Connect with us

Wayanad

കട പരിശോധന: വ്യാപാരികളും വാണിജ്യനികുതി ഉദ്യോഗസ്ഥരുമായുള്ള ബന്ധം വയനാട്ടില്‍ വഷളാകുന്നു

Published

|

Last Updated

കല്‍പ്പറ്റ: വ്യാപാരികളും വാണിജ്യനികുതി ഉദ്യോഗസ്ഥരുമായുള്ള ബന്ധം വയനാട്ടില്‍ വഷളാകുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തുന്നതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മൂല്യവര്‍ധിത നികുതി സമ്പ്രദായം നിലവിലിരിക്കെ കടപരിശോധന നിയമവിരുദ്ധമാണെന്ന നിലപാടിലാണ് ഏകോപന സമിതി. വാണിജ്യനികുതി ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷത്തേയും കൈക്കുലിക്കാരായും അവര്‍ മുദ്രകുത്തുന്നു. ഉദ്യോഗസ്ഥര്‍ തുല്യനാണയത്തില്‍ തിരിച്ചടിക്കുന്നുമുണ്ട്. കടപരിശോധന തടയുന്ന വ്യാപാരികള്‍ക്കെതിരെ നിയമത്തിന്റെ വഴികളിലൂടെ നീങ്ങുകയാണവര്‍. വ്യാപാരികളിലെ “വില്ലന്മാര്‍ക്ക്” പൂട്ടിടാന്‍ പദ്ധതിയിട്ട വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി എന്‍ ജി ഒ യൂനിയനും രംഗത്തുവന്നിട്ടുണ്ട്.
കടപരിശോധനയുടെ പേരില്‍ 1997ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തെരുവില്‍ നേരിട്ടിരുന്നു. നാളികേരത്തിനുള്ള അടിയേറ്റ് ഉദ്യോഗസ്ഥനു സാരമായി പരിക്കേല്‍ക്കുകയുമുണ്ടായി. ഉദ്യോഗസ്ഥര്‍ കടപരിശോധനയുമായി മുന്നോട്ടുപോയാല്‍ “97 മാതൃകയില്‍ പ്രതികരിക്കാന്‍ മടിക്കില്ലെന്നാണ് ഏകോപന സമിതിയില്‍പ്പെട്ട വ്യാപാരികളുടെ മുന്നറിയിപ്പ്.
വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ കടപരിശോധനയെത്തുടര്‍ന്ന് ഏകോപന സമിതിയുടെ നേതതൃത്വത്തില്‍ വ്യാപാരികള്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചമുതല്‍ വൈകീട്ടു വരെ മാനന്തവാടിയിലും ബത്തേരിയിലും മിന്നല്‍ കടയടപ്പുസമരം നടത്തിയിരുന്നു. രണ്ടിടങ്ങളിലും ടൈല്‍സ് വില്‍പന ഷോറൂമുകളില്‍ വില്‍പന നികുതി ഇന്റലിജന്‍സ് വിഭാഗം പരിശോധന തുടങ്ങിയതിനു പിന്നാലെയായിരുന്നു സമരം. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടിയിലുണ്ടായ പ്രശ്‌നങ്ങള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കും വ്യാപാരികള്‍ക്കുമിടയിലുള്ള സ്പര്‍ധ വര്‍ധിക്കുന്നതിനു കാരണമായി. വ്യാപാരികള്‍ ആക്രമിച്ചെന്നും വാഹനം തകര്‍ത്തുവെന്നും ആരോപിച്ച് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയത് വ്യാപാരികളെ അങ്ങേയറ്റം ചൊടിപ്പിച്ചിരിക്കയാണ്. 1500 ഓളം വ്യാപാരികള്‍ പങ്കെടുത്ത പ്രകടനത്തിനുനേരേ ജീപ്പെടുത്ത ഉദ്യോഗസ്ഥരെ തടി കേടാകാതെ സംരക്ഷിക്കുകയാണ് വ്യാപാരികള്‍ ചെയ്തതെന്ന് ഏകോപന സമിതി ജില്ലാ നേതാക്കള്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ ഒദ്യോഗിക വാഹനത്തിന്റെ ചില്ല് സ്വയം തകര്‍ത്തശേഷം പോലീസ് സ്റ്റേഷനില്‍ കൊണ്ടിടുകയായിരുന്നുവെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്. മാനന്തവാടിയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വ്യാപാരികള്‍ക്കെതിരേ കേസ്. കച്ചവടക്കാര്‍ക്കെതിരേ വ്യാജ പരാതി നല്‍കിയ ഇന്റലിലന്‍സ് ഉദ്യോഗസ്ഥനെ ജില്ലയിലെ ഒരു കടയിലും മേലില്‍ പരിശോധനക്ക് കയറ്റില്ലെന്നാണ് ഏകോപന സമിതി ജില്ലാ നേതൃത്വത്തിന്റെ പ്രഖ്യാപനം. ഉദ്യോഗസ്ഥര്‍ കള്ളക്കേസ് നല്‍കുന്നതു തുടര്‍ന്നാല്‍ സംഘബലം ബോധ്യപ്പെടുത്താനും അന്തസോടെ കേസ് നടത്താനും വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്നും ഏകോപന സമിതി നേതാക്കള്‍ പറയുന്നു.
ടൈല്‍സ് കടകളില്‍ വന്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ വാദം. ഇതു കണ്ടെത്തുന്നതിനു കട പരിശോധന അനിവാര്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് 33 ശതമാനം വാണിജ്യനികുതിയും രണ്ട് ശതമാനം കേന്ദ്ര വില്‍പന നികുതിയും മുന്‍കൂര്‍ നല്‍കി ചെക്‌പോസ്റ്റുകളിലെ പരിശോധനയും കഴിഞ്ഞ് കൊണ്ടവരുന്ന ടൈല്‍സും മറ്റും വില്‍ക്കുന്ന കടകളില്‍ പരിശോധന നടത്തേണ്ട കാര്യമില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. മൂല്യവര്‍ധിത നികുതി നിയമത്തില്‍ കടപരിശോധനക്ക് വ്യവസ്ഥയില്ലെന്നും അവര്‍ വാദിക്കുന്നു.
കടപരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരെ നേരിടുമെന്ന വെല്ലുവിളി വ്യാപാരികള്‍ മുഴക്കുമ്പോള്‍ കൃത്യനിര്‍വഹണത്തിനിറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാണ് എന്‍ ജി ഒ യൂനിയന്‍ വയനാട് ജില്ലാ സെക്രട്ടറിയറ്റിന്റെ ആവശ്യം. വ്യാപാരികളേയും വാണിജ്യനികുതി ഉദ്യോഗസ്ഥരേയും ശത്രുക്കളാക്കാന്‍ ഗൂഢശക്തികള്‍ നീക്കം നടത്തുന്നതായി വിലയിരുത്തുന്ന യൂനിയന്‍ ജീവനക്കാരെ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനക്ക് വരുന്നതെന്ന് കേരള വ്യാപാരി വ്യവ.സായി ഏകോപനസമിതിയുടെ യുവജന വിഭാഗമായ യൂത്ത് വിംഗ് ആരോപിക്കുന്നു. സമസ്ത മേഖലകളിലും സര്‍ക്കാര്‍ വിവിധ നികുതി നിരക്കുകളും ഫീസുകളും വൈദ്യുതി ചാര്‍ജും കുത്തനെ ഉയര്‍ത്തി സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വ്യാപര മേഖലയില്‍ ഉദ്യോഗസ്ഥ രാജ് നടപ്പിലാക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കടപരിശോധനയുടെ പേരില്‍ വ്യാപാരികള്‍ക്കെതിരെ കള്ളക്കേസെടുത്താല്‍ സംഘടന നോക്കിയിരിക്കില്ലെന്നും യൂത്ത് വിംഗ് മുന്നറിയിപ്പ് നല്‍കി. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന തുടര്‍ന്നാല്‍ ശക്തമായി എതിര്‍ക്കുമെന്നും യൂത്ത് വിംഗ് നേതാക്കളായ ജോജിന്‍ ടി ജോയി, അബ്ദുന്നാസര്‍ അനില്‍കുമാര്‍, കുഞ്ഞുമോന്‍, റഷീദ്,അരുണ്‍,ജിബു,സഹദ്, അഷ്‌റഫ്, ഷാജി വൈത്തിരി, ഷാജി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.