Connect with us

Malappuram

കാലിക്കറ്റ് വി സിക്കെതിരെ എം എസ് എഫ്

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിസിക്കെതിരെ എം എസ് എഫ് ജില്ലാ കമ്മിറ്റി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടത് വി സി വിഭാവനം ചെയ്യുന്ന കോടികളുടെ കാസ്‌ലാബല്ല മറിച്ച് അടിസ്ഥാന സൗകര്യങ്ങളാണെന്ന് എം എസ് എഫ് പ്രസ്താവനയില്‍ പറഞ്ഞു.
59 കോടി രൂപ വേണ്ടിവരുന്ന നിര്‍ദിഷ്ട കാസ്‌ലാബിന്റെ ഒന്നാം ഘട്ടത്തിന് തന്നെ 29 കോടിരൂപ വരും. യൂനിവേഴ്‌സിറ്റിയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും അനാവശ്യമാണ്. അഴിമതി മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് വി സി ഇതിനായി കോടികള്‍ ചെലവഴിക്കുന്നത്. ഈ നീക്കം വിദ്യാര്‍ഥി സമൂഹത്തോടുള്ള വഞ്ചനയാണ്.
അതേ സമയം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ സൗകര്യത്തിനായി തെരുവില്‍ മുറവിളികൂട്ടുന്ന കാഴ്ചയാണ് കാണുന്നത്. വിദ്യാര്‍ഥികളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നായ ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിക്കാനാവശ്യമായ യാതൊരു നടപടിയും യൂനിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. നിലവിലെ ഹോസ്റ്റലുകളില്‍ അനധികൃതമായി 70 ല്‍ പരം താമസക്കാര്‍ ഉണ്ടെന്ന് യൂനിവേഴ്‌സിറ്റി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായിട്ടും അവരെ പുറത്താക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഈ വിഷയത്തില്‍ ശക്തമായ നിലപാട് കൈകൊള്ളാത്ത പക്ഷം ഹോസ്റ്റല്‍ കൈയേറുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് എം എസ് എഫ് നേതൃത്വം നല്‍കും. അടിസ്ഥാനപരമായ കാര്യങ്ങളിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് വി സിക്കും ഉപജാപക സംഘത്തിനും താത്പര്യം. ഇനിയും ഇങ്ങനെ മുന്നോട്ട് പോവാനാണ് ഭാവമെങ്കില്‍ കൂടുതല്‍ ശക്തമായ പ്രത്യക്ഷ സമര പരിപാടികളുമായി എം എസ് എഫ് രംഗത്തുവരുമെന്നും ജില്ലാകമ്മിറ്റി മുന്നറിയിപ്പു നല്‍കി.
കാസ്‌ലാബിനുവേണ്ടി നീക്കിവെച്ച പണം റദാക്കുക, നിലവിലുള്ള ഹോസ്റ്റലുകളില്‍ കായിക വദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരേയും താമസിപ്പിക്കുക, അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കുക, പുതിയ ഹോസ്റ്റലുകള്‍ നിര്‍മിക്കാനാവശ്യമായ നടപടി കൈക്കൊളളുക എന്നീ ആവശ്യങ്ങളില്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റും സെനറ്റ് അംഗവുമായ എന്‍ എ കരീം ജനറല്‍സെക്രട്ടറി കെ എം ശാഫി അറിയിച്ചു.

Latest