Connect with us

Palakkad

ഇനി പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ആശ്വാസത്തിന്റെ ചൂളംവിളി

Published

|

Last Updated

കൊപ്പം: 12 വര്‍ഷത്തെ കാത്തിരിപ്പിന് അറുതിയായി പട്ടാമ്പി റെയില്‍വേസ്റ്റേഷനില്‍ ആശ്വാസത്തിന്റെ ചൂളംവിളി. കാലങ്ങളായി പാളംമുറിച്ചു കടന്നുള്ള യാത്രാദുരിതത്തിന് പരിഹാരമായി സ്റ്റേഷനില്‍ റെയില്‍വെമേല്‍പ്പാലം യാഥാര്‍ഥ്യത്തിലേക്ക്.
സി പി മുഹമ്മദ് എംഎല്‍എ കേന്ദ്രറെയില്‍വെ അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് പുതിയ തീരുമാനം. പട്ടാമ്പി ട്രാഫിക് റെഗുലേറ്റര്‍ യോഗത്തില്‍ എംഎല്‍എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പട്ടാമ്പി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പാളത്തിനപ്പുറം ഗവ. താലൂക്ക് ആശുപത്രി പരിസരത്തേക്കാണ് പാലം നിര്‍മിക്കുക. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2,65,30,000 കോടി രൂപ പാലം നിര്‍മാണത്തിന് കെട്ടിവെക്കാനാണ് റെയില്‍വെയുടെ നിര്‍ദ്ദേശം.
പാതയുടെ അപ്രോച്ച് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുതിയ പാലമെന്ന നാട്ടുകാരുടെ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. റെയില്‍വെമേല്‍പ്പാലം വരുന്നതോടെ പട്ടാമ്പി മിനിസിവില്‍ സ്റ്റേഷന്‍, ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, എം ഇ എസ് സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാനാകും. പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റ്, ആലിക്കപ്പറമ്പ് ഭാഗങ്ങളിലുള്ളവര്‍ക്കും പാലം ഗുണകരമാകും.
പട്ടാമ്പി ഭാരതപ്പുഴക്ക് കുറുകെയുള്ള പാലം വഴി ഞാങ്ങാട്ടിരി ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് റെയില്‍വെസ്റ്റേഷനില്‍ പാളംമുറിച്ച് കടന്ന് യാത്ര ചെയ്യുന്നത്. എം ഇ എസ് സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളുടെ പാളം മുറിച്ച്കടന്നുള്ള യാത്ര ദുഷ്‌കരമാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ നിലവില്‍ പട്ടാമ്പി മാര്‍ക്കറ്റ് റോഡ് വഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
റെയില്‍വെസ്‌റ്റേഷനില്‍ പാളം മുറിച്ച് കടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തീവണ്ടി തട്ടി മരിക്കുന്നത് സാധാരണയാണ്. പട്ടാമ്പി സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ലാത്ത വണ്ടികള്‍ കുതിച്ചുപായുമ്പോഴാണ് അപകടം സംഭവിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവന്‍ പണയം വെച്ചാണ് യാത്ര. റെയില്‍വെസ്‌റ്റേഷന്റെ കിഴക്ക്ഭാഗത്തു കൂടിയുള്ള കാല്‍നടയാത്രയും അപകടം വിളിച്ചുവരുത്താറുണ്ട്. നിരവധി പേര്‍ ഇവിടെ പാളം മുറിച്ച്കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിമരിച്ചിട്ടുണ്ട്.
പട്ടാമ്പി റെയില്‍വെസ്റ്റേഷനില്‍ റെയില്‍വെ ലിങ്ക് ബ്രിഡ്ജ് വരുന്നതോടെ സ്റ്റേഷനിലെ അപകടകരമായ കാല്‍നട യാത്രക്ക് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.

Latest