Connect with us

Kozhikode

തീരദേശ നിയന്ത്രണ വിജ്ഞാപനത്തിനെതിരെ തീരദേശ വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: തീരദേശ മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സ്യ തൊഴിലാളി ഫെഡറേഷ (സി ഐ ടി യു) ന്റെ നേതൃത്വത്തില്‍ തീരദേശ വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
മത്സ്യ തൊഴിലാളികള്‍ക്ക് സമീപ ഭാവിയില്‍ വലിയ ദ്രോഹമായി മാറാന്‍ പോകുന്ന സര്‍ക്കാറിന്റെ പുതിയ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി തീരദേശ വാസികളുടെ ഉത്തരമേഖല കുടുംബ സംഗമം 31ന് ബേപ്പൂരില്‍ നടക്കും. സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തീരദേശ നിയന്ത്രണ വിജ്ഞാപന പ്രകാരം തീരദേശ വാസികള്‍ക്ക് വീട് വെക്കാനുള്ള അനുമതി നിഷേധിക്കുകയും പുതുക്കിപ്പണിയുന്നതിന് ഒട്ടേറെ വ്യവസ്ഥകള്‍ നിര്‍ദേശിക്കുകയാണ്. അതേസമയം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നിര്‍ലോഭം സഹായം നല്‍കുന്നുമുണ്ട്. വന്‍കിട ഹോട്ടലുകള്‍ക്കും ബീച്ച് റിസോട്ടുകള്‍ക്കും തീരദേശ മേഖലയില്‍ അനുമതി നല്‍കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.
പാരമ്പര്യേതര ഊര്‍ജം ഉത്പ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍, വിമാനത്താവളങ്ങള്‍, അണുശക്തി നിലയങ്ങള്‍, വന്‍കിട ഹൗസിംഗ് കോംപ്ലക്‌സുകള്‍ എന്നിവക്ക് തീരദേശ മേഖലയില്‍ പുതിയ വിജ്ഞാപന പ്രകാരം അനുമതി ലഭിക്കും. ഈ റിപ്പോര്‍ട്ട് ഭേദഗതി ചെയ്യണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.
കൂടാതെ ആഴക്കടലില്‍ മീന്‍ പിടിക്കുന്നതിന് വിദേശ കപ്പലുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, നിലവിലുള്ള ലൈസന്‍സ് കാലാവധി കഴിയുമ്പോള്‍ പുതുക്കാതിരിക്കുക, ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് മത്സ്യ തൊഴിലാളികളെ പ്രാപ്തരാക്കുക, മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.