Connect with us

Kerala

ഇടുക്കി ആര്‍ച്ച് ഡാമിന് ചലന വ്യത്യാസം; സുരക്ഷാ ഭീഷണിയില്ലെന്ന് ജല കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ഇടുക്കി ആര്‍ച്ച് ഡാമിന്റെ ചലനത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ കണ്ടെത്തല്‍. ഇത് ഡാമിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും ഡാമിന്റെ ചലന വ്യതിയാനം സംബന്ധിച്ച് പഠനം നടത്തിയ കേന്ദ്ര ജല കമ്മീഷന്‍ കെ എസ് ഇ ബി ലിമിറ്റഡിനെ അറിയിച്ചു. ഡാമുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പദ്ധതിയായ ഡ്രിപ്പ് (ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്) പ്രകാരമാണ് കമ്മീഷന്‍ ഡാം പരിശോധിച്ചത്.
ഇടുക്കി ഡാമുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ കമ്മീഷന്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ വിദേശ ഏജന്‍സികളുടെ ഉപദേശവും തേടും. ആര്‍ച്ച് ഡാമിന്റെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള കമ്പനികള്‍ രാജ്യത്ത് കുറവായതിനാലാണിത്. അറ്റകുറ്റപ്പണി നടത്തേണ്ട പ്രശ്‌നമാണെങ്കില്‍ ഡ്രിപ്പ് പദ്ധതിയില്‍ ഇടുക്കി ഡാമിനെയും ഉള്‍പ്പെടുത്തും.
ഡാമില്‍ വെള്ളം നിറയുന്നതിനനുസരിച്ച് ആര്‍ച്ച് ഡാമിന്റെ ഘടനയില്‍ മാറ്റം വരുന്ന രീതിയിലാണ് നിര്‍മാണം. വെള്ളം നിറയുമ്പോള്‍ ഡാം ബലൂണ്‍ ഊതിവീര്‍പ്പിക്കുന്നതുപോലെ പുറത്തേക്ക് തള്ളും. വെള്ളം കുറയുമ്പോള്‍ ഇത് പഴയപടിയാകും. വെള്ളം നിറയുമ്പോള്‍ വേണ്ടത്ര തള്ളല്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ഡാം പൂര്‍ണ സംഭരണശേഷിയിലെത്തുന്നത് വളരെ അപൂര്‍വമായേ സംഭവിക്കുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രധാന കാരണം.
1976 ഫെബ്രുവരി 12ന് കമ്മീഷന്‍ ചെയ്ത ഇടുക്കി പദ്ധതി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് തവണയെ തുറന്നിട്ടുള്ളൂ. ഈ വര്‍ഷം തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയെങ്കിലും അതുണ്ടായില്ല. 1981 ഒക്‌ടോബര്‍ 21നും 1992 ഒക്‌ടോബര്‍ 11നുമാണ് ഡാം തുറന്നത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവ ചേര്‍ന്നതാണ് ഇടുക്കി പദ്ധതി. ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. അഞ്ച് ഷട്ടറുകളുള്ള ചെറുതോണി ഡാമാണ് ആവശ്യമെങ്കില്‍ തുറക്കുന്നത്.
ഡാമിന് വേണ്ടത്ര തള്ളല്‍ ഉണ്ടാകുന്നില്ലെന്ന പ്രശ്‌നം ഇരുപത് വര്‍ഷമായി നേരിടുന്നുണ്ടെന്ന് കെ എസ് ഇ ബിയുടെ പഠനത്തിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ വന്‍ തുകയാണ് വിദേശ കമ്പനികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരിശോധന മുടങ്ങുകയായിരുന്നു.
ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശോധനക്ക് ആവശ്യമായ തുക അനുവദിക്കാന്‍ കഴിയും. അണക്കെട്ടുകളുടെ സുരക്ഷിതത്വവും നവീകരണവും ഉറപ്പാക്കാന്‍ ലോകബേങ്ക് സഹായത്തോടെയാണ് ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് നടപ്പാക്കുന്നത്. പദ്ധതിയുടെ ചെലവിന്റെ 80 ശതമാനം ലോകബേങ്കും 20 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കേണ്ടത്. കേന്ദ്ര ജല കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് പദ്ധതിയുടെ നടത്തിപ്പുചുമതല ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബ്യൂറോ (ഐ ഡി ആര്‍ ബി )ക്കാണ്. അണക്കെട്ടുകളുടെ ചോര്‍ച്ച തടയല്‍, അറ്റകുറ്റപ്പണി, സുരക്ഷിതത്വ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, അണക്കെട്ടുകളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തല്‍, വിനോദ സഞ്ചാര സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവയടക്കം നിരവധി നിര്‍മാണ പ്രവൃത്തികള്‍ പദ്ധതിയിലുണ്ട്.
അഞ്ച് കോടി രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തും അഞ്ച് മുതല്‍ 25 കോടി വരെ കേന്ദ്ര ഭൂജലവകുപ്പിനും അനുമതി നല്‍കാനാകും. 25 കോടിക്ക് മുകളിലുള്ള നിര്‍മാണ ജോലികള്‍ ലോകബേങ്ക് നിര്‍ദേശപ്രകാരം ആഗോള ടെന്‍ഡറുകള്‍ ക്ഷണിച്ച് നടപ്പാക്കണം. അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ ഇടുക്കി ഡാമിന് വലിയൊരു തുക ചെലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest