Connect with us

Kozhikode

മകന്റെ ഭാര്യ തൂങ്ങിമരിച്ച സംഭവം: പിതാവിന്റെയും മാതാവിന്റെയും റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിച്ചു

Published

|

Last Updated

കോഴിക്കോട്: മകന്റെ ഭാര്യ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കരാട്ടെ ദിലീപിന്റെയും ഭാര്യ ജെയ്‌സിയുടേയും റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ ദിവസം പോലീസ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടിയത്.
അതിനിടെ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മകള്‍ ദില്‍നക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. ഇവര്‍ കേരളത്തിന് പുറത്താണുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
റിമാന്‍ഡിലായിരുന്ന ദിലീപിനേയും ഭാര്യയേയും അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യാനായി നേരത്തെ രണ്ട് ദിവസത്തേക്ക് കസ്റ്റഡില്‍ വാങ്ങിയിരുന്നു. ഒളിവില്‍ പോയ ഇരുവരും കുന്നമംഗലം ജുഡീഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ദിലീപിന്റെ മകന്‍ ദില്‍ജിത്തും റിമാന്‍ഡിലാണ്. ദില്‍ജിത്തിന്റെ ഭാര്യ മുട്ടാഞ്ചേരി പുതിയേടത്ത് രാജന്റെ മകള്‍ റാഹില (22) കഴിഞ്ഞ ആഗസ്റ്റ് അവസാനമാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് മരണമെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ദില്‍ജിത്ത്, പിതാവ് ദിലീപ്, മാതാവ് ജെയ്‌സി, മകള്‍ ദില്‍ന എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് ദില്‍ന ഒഴികെയുള്ളവര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജില്ലയിലെ ഒരു പ്രമുഖ സഹകരണ ബേങ്കിന്റെ വെസ്റ്റ്ഹില്‍ ശാഖയില്‍ ദില്‍ജിത്ത് റാഹിലയുടെ സ്വര്‍ണം പണയം വെച്ചിരുന്നു. ഇത് പോലീസ് കസ്റ്റഡിയിലെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.