Connect with us

Malappuram

ചേളാരി വിഭാഗത്തിന്റെ സുന്നീ വിരുദ്ധ നീക്കള്‍ക്കെതിരെ നാട്ടുകാര്‍; ചാലിശ്ശേരിയില്‍ സുന്നി മദ്‌റസ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

Chalissery Madrasa Inuaguaration

ചാലിശ്ശേരിയില്‍ അരംഭിച്ച സുന്നി മദ്‌റസയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സമസ്ത പട്ടാമ്പി താലൂക്ക് പ്രസിഡന്റ് കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ ചെരിപ്പൂര്‍ സംസാരിക്കുന്നു.

കൂറ്റനാട്: ചേളാരി വിഭാഗത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് നൂറോളം കുടുംബങ്ങള്‍ സുന്നി പ്രസ്ഥാനത്തില്‍ ചേര്‍ന്ന ചാലിശ്ശേരിയില്‍ സുന്നി മദ്‌റസ തുടങ്ങി. മഹല്ല് കമ്മിറ്റിയിലെ സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് സുന്നി പ്രവര്‍ത്തകരായ ജീവനക്കാര്‍ക്കെതിരെയുള്ള വിഭാഗീയ നീക്കങ്ങളാണ് ഇതോടെ പരാജയപ്പെട്ടത്. പുത്തന്‍വാദികളായ വഹാബികള്‍ക്ക് വരെ പ്രവര്‍ത്തിക്കാന്‍ അവസരവും അനുകൂല സാഹചര്യവും സൃഷ്ടിക്കുന്ന ഇവര്‍ സുന്നീ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം വര്‍ഷങ്ങളായി തുടരുകയായിരുന്നു. അതിന്റെ ഭാഗമായാണ് ചാലിശ്ശേരി സെന്‍ട്രല്‍ മഹല്ലിന്റെ നിയന്ത്രണത്തിലുള്ള ഖദീജ മന്‍സില്‍ ജുമാ മസ്ജിദില്‍ 6 വര്‍ഷത്തോളമായി ഖത്ത്വീബായി സേവനമനുഷ്ഠിക്കുന്ന മുസ്തഫ ലത്ത്വീഫിയെ കാരണം കാണിക്കാതെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടതിന്റെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രണ്ടു തവണ മഹല്ല് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്തുകള്‍ ചര്‍ച്ച ചെയ്യാന്‍ പോലും മഹല്ല് കമ്മിറ്റിയിലെ ചേളാരി ലോബി തയ്യാറായില്ല. മതപ്രബോധനരംഗത്തും സേവനരംഗത്തും സജീവമായിരുന്ന മുസ്തഫ ലത്ത്വീഫിയെ ഒഴിവാക്കുന്നതിലൂടെ നാട്ടിലെ സുന്നീചലനങ്ങള്‍ക്ക് തടയിടാമെന്നായിരുന്നു ചേളാരി വിഭാഗം കണക്കുകൂട്ടിയിരുന്നത്. സങ്കുചിതമായ സംഘടനാ വിരോധത്തിന്റെ പേരില്‍ നല്ലരൂപത്തില്‍ പ്രവര്‍ത്തിക്കുന്ന മതസ്ഥാപനത്തെ തകര്‍ക്കാനുള്ള ഈ നീക്കം ജനങ്ങള്‍ ചോദ്യം ചെയ്തു. ചാലിശ്ശേരി സെന്‍ട്രല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചേളാരി വിഭാഗക്കാരായ ചിലരുടെ തെറ്റായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്.
ചാലിശ്ശേരിയില്‍ ഇസ്ലാമിക പ്രവര്‍ത്തനരംഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ യൂണിറ്റിന് രൂപം നല്‍കിയിട്ടുണ്ട്. ഐക്യത്തിനും നന്മക്കും പ്രചോദനം നല്‍കേണ്ട മഹല്ല് കമ്മിറ്റികളെ ദുരുപയോഗം ചെയ്ത് വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
യൂനിറ്റ് എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മദ്‌റസയുടെ ഉദ്ഘാടനം സമസ്ത പട്ടാമ്പി താലൂക്ക് പ്രസിഡന്റ് കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ ചെരിപ്പൂര്‍ നിര്‍വഹിച്ചു. സയ്യിദ് അലവി തങ്ങള്‍ ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി സി. ഒ. ഒ. ഇ വി അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് മേഖലാ പ്രസിഡന്റ് അബ്ദുറസാഖ് സഅദി ആലൂര്‍, എസ്.എസ്.എഫ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ സഖാഫി കൂടല്ലൂര്‍, സഫാരി മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു. കുഞ്ഞിപ്പ ഞാലില്‍ സ്വാഗതവും അബ്ദുല്ലത്ത്വീഫ് ബദ്‌രി നന്ദിയും പറഞ്ഞു.