Connect with us

National

പശ്ചിമബംഗാളില്‍ വിരമിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വീണ്ടും നിയമിക്കുന്നു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സര്‍വീസില്‍ നിന്ന് വിമരമിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സര്‍വീസില്‍ തിരികെ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചന. സമഗ്ര ആരോഗ്യനയം പുറത്തുവിട്ടു കൊണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ധനര്‍ക്ക് താങ്ങാവുന്ന രീതിയില്‍ സംസ്ഥാനത്തെ ആരോഗ്യമേഖല പരുവപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ ബെഡുകളും രോഗികള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. ഉയര്‍ന്ന ഫീസ് നല്‍കിയിരുന്ന സംവിധാനങ്ങളും ഇതോടെ സൗജന്യമായി ലഭ്യമാകും. ആശുപത്രികളില്‍ 2,000 ബെഡുകള്‍ കൂടി അനുവദിക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. സമഗ്ര ആരോഗ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ച് സര്‍ക്കാര്‍ ആശുപത്രികളും മൂന്ന് സ്വകാര്യ ആശുപത്രികളും സംസ്ഥാനത്ത് ആരംഭിക്കുന്നുണ്ട്. 40 ലക്ഷം ജനങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് മരുന്നുകള്‍ക്ക് 70 ഡിസ്‌കൗണ്ട് നല്‍കുന്ന 86 മെഡിക്കല്‍ ഷോപ്പുകളുണ്ട്. ഇത്തരത്തില്‍ ഡിസ്‌കൗണ്ടോടു കൂടി 50 ഡയഗ്നോസ്റ്റിക് സെന്ററുകള്‍ കൂടി ആരംഭിക്കും. ആശുപത്രി സ്റ്റാഫിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇ എസ് ഐ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62 ആക്കി ഉയര്‍ത്തുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. മെഡിക്കല്‍ അധ്യാപകരുടെ പ്രായം 65 ആക്കി ഉയര്‍ത്തും. സംസ്ഥാനത്ത് മൊത്തം പതിനായിരം ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് നിയമിക്കുക. വിരമിച്ചവരെയും സര്‍വീസില്‍ നിയമിക്കും.
കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാനത്ത് 17 ചൈല്‍ഡ്,മദര്‍ ഹബ്ബുകള്‍ ആരംഭിക്കും. ഇതിന് 20 കോടി രൂപയാണ് ചെലവ് വരുന്നത്. സംസ്ഥാനത്ത് 2015 ഓടെ 40 മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഇതിനുള്ള സ്റ്റാഫിന്റെ നിയമനം ആരംഭിച്ചിട്ടുണ്ട്.