Connect with us

Articles

ഉപദേശിക്കാനെന്തു സുഖം

Published

|

Last Updated

നിങ്ങള്‍ക്കൊരു രോഗം വന്നു. പ്രമേഹം അല്ലെങ്കില്‍ പ്രഷര്‍. ബുദ്ധിമുട്ടുകള്‍ അലട്ടിയപ്പോള്‍ ചികിത്സ ആരംഭിച്ചു. ചികിത്സക്ക് സാമാന്യം നല്ല ഫലം. അപ്പോഴാണ് ഉപദേശി പ്രത്യക്ഷപ്പെടുന്നത്. അയാള്‍ ബസിലെ സഹയാത്രികനോ വിവാഹ സദ്യയിലെ സഹഭോജിയോ ആകാം. എന്തെങ്കിലും സംസാരത്തിനിടെ നിങ്ങളുടെ രോഗം ശ്രദ്ധയില്‍ പെടുമ്പോള്‍ ഉപദേശം ആരംഭിക്കുകയായി. നിങ്ങള്‍ക്ക് പിടിപെട്ടത് മാരകരോഗമാണെന്ന് ഓര്‍മ വേണം. ശരിക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ഈ രോഗത്തിന് നിങ്ങള്‍ ഇപ്പോള്‍ സമീപിച്ച ഡോക്ടര്‍ അത്ര പോര. എന്റെ പരിചയത്തില്‍ പ്രഗത്ഭനായ ഡോക്ടറുണ്ട്. അയാളെ സമീപിക്കുന്നതാണ് നല്ലത്. അലോപ്പതിയെക്കാള്‍ നല്ലത് നാടന്‍ ചികിത്സയാണ്. പഴങ്ങള്‍ തൊട്ടുപോകരുത്. പ്രഭാത സവാരി നാല് കിലോമീറ്ററില്‍ കുറയരുത്….. അങ്ങനെ നാല് ജന്മം ചെയ്താല്‍ പോലും തീരാത്ത ഉപദേശങ്ങള്‍. യഥാര്‍ഥത്തില്‍ നിങ്ങള്‍ അയാളോട് ഉപദേശം തേടിയിട്ടില്ല. അയാള്‍ ഈ വിഷയത്തില്‍ പ്രഗത്ഭനുമല്ല. പക്ഷേ, ഉപദേശം ഗംഭീരം.
സുഖാന്വേഷണത്തിന് മനുഷ്യന്‍ പല വഴികള്‍ കണ്ടെത്തുന്നു. ഭക്ഷണം, വിശ്രമം, ലൈംഗികത, കളി, വിനോദം, യാത്ര അങ്ങനെ പലതും. എന്നാല്‍ ചിലര്‍ക്ക് അതൊന്നുമല്ല ആനന്ദദായകം. അവര്‍ ഇങ്ങനെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. തികച്ചും അനാവശ്യവും അര്‍ഥശൂന്യവുമായ ഉപദേശങ്ങള്‍ അനവസത്തിലങ്ങനെ നല്‍കിക്കൊണ്ടിരിക്കും. അത് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നോ അത് പറയാന്‍ പറ്റുന്ന സദസ്സാണോ ഉപദേശത്തിന് താന്‍ അര്‍ഹനാണോ എന്നൊന്നും ഒരു നോട്ടവുമില്ല. ഉപദേശം വഴി വിട്ട് പ്രവഹിക്കും.
ഒരു പരീക്ഷയില്‍ നിങ്ങള്‍ ഉന്നത വിജയം നേടിയെന്ന് കരുതുക. നിങ്ങളുടെ താത്പര്യത്തിനൊത്ത തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുത്ത് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത വിജയത്തിന് നിങ്ങള്‍ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. കഠിനമായ ലക്ഷ്യബോധത്തോടെ നിരന്തര അധ്വാനം. അപ്പോള്‍ ഉപദേശി പ്രത്യക്ഷപ്പെടുന്നു. അയാള്‍ തുടങ്ങുകയായി…. നിങ്ങള്‍ ഈ കോഴ്‌സ് കൂടി പഠിക്കണം. നിങ്ങള്‍ക്ക് നല്ലത് ഇപ്പോഴുള്ള ജോലിയല്ല. അധ്വാനഭാരം കുറവും ശമ്പളം കൂടുതലുമുള്ള ജോലി ഞാന്‍ പറയാം. നിങ്ങള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ ശ്രമിക്കണം. വിദേശത്ത് ഈ ജോലിക്ക് നല്ല ഡിമാന്റാണ്.
ഇയാളൊന്ന് നിര്‍ത്തിക്കിട്ടിയാല്‍ എന്ന് നാം ആലോചിക്കുന്നു. ഇതുപോലെ നമ്മെക്കുറിച്ചും ആളുകള്‍ കരുതുന്നുണ്ടാകില്ലേ? അമിതമായ സംസാരം ആരും ഇഷ്ടപ്പെടില്ല. ഓരോരുത്തര്‍ക്കും “റോള്‍” ഇല്ലാത്തതില്‍ ചാടിക്കയറി അഭിപ്രായം പറയരുത്.
കല്യാണ വീടുകള്‍ ഇത്തരക്കാരുടെ വിഹാര കേന്ദ്രമാണ്. “ഇപ്പോഴത്തെ സമ്പ്രദായമനുസരിച്ച് കോഴി പൊരിച്ചതിനൊപ്പം കോഴി മുട്ടയും വെക്കണം. സത്കാരത്തിന് നൂറില്‍ കുറഞ്ഞ ആളുകള്‍ വരാറില്ല. പെണ്ണിന് പോകാന്‍ ബി എം ഡബ്ല്യു തന്നെയാണ് വേണ്ടത്. ആണിനും പെണ്ണിനുമിടയില്‍ മറയിടുന്നത് ഇക്കാലത്ത് ശരിയല്ല…
ഒരാള്‍ ഒരു വാഹനം വാങ്ങി. അയാള്‍ വഴിയില്‍ ഉപദേശിയെ കണ്ടു. വാഹനം നിര്‍ത്തി അയാളെ സ്‌നേഹത്തോടെ അതില്‍ കയറ്റി. അപ്പോഴേക്കും തുടങ്ങുകയായി കക്ഷി,… ഈ വണ്ടിയേക്കാള്‍ നല്ലത് അല്‍പ്പം ഉയരം കൂടിയതാണ്. ഇതില്‍ രണ്ട് സീറ്റ് കൂടെ അധികം വേണം. ഈ മോഡല്‍ എല്ലായിടത്തും ഒഴിവാക്കുയാണ്. എന്തിന് ഡീസല്‍ വണ്ടി വാങ്ങി? മെയിന്റനന്‍സ് കൂടുതലാണ്. ഇത് വിറ്റ് ഒരു പെട്രോള്‍ കാര്‍ വാങ്ങണം. ഇനി അയാളൊരു കാറെടുത്തു. ലിഫ്റ്റ് ചോദിച്ചുവന്നവന് ലിഫ്റ്റ് കൊടുത്തു. അവിടെയും ഉപദേശമാണ്. വണ്ടിക്ക് കൈ കാണിക്കേണ്ടത് നിങ്ങള്‍ കാണിച്ചതുപോലെയല്ല. വാതിലടക്കുമ്പോള്‍ പതുക്കെ അടക്കണം. നിങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു വണ്ടി അത്യാവശ്യമാണ്…. ചിലരുടെ ഉപദേശം അസഹ്യവും കേള്‍ക്കുന്നവരെ മുറിപ്പെടുത്തുന്നതുമാകാറുണ്ട്. അത് ചിലപ്പോള്‍ ശക്തമായ മറുപടിക്ക് കാരണവുമാകാം. വൃദ്ധരായ മാതാപിതാക്കളെ രോഗാവസ്ഥയില്‍ കഴിയുന്നതിലുപരിയായി പരിപാലിക്കുന്ന വീട്. അവിടെ ഒരാളെത്തുന്നു. പിന്നെ മക്കള്‍ക്കുള്ള നിര്‍ദേശങ്ങളാണ്. വര്‍ഷങ്ങളായി ആ മാതാപിതാക്കളെ ക്ഷമയോടെ പരിചരിക്കുന്നവരോട് ഇപ്പോള്‍ കയറിവന്ന് ആധികാരിക നിലയിലാണ് ഉപദേശം വിളമ്പുന്നത്. കിടത്തേണ്ടതെങ്ങനെ? കൊടുക്കേണ്ട ഭക്ഷണമെങ്ങനെയായിരിക്കണം? കാണിക്കേണ്ട ഡോക്ടറാര്? ഇതൊക്കെ അവിടെ ചെയ്തുവരുന്നതാണ്. പിന്നെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങളും. ഇവര്‍ ചെയ്തതൊന്നും പോരെന്ന വ്യംഗമായ സൂചനയാണല്ലോ ബുദ്ധിമുട്ടിയും മാതാപിതാക്കളെ പരിചരിക്കുന്ന ബന്ധുക്കളോടുള്ള ഈ വര്‍ത്തമാനങ്ങളെല്ലാം. ഇത്തരം സംസാരങ്ങള്‍ ചിലപ്പോള്‍ മനുഷ്യരുടെ ക്ഷമ കെടുത്തില്ലേ? ചിലപ്പോള്‍ തിരിച്ച് നല്ല വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടി വരില്ലേ?
ഇതുപോലെ അനേകം പേരെ നാം കണ്ടുമുട്ടുന്നു. ഇത്തരക്കാരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ നമുക്ക് ബോധ്യമാകും. തന്നെക്കാള്‍ വിവരമുള്ളവര്‍ വേറെയില്ലെന്നാണ് അവരുടെ ചിന്ത. ഏതെങ്കിലും വിഷയത്തില്‍ അവഗാഹം നേടിയവരാണ് ഇത്തരക്കാരെങ്കില്‍ ലോകത്ത് അയാളുടെ വിഷയം മാത്രമേ നല്ലതുള്ളൂ എന്നും മറ്റുള്ളവര്‍ക്കൊന്നും ലോകം തിരിഞ്ഞിട്ടില്ലെന്നും അയാള്‍ കരുതുന്നുണ്ടാകണം.
താന്‍ ചിന്തിക്കുന്നതുപോലെ മാത്രമേ മറ്റുള്ളവര്‍ ചിന്തിക്കാവൂ എന്ന വിചാരം അയാളെ അടക്കിവാഴുന്നു. താന്‍ നിര്‍ദേശിച്ച കാര്യം ചെയ്തില്ലെങ്കില്‍ അവര്‍ക്ക് അപകടങ്ങള്‍ വരണമെന്നും അയാള്‍ പരാജയപ്പെടണമെന്നും ആഗ്രഹിക്കുക മാത്രമല്ല, ആ ദുരന്തം കണ്ടാസ്വദിക്കാനുള്ള അവസരം വരണമെന്ന് അയാള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
ജീവിതത്തില്‍ പരാജയങ്ങളും അസംതൃപ്തികളും ധാരാളം അനുഭവിക്കുന്നവരായിരിക്കും ഇത്തരം ഉപദേശികളില്‍ പലരും. അക്കാര്യങ്ങള്‍ മറച്ചുവെക്കാനും മറ്റുള്ളവരുടെ പരാജയങ്ങളില്‍ നിര്‍വൃതി കൊള്ളാനുമാണ് ഈ ഉപദേശങ്ങള്‍. വിമര്‍ശനാത്മക വിലയിരുത്തലോ നന്മ കാംക്ഷിച്ചുള്ള വാക്കുകളോ അല്ല അവരില്‍ നിന്ന് വരുന്നത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കണമെന്ന് ബോധപൂര്‍വം കരുതി ഉപദേശിക്കുന്നവര്‍ പോലുമുണ്ട്.
ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നവര്‍ക്ക് പോലും സന്ദേഹങ്ങളുണ്ടാകാന്‍ ഈ “സദുപദേശങ്ങള്‍” കാരണമാകുന്നു. പലരുടെയും മനക്കരുത്ത് നഷ്ടപ്പെടുന്നു. പല പ്രയോഗങ്ങളും മനസ്സിനെ മുറിപ്പെടുത്തും. ഉറച്ച മനസ്സില്ലാത്തവരാണ് ഈ ഉപദേശത്തിന് വിധേയരാകുന്നതെങ്കില്‍ അയാള്‍ കൂടുതല്‍ വിഷമവൃത്തത്തിലാകുന്നു. ഇത്തരം ബോറന്മാരാകുന്നുണ്ടോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാതിരിക്കുക. നമ്മുടെ ഉപദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നേരിയെ ഗുണഫലമെങ്കിലും ഉണ്ടാകണം. വിപരീതഫലമുണ്ടാകുന്നിടത്ത് മൗനമാണുത്തമം. ഇതിനര്‍ഥം സാമൂഹിക പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാതെ തന്നിലേക്കൊതുങ്ങിക്കൂടണമെന്നല്ല , തെറ്റ് കണ്ടാല്‍ തിരുത്തരുതെന്നുമല്ല ; അനാവശ്യ കാര്യങ്ങളില്‍ ചാടിക്കയറുന്നത് ഒഴിവാക്കണമെന്നാണ്.

Latest