Connect with us

Kozhikode

അവരെത്തുന്നു; അറിവിന്റെ താഴ്‌വാരം തേടി...

Published

|

Last Updated

>> മര്‍കസ് നോളജ് സിറ്റിയിലേക്ക് സന്ദര്‍ശന പ്രവാഹം

കോഴിക്കോട്: ‘ജ്ഞാനികളുടെ പറുദീസയാവാനിരിക്കുന്ന നോളജ് സിറ്റി കഴിഞ്ഞ ദിവസം പോയികണ്ടു. കോടമഞ്ഞ് പുതപ്പിട്ട താമരശ്ശേരി ചുരത്തിന്റെ താഴ്‌വാരം. നാലു ഭാഗവും മലനിരകളാല്‍ നയന മനോഹരം. വിശാലമായ പച്ചപ്പ്. വരാനിരിക്കുന്ന യൂനാനി മെഡിക്കല്‍ കോളജിന്റെ നാലുനിലകള്‍ ഉയര്‍ന്നുകഴിഞ്ഞു. ലോ കോളജ് വര്‍ക് പുരോഗമിക്കുന്നു. അപ്പാര്‍ട്ട്‌മെന്റ് വര്‍ക്ക് തകൃതിയായി നടക്കുന്നു. ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സൈറ്റ് പ്രതലമാക്കി വര്‍ക്ക് തുടങ്ങാനിരിക്കുന്നു. ജ്ഞാനത്തിന്റെ കൈമാറ്റത്തില്‍ ലോകത്തിന് മുന്നില്‍ എഴുന്നു നില്‍ക്കാന്‍ ഈ പദ്ധതിക്കാകട്ടെ.’ -എം സി ജെ വിദ്യാര്‍ത്ഥിയായ മഞ്ചേരി സ്വദേശി സലീം യൂനൂസ് നോളജ് സിറ്റിയില്‍ നിന്നുള്ള ഫോട്ടോയോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചതാണീ വരികള്‍.
****** ***** ******
കോടമഞ്ഞ് പുതച്ച താമരശ്ശേരി ചുരത്തിന്റെ താഴ്‌വാരം, ഇക്കോ ടൂറിസത്തിന്റെ മനോഹാരിതയൊഴുകുന്ന തുഷാരഗിരി, മലമുകളില്‍ നിന്ന് വഴിഞ്ഞൊഴുകുന്ന വെള്ളക്കെട്ടിന്റെ അരിപ്പാറ, കുത്തൊഴുക്കുകള്‍ക്കിടയില്‍ സാഹസികത തീര്‍ക്കുന്ന ഇലവഞ്ഞിപ്പുഴ, ചാലിപ്പുഴ. പ്രകൃതിയുടെ സുന്ദരമായ ഈ കാഴ്ചകള്‍ക്കിടയിലാണ് മലനിരകളാല്‍ ചുറ്റപ്പെട്ട മര്‍കസ് നോളജ് സിറ്റി. സന്ദര്‍ശകരൊഴുകുന്ന പുതിയ താഴ്‌വാരം. ചുരം വളവിലെ മുകള്‍കാഴ്ചകളില്‍ പച്ചപ്പുകള്‍ക്കിടയില്‍ ഒരു കൊച്ചുതുരുത്തായി മാറിയ വിജ്ഞാനത്തിന്റെ താഴ്‌വാരം അറിവിന്റെയും
ആസ്വാദനത്തിന്റെയും പുതിയ കാഴ്ചയൊരുക്കുകയാണ്. കുന്നിന്‍ ചെരുവില്‍ വിദ്യയുടെ വിളക്കുകത്താനിരിക്കുന്ന മര്‍കസ് നോളജ് സിറ്റി ദിനേന സന്ദര്‍ശിക്കുന്നത് നൂറുകണക്കിനാളുകളാണ്.
നളന്ദയും തക്ഷശിലയും ബാഗ്ദാദും സ്‌പെയിനുമെല്ലാം വൈജ്ഞാനിക നാഗരികതകളുടെ പൗരാണിക ഈറ്റില്ലങ്ങളായിരുന്നുവെന്നത് പഠിച്ചുവെച്ച ചരിത്രപാഠം. എന്നാല്‍, പുതുകാലത്ത് വിശ്വമെങ്ങുമുള്ള അറിവന്വേഷകര്‍ക്കായി ഒരു കൊച്ചുപട്ടണം പണിതുയര്‍ത്തുമ്പോള്‍ ആ ചരിത്രനിര്‍മിതിയില്‍ നേര്‍സാക്ഷികളാവാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആവേശപൂര്‍വ്വം കടന്നുവരുന്നു. വയനാട്ടിലേക്കും ഊട്ടിയിലേക്കുമുള്ള പഠനയാത്രക്കിടയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള സംഘങ്ങളും അറിവിന്റെ ഈ താഴ്‌വാരം തേടിയെത്തുന്നുണ്ട്. കൊച്ചുകൂട്ടുകാരുടെ കൂട്ടങ്ങളെത്തുമ്പോള്‍ ഇവിടം കളകളാരവം നിറഞ്ഞ കലാലയമുറ്റമാകും. നോളജ് സിറ്റി ജീവനക്കാര്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ ആ കുഞ്ഞുമുഖങ്ങളില്‍ വിസ്മയത്തിന്റെ നുണക്കുഴികള്‍ വിടരും. ദര്‍സുകളില്‍ നിന്നും ദഅ്‌വാ കോളജുകളില്‍ നിന്നുമുള്ള സിയാറത്ത് – പഠന യാത്രികരും ഇവിടെസന്ദര്‍ശിച്ചാണ് മടങ്ങുന്നത്. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസിമലയാളികളും ഈ സ്വപ്ന പദ്ധതി കാണാനും പങ്കാളികളാകാനുമെത്തുന്നു. കുടുംബസമേതം എത്തുന്നവരും ഏറെയാണ്.
പദ്ധതിയെ അടുത്തറിയാനെത്തുന്നവരില്‍ അന്തര്‍ദേശീയ പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളുമുണ്ട്. അഫ്ഘാനില്‍ ജനിച്ച് വര്‍ഷങ്ങളായി ബംഗ്‌ളുരു കേന്ദ്രമായി ബഹുമുഖ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. മജീദ് എ എ സബ അടുത്തിടെ നോളജ് സിറ്റി സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞത് ലോകത്തിലെ പ്രശസ്തങ്ങളായ അനേകം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള താന്‍ ഇത്രയും മനോഹരമായ ഒന്ന് വേറൊരിടത്തും കണ്ടിട്ടില്ല എന്നാണ്. ശുദ്ധവായുവിന്റെയും ജലത്തിന്റെയും ലഭ്യതയും ശാന്തവും മനോഹരവുമായ പ്രകൃതിയും തുടങ്ങി അനുകൂല ഘടകങ്ങളാണ് ഏവരെയും ആകര്‍ഷിക്കുന്നത്.
കാലത്ത് 7.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിച്ചിച്ചിട്ടുള്ള സമയം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചതോടെ സന്ദര്‍ശകരുടെ ബാഹുല്യം വര്‍ദ്ധിച്ചിട്ടുണ്ട്. മര്‍കസ് സമ്മേളനം അടുത്തതോടെ സന്ദര്‍ശകര്‍ ഇനിയും വര്‍ധനവുണ്ടാകും. ഇതെല്ലാം പരിഗണിച്ച് നവംബര്‍ മുതല്‍ സന്ദര്‍ശന സമയം വൈകീട്ട് 6.30 വരെയാക്കുമെന്നും നോളജ് സിറ്റി അധികൃതര്‍ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന ദാര്‍ശനികനായ മതപണ്ഡിതന്റെ മഹത്തായ സ്വപ്നം ഒരു ജനതയുടെ തന്നെ സ്വപ്നമായും പ്രതീക്ഷയായും പരിണമിച്ചതിന്റെ നേര്‍സാക്ഷ്യമാണ് നോളജ് സിറ്റിയിലേക്കുള്ള സന്ദര്‍ശക പ്രവാഹം. അറിവിന്റെ നഗരപ്പിറവിയില്‍ പങ്കാളികളാകാന്‍ കൊതിച്ചെത്തുന്ന ആയിരങ്ങളുടെ നിറഞ്ഞ പിന്തുണയാല്‍ കേരളത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ നെറുകയിലെത്തിക്കാനുള്ള ഈ പ്രയാണത്തിന് കരുത്തേറുകയാണ്.

Latest