Connect with us

Sports

ദേശീയ ഗെയിംസിന് ഇനി നൂറ് നാള്‍; ഒരുക്കങ്ങള്‍ തകൃതിയില്‍

Published

|

Last Updated

national gamesതിരുവനന്തപുരം: കേരളം വേദിയാകുന്ന 35-ാം ദേശീയ ഗെയിംസിന് ഇനി നൂറ് നാള്‍ മാത്രം. ഏഴു ജില്ലകളിലായി 31 വേദികള്‍, 34 മത്സരയിനങ്ങള്‍, അത്‌ലറ്റുകളും ഒഫീഷ്യലുകളുമടക്കം 12000 പേര്‍ ഇവര്‍ക്കായി പഴുതടച്ച ഒരുക്കങ്ങളിലാണ് കേരളം. 1987നു ശേഷം കേരളത്തിലേക്ക് ഗെയിംസ് വീണ്ടുമെത്തുമ്പോള്‍ പുതുമകളേറെയുണ്ട്. അടുത്ത ജനുവരി 31ന് വൈകുന്നേരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം. കേരളത്തിന്റെ പലഭാഗങ്ങളിലായുള്ള വേദികളുടെ നിര്‍മാണ, നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. അടിസ്ഥാന കായിക വികസനത്തിന് ഭാവിയിലും മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നിരവധി കളിയിടങ്ങള്‍ ഇതോടെ കേരളത്തിന് സ്വന്തമാവുകയാണ്. ഭാവിയില്‍ കായിക കേരളത്തിന്റെ അഭിമാനമാകാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് മെച്ചപ്പെട്ട പരിശീലനത്തിനുള്ള വേദികളും അവസരങ്ങളും ദേശീയ ഗെയിംസ് പ്രദാനം ചെയ്യും.

പുരുഷ ഫുട്‌ബോള്‍ മത്സരം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയം. നീന്തല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന തിരുവനന്തപുരം പിരപ്പന്‍കോട് സ്വിമ്മിംഗ് പൂള്‍, തിരുവനന്തപുരം സ്‌ക്വാഷ് കോര്‍ട്ട്, കബഡി, ഖോ-ഖോ മത്സരങ്ങള്‍ക്ക് തയ്യാറാകുന്ന ആറ്റിങ്ങലിലെ ശ്രീപാദം സ്റ്റേഡിയം, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങള്‍ക്ക് തയ്യാറായ വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന എറണാകുളത്തെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ബോക്‌സിംഗിനു തയ്യാറായ തൃശ്ശൂരിലെ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, വെയ്റ്റ്‌ലിഫ്റ്റിംഗ്, ജൂഡോ മത്സരങ്ങള്‍ക്കു വേദിയാകുന്ന തൃശൂരിലെ വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്ന കോഴിക്കോട്ടെ വി കെ കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, തായ്‌ക്വോന്‍ഡോ, നെറ്റ്‌ബോള്‍ മത്സരങ്ങള്‍ക്കൊരുങ്ങുന്ന വെള്ളായണിയിലെ കാര്‍ഷിക കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം, റഗ്ബി സെവന്‍സ് മത്സരങ്ങള്‍ നടക്കുന്ന കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, റെസ്ലിംഗ്, ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ലോണ്‍ ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സിയാല്‍ ഗോള്‍ഫ് കോഴ്‌സ്, അത്‌ലറ്റിക്‌സ് മത്സങ്ങള്‍ക്ക് വേദിയാകുന്ന തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവയുടെ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മാണവും വട്ടിയൂര്‍ക്കാവിലെ പുതിയ ഷൂട്ടിംഗ് റേഞ്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു വേദിയാകുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്റെ നവീകരണവും അത്‌ലറ്റിക്‌സ് പരിശീലന ഗ്രൗണ്ടായ തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിന്റെ നവീകരണവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ക്കു വേദിയാകുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ടെന്നീസ് മത്സരങ്ങങ്ങള്‍ക്ക് വേദിയൊരുക്കുന്ന കുമാരപുരത്തെ ടെന്നീസ് കോംപ്ലക്‌സില്‍ 2.64 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. അമ്പത് ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ കോംപ്ലക്‌സ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ടെന്നീസ് സ്റ്റേഡിയം കൂടിയാണ്.
പരിശീലനത്തിനു വേദിയൊരുക്കുന്ന ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബില്‍ സിന്തറ്റിക് ടര്‍ഫ് വിരിക്കുന്ന പണി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. 2.09 കോടിരൂപയുടെ പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്. സൈക്ലിംഗ് മത്സരങ്ങള്‍ക്ക് തയ്യാറാകുന്ന കാര്യവട്ടത്തെ വെലോഡ്രോമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അമ്പത് ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്‍്. 1.39 കോടി രൂപ ചെലവിലാണ് നിലവിലുള്ള പ്രതലത്തിനു മുകളിലായി പുതിയ പ്രതലം ഒരുക്കുന്നത്. തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ ട്രാപ്പ് ആന്‍ഡ് സ്‌കീറ്റ് ഷൂട്ടിംഗ് റേഞ്ചില്‍ 5 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആഗസ്റ്റ് മുതല്‍ നടക്കുന്നത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അമ്പത് ശതമാനത്തോളം പൂര്‍ത്തിയായി. മേളയുടെ പ്രധാന വേദികളിലൊന്നായ കൊല്ലം ആശ്രാമം മൈതാനത്തെ ഹോക്കി സ്റ്റേഡിയത്തില്‍ സിന്തറ്റിക്ക് ടര്‍ഫ് വിരിക്കല്‍, ഗ്യാലറി നവീകരണം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൊണ്ണൂറ് ശതമാനത്തോളം പൂര്‍ത്തിയായി. 17.5 കോടി രൂപ ചെലവില്‍ നിര്‍മിക്കപ്പെടുന്ന ഈ സ്റ്റേഡിയം ആസ്‌ട്രോ ടര്‍ഫിട്ട കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയമാണ്.
യോട്ടിംഗ് മത്സരങ്ങള്‍ നടക്കുന്ന എറണാകുളം മുനമ്പം തീരം, ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്ന ശംഖുമുഖം തീരം, റോയിംഗ്, കനോയിംഗ്, കയാക്കിംഗ് മത്സരങ്ങള്‍ നടക്കുന്ന വേമ്പനാടു കായല്‍, ബീച്ച് ഹാന്‍ഡ് ബോള്‍ നടക്കുന്ന കോഴിക്കോട് തീരം ഫെന്‍സിംഗ് മത്സരങ്ങള്‍ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്നുള്ള സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അമ്പെയ്ത്ത് മത്സരങ്ങള്‍ക്കായിഒരുങ്ങുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയം തുടങ്ങിയ വേദികളിലെ താത്കാലിക നിര്‍മിതികള്‍ മത്സരങ്ങള്‍ അടുക്കുന്ന മുറക്ക് തയ്യാറാകും. അയ്യായിരത്തോളം അത്‌ലറ്റുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ മേനംകുളത്ത് തയ്യാറാകുന്ന ഗെയിംസ് വില്ലേജിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഉദ്ഘാടന-സമാപന വേദികളില്‍ ഇന്ത്യയിലെ മികച്ച കലാകാരന്‍മാര്‍ നൃത്ത-സംഗീത-ദൃശ്യ വിസ്മയമൊരുക്കും. നാഷനല്‍ ഗെയിംസ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ രൂപവത്കൃതമായിട്ടുള്ള 22 സബ്കമ്മിറ്റികള്‍ വിവിധ വിഭാഗങ്ങളിലെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.