Connect with us

National

മഹാരാഷ്ട്രയില്‍ ദളിത് കുടുംബത്തെ വെട്ടിക്കൊന്ന് കൃഷിപ്പാടത്ത് തള്ളി

Published

|

Last Updated

DALITപൂനെ: മൂന്നംഗ ദളിത് കുടുംബത്തെ കൂട്ടക്കൊല ചെയ്ത് വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ അവരുടെ പാടത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുതള്ളി. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ അഹ്മദ് നഗര്‍ ജില്ലയിലാണ് സംഭവം. 21ന് അര്‍ധരാത്രിയാണ് സഞ്ജയ് ജാധവ് (42), ഭാര്യ ജയശ്രീ (38), മകന്‍ സുനില്‍ (19) എന്നിവര്‍ കൊല്ലപ്പെട്ടത്.

സവര്‍ണ ജാതിക്കാരിയും വിവാഹിതയുമായ വീട്ടമ്മയുമായി ജാധവ് കുടുംബത്തിലെ ഒരംഗത്തിന് അവിഹിതബന്ധമുണ്ടായിരുന്നതായി നാട്ടില്‍ സംസാരമുണ്ട്. ഇതിന് പ്രതികാരമായാണ് മൂന്നംഗ ദളിത് കുടുംബത്തെ അതിപൈശാചികമായി വകവരുത്തിയതെന്നാണ് സൂചന. കല്‍പ്പണിക്കാരനായ സഞ്ജയ് ജാധവ് തന്റെ കുടുംബത്തിനൊപ്പം സ്വന്തം പാടത്തിനോട് ചേര്‍ന്ന താത്കാലികമായി നിര്‍മിച്ച കൂരയിലായിരുന്നു താമസിച്ചിരുന്നത്. മകന്‍ സുനില്‍ മുംബൈയിലെ ഗോരെഗാവില്‍ കോളജില്‍ ഡയറി സയന്‍സില്‍ ഡിപ്ലോമക്ക് പഠിക്കുകയായിരുന്നു. ദീപാവലി ആഘോഷിക്കാനാണ് സുനില്‍ വീട്ടില്‍ വന്നത്.
ഈ കുടുംബത്തെ കാണാനില്ലെന്ന് ചൊവ്വാഴ്ച ഫാമില്‍ ജോലിക്ക് വന്ന തൊഴിലാളികളാണ് പോലീസില്‍ അറിയിച്ചത്. ഫാമിന്റെ പല ഭാഗങ്ങളിലും രക്തം ഒഴുകിപ്പടര്‍ന്നതുകണ്ട് നടത്തിയ തിരച്ചിലിലാണ്, മൂന്ന് പേരുടെയും വെട്ടിനുറുക്കിയ ശരീര ഭാഗങ്ങള്‍ ഫാമിലെ കിണറ്റില്‍ നിന്നും മറ്റും കണ്ടെത്തിയതെന്ന് സഞ്ജയ് ജാധവിന്റെ മൂത്ത സഹോദരന്‍ ദിലീപ് ജാധവ് അറിയിച്ചു. സഞ്ജയിന്റെ വൃദ്ധമാതാ പിതാക്കള്‍ ജഗന്നാഥനും(75) മാതാവ് സഖാര്‍ ഭായിയും മകന്റെ കുടുംബത്തിന്റെ കൊലപാതകം സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല.
കൂട്ടക്കൊലയുടെ വിവരം പുറത്ത് വന്നതോടെ ദളിത് ഗ്രാമമായ ജാധവ്‌വാടിയില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത പോലീസ് സാന്നിദ്ധ്യത്തിലാണ് മുന്ന് പേരുടെയും ശവസംസ്‌കാരം നടത്തിയത്.
കൂട്ടക്കൊല നടത്തിയവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെന്ന് അഹമ്മദ് നഗര്‍ പോലീസ് സൂപ്രണ്ട് ലക്ഷ്മി ഗൗതം അറിയിച്ചു. ഈ വര്‍ഷമാദ്യം ദളിത് യുവാവിനെ തല്ലിക്കൊന്നപ്പോള്‍ പോലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് റിപ്പബ്ലിക്കന്‍ സേനയുടെ തലവന്‍ അനന്ദ് രാജ് അംബേദ്കര്‍ പറഞ്ഞു.
ദളിതുകള്‍ക്കെതിരെ നിരന്തരം അക്രമം നടക്കുന്ന പ്രദേശമാണ് അഹ്മദ്‌നഗര്‍. 2013 ജനുവരിയില്‍ മൂന്ന് ദളിത് യുവാക്കളെ കൂട്ടക്കൊല ചെയ്തിരുന്നു. തൂപ്പ് വേലക്കാരായി ജോലി ചെയ്തിരുന്ന ഇവരെ കൊല ച്‌യ്ത ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കുകയായിരുന്നു. സോനായി ഗ്രാമത്തിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സഞ്ജയ് ജാധവിന്റെയും കുടുംബത്തിന്റെയും കൂട്ടക്കുരുതി സംബന്ധിച്ച് സി ഐ ഡി അന്വേഷണം വേണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ദളിത് നേതാവുമായ രാംദാസ് അത്തവാലെ ആവശ്യപ്പെട്ടു.