‍ തീരുമാനമായി. കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്റെയും പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെയും നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 19ന് വിളംബര ജാഥയോടെ മേള ആരംഭിക്കും. 20നായിരിക്കും ഔദ്യോഗിക ഉദ്ഘാടനം. 26ന് വൈകുന്നേരം മേള സമാപിക്കും.
നവംബര്‍ ആറ്, ഏഴ് തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഗ്ലോബല്‍ അഗ്രി മീറ്റിനെ തുടര്‍ന്നാണ് വയനാട്ടിലെ നാഷണല്‍ അഗ്രിഫെസ്റ്റ്. ഇതിനുശേഷം കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിറവ് കാര്‍ഷിക മേള നടക്കും. കണ്ണൂര്‍ ജില്ലയിലെ എടക്കാട് നിയോജകമണ്ഡലത്തിലെ കാര്‍ഷിക മേളയോടെയാണ് അഗ്രിഫെസ്റ്റിന്റെ സമാപനം.
മേളയുടെ പ്രചരണാര്‍ത്ഥം നവംബര്‍ അവസാനവാരം വയനാട് ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും അര്‍ദ്ധദിന സെമിനാറുകളും കാര്‍ഷിക ക്വിസ് മല്‍സരവും നടക്കും. തുടര്‍ന്ന് ഡിസംബര്‍ ആദ്യ ആഴ്ച ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും അര്‍ദ്ധദിന സെമിനാറുകളും ബ്ലോക്ക്തല മല്‍സരങ്ങളും നടക്കും.
20 മുതല്‍ 26 വരെ ദിവസവും കാര്‍ഷിക സെമിനാര്‍, വിവിധ മല്‍സരങ്ങള്‍, രാത്രി കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. കൃഷി വകുപ്പിനെ കൂടാതെ മൃഗസംരക്ഷണം, ക്ഷീരവികസനം, ടൂറിസം, വ്യവസായം, വനം, ഫിഷറീസ്, പട്ടികജാതി- പട്ടികവര്‍ഗ്ഗ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്്, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കിര്‍ത്താഡ്‌സ്, ടീബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയവയും കൃഷി വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളും, വയനാട് ജില്ലയിലെ ചേംബര്‍ ഓഫ് കോമേഴ്‌സ്, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഓര്‍ഗാനിക് അഗ്രി കണ്‍സോര്‍ഷ്യം, അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, വ്യാപാരി സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള നടക്കുന്നത്.
കാര്‍ഷിക പ്രദര്‍ശനം, സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, കള്‍ച്ചറല്‍ പ്രോഗ്രാം, ചരിത്ര പുരാവസ്തു പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, ടെക് ഫെസ്റ്റ് ആന്റ് സയന്‍സ് ഫെസ്റ്റ്, കാര്‍ഷിക ഫിലിംഫെസ്റ്റ്, കാര്‍ണിവല്‍, വിപണന മേള, ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്‍, വൃക്ഷത്തൈ വിതരണം, വിത്ത് വിതരണം തുടങ്ങിയവ മേളയുടെ ഭാഗമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
മേളയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചിരുന്നു. വിപുലമായ യോഗം നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് മാനന്തവാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടത്താനും ഇന്നലെ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ മേലധ്യക്ഷന്മാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

 

Latest