Connect with us

Kerala

സ്മാര്‍ട്‌സിറ്റി: ആദ്യ ഐ ടി കെട്ടിടം പൂര്‍ത്തീകരണത്തോടടുക്കുന്നു

Published

|

Last Updated

കൊച്ചി: സ്മാര്‍ട്‌സിറ്റിയുടെ 6.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എസ് സി കെ 01 എന്ന ആദ്യ ഐ ടി ടവറിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോടടുക്കുന്നു. ഐ സി ടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി), മീഡിയ, ഫിനാന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്ററുകളിലായി ഇന്ത്യയിലും പുറത്തും നിന്നുള്ള സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കാനെത്തുന്നത്.
മുഴുവന്‍ പദ്ധതിക്കും പാരിസ്ഥിതികാനുമതി ലഭിച്ച പശ്ചാത്തലത്തില്‍ സ്മാര്‍ട്‌സിറ്റി നേരിട്ടും സംയുക്തമായും നടത്തുന്ന പദ്ധതികളുടെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും നിര്‍മാണം വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്മാര്‍ട്‌സിറ്റിയുടെ സ്വന്തം പദ്ധതിയായ എസ് സി കെ 01 ഐ ടി ടവറിന്റെ ഉദ്ഘാടനം അബൂദബിയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നതുപോലെ 2015 മാര്‍ച്ചില്‍ നടത്താനാകുമെന്നും കുരുതുന്നു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലീഡ് പ്ലാറ്റിനം റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും വലിയ ഐ ടി കെട്ടിടങ്ങളിലൊന്നാകാനാണ് എസ് സി കെ01 ലക്ഷ്യമിടുന്നത്.
തുടര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടങ്ങളും ചുറ്റുപാടുമുള്ള പ്രാദേശിക വൃക്ഷലതാദികളെ പരമാവധി നിലനിര്‍ത്തിക്കൊണ്ട് ഇതുപോലെ പരിസ്ഥിതി സൗഹൃദ നിലവാരം നിലനിര്‍ത്തും. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മരങ്ങള്‍ പറിച്ചുനട്ടതും ഈ ഉയര്‍ന്ന പരിസ്ഥിതി നിലവാരത്തിന്റെ ഭാഗമായിരുന്നു.
88 ലക്ഷം ചതുരശ്ര അടിയോളം വിഭാവനം ചെയ്യുന്ന നിര്‍മിതിക്കൊപ്പം വലിയൊരു ഭാഗം ഭൂമി തുറസ്സായ സ്ഥലങ്ങള്‍ക്കും പച്ചപ്പിനും നീക്കിവെച്ചുകൊണ്ടുള്ളതാണ് സമ്പൂര്‍ണ പദ്ധതി. ഐ ടി, റിയാല്‍റ്റി, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുമായാണ് സംയുക്ത പദ്ധതികള്‍ നടപ്പാക്കാന്‍ സ്മാര്‍ട്‌സിറ്റി ധാരണയിലെത്തിയിട്ടുള്ളത്.
ജോലി, പാര്‍പ്പിടം, വിനോദം തുടങ്ങിയ സമസ്ത സൗകര്യങ്ങളും ഒരിടത്തു ലഭ്യമാക്കുന്നതു കണക്കിലെടുത്താണിത്. ഈ പദ്ധതികള്‍ പലതും അനുമതിയുടെയും രൂപകല്‍പ്പനയുടെയും വിവിധ ഘട്ടങ്ങളിലാണ്. ഏതാനും പദ്ധതികളില്‍ ഉടന്‍ നിര്‍മാണമാരംഭിക്കാനാകുമെന്ന് കരുതുന്നുവെന്ന് സ്മാര്‍ട്‌സിറ്റി കൊച്ചി സി ഇ ഒ ജിജോ ജോസഫ് പറഞ്ഞു.
തടസ്സങ്ങള്‍ നീങ്ങിയതോടെ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും. ഇതോടൊപ്പം പദ്ധതിയുടെ വാണിജ്യ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ശ്രമിക്കും.