Connect with us

Wayanad

അടിസ്ഥാനസൗകര്യങ്ങളില്ലാതെ കോളനികള്‍; ആദിവാസികള്‍ നിരാഹാര സമരത്തിലേക്ക്‌

Published

|

Last Updated

കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് 18-ാം വാര്‍ഡ് ചീക്കല്ലൂരിലെ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. റോഡ്, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണു കാണിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ച് 27 ന് കക്ടറേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും കോളനിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചൂ.
ചീക്കല്ലൂര്‍ ഇടത്തില്‍ കോളനി, പടിഞ്ഞാറെവീട് കോളനി, ചീക്കല്ലൂര്‍ പുതിയവയല്‍ കോളനി, ചീക്കല്ലൂര്‍ സ്‌കൂള്‍ കോളനി എന്നിവിടങ്ങളിലാണ് വികസനം എത്താത്തത്. 700 ഓളം ആദിവാസികളാണ് പ്രദേശത്ത് താമസിക്കുന്നത്. കോളനികളിലേക്ക് എത്താന്‍ റോഡില്ലാത്തതാണ് വികസനത്തിന് പ്രധാന തടസം. ചില കോളനികള്‍ക്കു ചുറ്റും വെള്ളക്കെട്ടാണ്.
ഇതുമൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ മുടക്കു വരുമെന്നതിനാല്‍ പട്ടികവര്‍ഗ വികസന വകുപ്പിനാണ് നടപടിയെടുക്കാന്‍ കഴിയുകയെന്ന് പഞ്ചായത്ത് അംഗം പി.എന്‍. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്തിന് വലിയ തുക മുടക്കാന്‍ പരിമിതിയുണ്ട്. എന്നാല്‍ കഴിയുന്ന വിധത്തില്‍ പഞ്ചായത്ത് വികസന പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന് നിവേദനം നല്‍കിയിട്ട് ഇതുവരെ ഫലമുണ്ടായില്ല. 2013 നവംബര്‍ 22ന് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ കോളനിവാസികള്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും നടപടിയുണ്ടായില്ല.
പിന്നീട് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ചീക്കല്ലൂര്‍ പുതിയവയല്‍ കോളനിയുടെ സംരക്ഷണഭിത്തി നിര്‍മാണം, ചീക്കല്ലൂര്‍ സ്‌കൂള്‍ കോളനി സംരക്ഷണ പ്രവൃത്തി എന്നിവയുടെ എസ്റ്റിമേറ്റ് സഹിതം ജില്ലാ പ്രൊജക്ട് ഓഫീസര്‍ക്കും അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ക്കും നിവേദനം നല്‍കിയിരുന്നു. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പടിഞ്ഞാറെവീട് കോളനി റോഡ് നിര്‍മാണം ചര്‍ച്ച ചെയ്യുകയും തുടര്‍നടപടികള്‍ക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വികസന പദ്ധതികളെല്ലാം മരവിച്ചു.
ജില്ലാ കക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടും കോളനിക്കാരുടെ ദുരിതത്തിന് പരിഹാരമായിട്ടില്ല. ഊരുമൂപ്പന്‍ സി. വാസുദേവന്‍, ഇടത്തില്‍ കോളനിയിലെ സി. പാലന്‍, പാടിഞ്ഞാറെവീട് കോളനിയിലെ രാമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest