Connect with us

Kasargod

സര്‍വേക്ക് വേഗത കൂട്ടാന്‍ കര്‍മസമിതി പദ്ധതി

Published

|

Last Updated

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ സര്‍വേ നടപടികള്‍ക്ക് വേഗത കൂട്ടുന്നതിന് ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ പി കരുണാകരന്‍ എം പിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.
2015-16 കേന്ദ്ര റെയില്‍ ബജറ്റിന് മുമ്പായി സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള പ്രേരണ നല്‍കുന്നതിനും ഉടന്‍തന്നെ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുന്നതിനാവശ്യമായ സമ്മര്‍ദം ചെലുത്തുന്നതിനുമുള്ള കര്‍മ പരിപാടികള്‍ക്കാണ് കര്‍മസമിതി രൂപം നല്‍കിയത്.
ഈമാസം 25ന് കാഞ്ഞങ്ങാട്ടെത്തുന്ന കേന്ദ്ര റെയില്‍മന്ത്രി സദാനന്ദ ഗൗഡയെ പി കരുണാകരന്‍ എം പിയുടെ നേതൃത്വത്തില്‍ കര്‍മസമിതി ഭാരവാഹികള്‍ കണ്ട് സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കും. നവംബര്‍ 11ന് കാഞ്ഞങ്ങാട്ടും, 16ന് കര്‍ണ്ണാടകയിലെ സുള്ള്യയിലും വിപുലമായ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും.
പാത കടന്ന് പോകുന്ന പ്രദേശങ്ങളിലെ എം എല്‍ എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നഗരഭരണ സാരഥികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വികസനസമിതി ഭാരവാഹികള്‍ തുടങ്ങിയവരെ യോഗത്തില്‍ പങ്കെടുപ്പിക്കും.
സര്‍വേയ്ക്കും ഭൂമി ഏറ്റെടുക്കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍മസമിതികള്‍ ഭാരവാഹികള്‍ പദ്ധതി പ്രദേശങ്ങളില്‍ പര്യടനം നടത്തി ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതികളെ നേരില്‍ കാണും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കര്‍മസമിതി നിവേദനം നല്‍കും.
സമിതി ചെയര്‍മാന്‍ അഡ്വ. പി അപ്പുക്കുട്ടന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി, മടിക്കൈ കമ്മാരന്‍, സി യൂസഫ് ഹാജി, എം പൊക്ലന്‍, സൂര്യനാരായണ ഭട്ട്, എം കുഞ്ഞിക്കൃഷ്ണന്‍, എ ഹമീദ്ഹാജി, സി എ പീറ്റര്‍, ടി മുഹമ്മദ് അസ്‌ലം, എം ശ്രീകണ്ഠന്‍ നായര്‍, സി മുഹമ്മദ്കുഞ്ഞി, ബി സുകുമാരന്‍, കെ മുഹമ്മദ്കുഞ്ഞി, അജയ്കുമാര്‍ നെല്ലിക്കാട്ട്, അഡ്വ. എം വി ഭാസ്‌ക്കരന്‍ പ്രസംഗിച്ചു.

 

Latest