Connect with us

Gulf

'യോഗ്യതയുള്ള എല്ലാവരും സൈനിക സേവനത്തിന് തയ്യാറാവണം'

Published

|

Last Updated

അബുദാബി: ശാരീരികമായി യോഗ്യതയുള്ള എല്ലാവരും രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി യുവാക്കള്‍ക്കുള്ള നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കാളികളാവണമെന്ന് നാഷനല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് അതോറിറ്റി (എന്‍ ആര്‍ എസ് എ) ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍.

സൈനിക സേവനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി അടുത്ത മാസം ആറാണ്. അതിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശൈഖ് അഹമ്മദ് മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഉപേക്ഷവരുത്തുന്നവര്‍ക്കെതിരെ ഫെഡറല്‍ നിയമത്തില്‍ തടവും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 10,000 മുതല്‍ 50,000 വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ ശിക്ഷാ കാലവധി അവസാനിക്കുകയും പിഴ ഒടുക്കുകയും ചെയ്ത ശേഷവും ഇത്തരക്കാര്‍ സൈനിക സേവനം നടത്തേണ്ടി വരും. സമയ പരിധി അവസാനിച്ച ശേഷം രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ പട്ടിക തയ്യാറാക്കിയാവും നിയമ നടപടി കൈക്കൊള്ളുക.
18നും 30നും ഇടയില്‍ പ്രായമുള്ള ശാരീരികമായി യോഗ്യതയുള്ള എല്ലാവരും നിര്‍ബന്ധിത സൈനിക സേവനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമോ സമൂഹത്തിലെ പദവിയോ, വ്യക്തിപമായ പ്രശ്‌നങ്ങളോ മാനദണ്ഡമല്ല. എന്നാല്‍ രാഷ്ട്രത്തിനായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സൈനിക സേവനം നീട്ടിവെക്കാന്‍ അനുമതി നല്‍കാന്‍ സ്ഥാപന ഉടമക്കായിരിക്കും അധികാരമെങ്കിലും ഇത് എന്‍ ആര്‍ എസ് എയുടെ കര്‍ശനമായ സൂക്ഷ്മപരിശോധനക്ക് ശേഷമായിരിക്കും പരിഗണിക്കുക. ചില പ്രത്യേക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമത്തില്‍ സമയം നീട്ടി നല്‍കുന്നത് ഉള്‍പ്പെടെയുള്ളവ അനുവദിക്കും. സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ സൈനിക സേവനം അനുഷ്ഠിക്കുന്നതിനായി എന്‍ ആര്‍ എസ് എ ചര്‍ച്ച നടത്തും. അതേ സമയം രണ്ടാം ബാച്ചില്‍ സൈനിക സേവനത്തിന് തയ്യാറായി ധാരാളം യുവതികള്‍ രംഗത്തെത്തിയതായും ശൈഖ് അഹമ്മദ് വ്യക്തമാക്കി.
രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധിതമാക്കികൊണ്ടുള്ള ഫെഡറല്‍ നാഷനല്‍ കൗസില്‍ നിയമത്തിന് യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ജൂണിലാണ് അംഗീകാരം നല്‍കിയത്. യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ആവശ്യമാണെന്ന് ഫെഡറല്‍ നാഷനല്‍ കൗസില്‍ കരട് നിയമം അവതരിപ്പിക്കുകയും പാസാക്കിയ ശേഷം അന്തിമ അനുമതിക്കായി പ്രസിഡന്റിന് സമര്‍പ്പിക്കുകയുമായിരുന്നു. സെക്കണ്ടറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടുകയോ അല്ലെങ്കില്‍ 18 വയസ് പൂര്‍ത്തിയാവുകയോ ചെയ്യുന്ന മുറക്കാണ് സൈനിക സേവനം നിര്‍ബന്ധമാവുകയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
യുവതികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സൈനിക സേവനത്തിന് മുന്നോട്ടു വരാമെന്നും നിര്‍ബന്ധിക്കില്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി ആറു മാസം കഴിയുന്നതോടെ നിയമം നടപ്പാക്കി തുടങ്ങുമെന്നും ജൂണില്‍ വിശദീകരിച്ചിരുന്നു.
സൈനിക സേവനം പൂര്‍ത്തിയാക്കുന്ന യുവാക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് പ്രത്യേക പരിഗണന ലഭിക്കും. കല്ല്യാണത്തിനായി ഗ്രാന്റ്, വീടുപണിയാന്‍ ഭൂമി എന്നിവയും ആനുകുല്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ ശക്തി പ്രാപിക്കുന്ന അവസരത്തിലാണ് യുവാക്കള്‍ക്ക് നിര്‍ബന്ധ സൈനിക സേവനം നടപ്പാക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ സൈനിക സേവനത്തിന് പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

 

Latest