Connect with us

Editorial

പെരുകുന്ന വെടിമരുന്ന് ദുരന്തങ്ങള്‍

Published

|

Last Updated

വെടിമരുന്നപകടങ്ങള്‍ രാജ്യത്ത് വര്‍ധിച്ചിരിക്കയാണ്. മൂന്ന് ദിവസത്തിനിടെ ആന്ധ്രയിലും രാജസ്ഥാനിലുമായി നടന്ന രണ്ട് അപകടങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 24 ജീവിതങ്ങള്‍ വെന്തെരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാജസ്ഥാനിലെ ബാര്‍മര്‍ ബലോത്രയിലെ പടക്ക വില്‍പ്പനശാലക്ക് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചത്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ പടക്ക നിര്‍മാണ ശാലയില്‍ ഈ മാസം 19നാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ മരിക്കുകയും പതിമൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 16ന് തമഴ്‌നാട്ടിലെ കൂടല്ലൂരിന് സമീപം അനുരാഗപുരത്ത് വെടിമരുന്നു കൂട്ടുന്നതിനിടെ തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയക്കം മൂന്ന് തൊഴിലാളികള്‍ മരിച്ചു. മൂന്ന് കുടിലുകളും കത്തിനശിച്ചു. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ അലിബാഗില്‍ കഴിഞ്ഞ ഫെബ്രുവരി 27ന് നടന്ന പടക്ക നിര്‍മാണ ശാലാ അപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു ലക്‌നോവിലെ സിസെന്ദി ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ ശാലക്ക് തീപ്പിടിച്ചു ജോലിയിലേര്‍പ്പെട്ടിരുന്ന അഞ്ച് തൊഴിലാളികള്‍ മരിച്ചത് കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു. 2012 സെപ്തംബര്‍ അഞ്ചിന് ശിവകാശിയില്‍ പടക്ക നിര്‍മാണത്തിനിടയിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ 50ലേറെ പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

ദീപാവലി, വിഷു പോലുള്ള ഉത്സവ സീസണുകളിലാണ് അപകടങ്ങള്‍ ഏറെയുമുണ്ടാകുന്നത്. ഉത്സവ സീസണിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് വന്‍തോതില്‍ പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെ സുരക്ഷാ സംവിധാനങ്ങളും മാനദണ്ഡങ്ങളും അവഗണിക്കുന്നതാണ് കാരണം. രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ പടക്ക നിര്‍മാണ ശാലകളില്‍ ജോലി ചെയ്യുന്നുണ്ട്. പടക്കങ്ങളുടെ ഉത്സവപ്പറമ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിവകാശിയിലാണ് ഇവരിലേറെയും. കണ്ണില്‍ ചോരയില്ലാത്ത മുതലാളിമാരുടെ ലാഭേച്ഛയില്‍ ഈ ഫാക്ടറികളില്‍ തൊഴിലെടുക്കുന്നവരുടെ ജീവന് ഒരു വിലയും കല്‍പിക്കാറില്ല. ഒരു ലൈസന്‍സിക്ക് 15 കിലോഗ്രാം പടക്ക നിര്‍മാണത്തിനുള്ള സാമഗ്രികള്‍ മാത്രമേ സൂക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുള്ളു. എന്നാല്‍ ഉത്സവ സീസണില്‍ പല സ്ഥാപനങ്ങളിലും ടണ്‍കണക്കിന് അത്യന്തം പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാറുണ്ട്. പൊട്ടാസ്യം ക്‌ളോറേറ്റിന്റെ ഉപയോഗം പാടില്ലെന്ന നിയമവും വ്യാപകമായി ലംഘിക്കപ്പെടുന്നു. 2011ല്‍ പാലക്കാട് ജില്ലയിലെ ത്രാങ്ങാലിയില്‍ 11 പേര്‍ വെന്തു മരിക്കാനിടയായ അപകടത്തോടനുബന്ധിച്ചു അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു ലോഡ് പൊട്ടാസ്യം ക്‌ളോറേറ്റ് പിടിച്ചെടുത്തിരുന്നു. ബാലവേലാ നിരോനത്തിനും ഇവിടെ പുല്ലുവിലയാണ്. ലൈസന്‍സുള്ള 750ലേറെ പടക്ക നിര്‍മാണ യൂനിറ്റുകളും ലൈസന്‍സില്ലാത്ത നൂറുകണക്കിന് വേറെയും പ്രവര്‍ത്തിക്കുന്ന ശിവകാശിയില്‍ മാത്രം 40,000ത്തോളം കുട്ടികള്‍ പടക്ക നിര്‍മാണ ജോലികളിലേര്‍പ്പെടുന്നുണ്ടെന്നാണ് കണക്ക്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചകളാണ് ദുരന്തങ്ങള്‍ക്ക് മറ്റൊരു കാരണം. കര്‍ക്കശമായ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് പടക്കനിര്‍മാണ ശാലകള്‍. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്ഥാപനങ്ങള്‍ ഇടക്കിടെ പരിശോധിക്കണമെന്നും ലൈസന്‍സിയുടെ ഓരോ മാസത്തെയും പടക്ക നിര്‍മാണം, വില്‍പ്പന, ധനവിനിയോഗ രേഖകള്‍ എന്നിവ പരിശോധിച്ചു പൊലീസ് റൊക്കോര്‍ഡില്‍ രേഖപ്പെടുത്തണമെന്നും ചട്ടമുണ്ട്. സി ഐമാരുടെ പ്രവര്‍ത്തനം ഡി വൈ എസ് പിമാര്‍ മൂന്നുമാസത്തിലൊരികല്‍ വിലയിരിത്തുകയും കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇത്തരം പരിശോധനകളൊന്നും പക്ഷേ കൃത്യമായി നടക്കുന്നില്ല. പരിശോധനകളില്‍ ക്രമക്കേടുകളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും കണ്ടാല്‍ തന്നെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അതിന് നേരെ കണ്ണടക്കുകയും ചെയ്യുന്നു. “ശിവകാശിയില്‍ പോലിസ്, കോടതി, നിയമം, ഭരണം, ഉദ്യോഗസ്ഥര്‍ എല്ലാം നിയന്ത്രിക്കുന്നത് പടക്കക്കമ്പനി ഉടമകളാണെന്നും അവര്‍ പറയുന്നതിനപ്പുറം ഇവിടെ നിയമമില്ലെ”ന്നുമാണ് സ്ഥലത്തെ ഒരു ട്രേഡ് യൂനിയന്‍ നേതാവ് പറഞ്ഞത്.
കേരളത്തിലുമുണ്ട് ലൈസന്‍സില്ലാതെയും നിയമ വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ ശാലകള്‍. അടുത്തിടെ ദശമംഗലം. തുറവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ സൂക്ഷിച്ച വന്‍ സ്‌ഫോടക ശേഖരം പിടികൂടിയിരുന്നു. നിയമപരമായ അളവിനെക്കാളും 40 ഇരട്ടിയോളം സ്‌ഫോടകവസ്തുക്കളായിരുന്നു ദേശമംഗലത്ത് ഭാരതപ്പുഴയുടെ സമീപം പ്രവര്‍ത്തിച്ചിരുന്ന പടക്ക സ്ഥാപനത്തില്‍ നിന്ന് പിടികൂടിയത്. ഇത്തരം പരിശോധനകള്‍ നാമമാത്രമായേ നടക്കുന്നുള്ളു.തക്ക സമയങ്ങളില്‍ പരിശോധന നടത്തുന്നത് ഉള്‍പ്പെടെ നിയമപാലകര്‍ കാര്യക്ഷമത പുലര്‍ത്തുകയും വഴിവിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തടയിടുകയും ചെയ്താല്‍ പടക്ക ദുരന്തങ്ങള്‍ക്ക് ഏറെക്കറെഅറുതി വരുത്താനാകും.