Connect with us

Kerala

ഡോക്ടര്‍മാരുടെ കൂട്ട അവധി: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published

|

Last Updated

തിരുവനന്തപുരം: ഈ മാസം 11ന് കോട്ടയം മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ആരോഗ്യവകുപ്പ് സെക്രട്ടറിയോടും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോടും വിശദീകരണം തേടി. കഴിഞ്ഞ 11ന് നടന്ന അനസ്‌തേഷ്യ ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത സംഭവത്തെ കുറിച്ച് വിശദീകരണം സമര്‍പ്പിക്കാനാണ് കമ്മീഷന്റെ നിര്‍ദേശം.
കേരളത്തില്‍ എത്ര അനസ്‌തേഷ്യ ഡോക്ടര്‍മാരുണ്ടെന്നും ഇവരില്‍ എത്രപേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജോലിചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണം. അവരില്‍ എത്രപേര്‍ അനസ്‌തേഷ്യ സമ്മേളനത്തില്‍ പങ്കെടുത്തെന്ന വിവരവും ഇതില്‍ ഉണ്ടാകണം. കോട്ടയം മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെയും പി ജി വിദ്യാര്‍ഥികളുടെയും, അവരില്‍ സമ്മേളന ദിനത്തിന് മുമ്പ് മുന്‍കൂര്‍ അവധി നല്‍കിയവരുടെയും വിശദ വിവരം ഹാജരാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്മേളന ദിനത്തിന് മുമ്പ് അവധി നല്‍കാതെ എത്രപേര്‍ അവധിയെടുത്തതെന്നും പ്രത്യേകം അറിയിക്കണം. ഒപ്പം ഈ ദിവസത്തെ ഓപറേഷന്‍ ഷെഡ്യൂള്‍ വിവരങ്ങളും കമ്മീഷന് കൈമാറണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍ വെറും ശമ്പളക്കാരായി നിയമാനുസൃതം ജോലിചെയ്യേണ്ടവരല്ലെന്നും അത് ദൈവീകമായ കര്‍ത്തവ്യമാണെന്നും അവര്‍ കൂട്ടഅവധിയെടുത്ത് സമ്മേളനത്തിന് പോകുന്നത് ശരിയല്ലെന്നും കോശി പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ പണമില്ലാത്തവര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധി എടുത്തെങ്കില്‍ അത് തെറ്റുതന്നെയാണ്. കേരളത്തില്‍ 1700 ലധികം അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഉള്ളതില്‍ സമ്മേളനത്തില്‍ പങ്കെടുത്തത് അതിന്റെ നാലിലൊന്ന് പേര്‍ മാത്രമാണെന്ന് വിവരം ലഭിച്ചതായും കമ്മീഷന്‍ നിരീക്ഷിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കമ്മീഷന്‍ അധ്യക്ഷനോട് രോഗികളുടെ ബന്ധുക്കള്‍ നേരിട്ട് പറഞ്ഞ പരാതിയുടെയും പത്രവാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കോട്ടയം മെഡിക്കല്‍ കോളജ് അനസ്‌തേഷ്യ വിഭാഗം മേധാവിയും ഐ എം എ സെക്രട്ടറിയും അടുത്തമാസം 30 നകം തിരുവനന്തപുരത്ത് കമ്മീഷന്‍ ആസ്ഥാനത്ത് വിശദീകരണം ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡിസംബറില്‍ കോട്ടയത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.