Connect with us

Gulf

കോടതിവിധി നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കു വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കില്ലെന്ന് മന്ത്രാലയം

Published

|

Last Updated

അബുദാബി: തൊഴില്‍ തര്‍ക്കങ്ങളിലോ മറ്റു കേസുകളിലോ കോടതി നല്‍കിയ വിധി നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്‌പെര്‍മിറ്റുകള്‍ നല്‍കില്ലെന്ന് യു എ ഇ തൊഴില്‍ മന്ത്രി സഖര്‍ ഗബാഷ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം 797/2014 ആയി എടുത്ത തീരുമാന പ്രകാരമാണിതെന്നും സഖര്‍ ഗബാഷ്.
ഒറ്റ വ്യക്തി പരമാധികാരിയായ സ്ഥാപനങ്ങളായാലും ഒന്നിലധികം പേര്‍ക്ക് കൂട്ടുത്തരവാദിത്വമുള്ള കമ്പനിയായാലും, കോടതി വിധി നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ പുതിയ തൊഴിലനുമതി അപേക്ഷകള്‍ തള്ളിക്കളയും. തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ നല്‍കിയ പരാതിയിലോ മറ്റെന്തെങ്കിലും കേസിലോ കമ്പനിക്കെതിരെയുള്ള കോടതിവിധി നിശ്ചിത സമയത്തിനകം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുകയെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.
ഇക്കാര്യം മന്ത്രാലയത്തിന്റെ ഗസറ്റില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഒറ്റ വ്യക്തി പരമാധികാരിയായ സ്ഥാപനങ്ങള്‍ക്കുപുറമെ, കോടതിവിധി നടപ്പാക്കാത്ത ഇത്തരം സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ പങ്കാളികളായ കൂട്ടുത്തരവാദിത്വമുള്ള കമ്പനികള്‍ക്കും പുതിയ വര്‍ക് പെര്‍മിറ്റുകള്‍ അനുവദിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഗസറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
മേല്‍ സ്ഥാപനങ്ങള്‍ക്ക് വര്‍ക് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കുന്നതും നിര്‍ത്തലാക്കിയവ പുനരാരംഭിക്കുന്നതും മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്‌സ് അസി. അണ്ടര്‍ സെക്രട്ടറിയുടെ അനുമതി അനുസരിച്ചായിരിക്കും നടപ്പാക്കുക. കോടതിവിധിയുമായി ബന്ധപ്പെട്ട് അധികൃതര്‍ പഠനം നടത്തി. സ്ഥാപന ഉടമകള്‍ക്ക് 15 ദിവസം ഇടവിട്ട് രേഖാമൂലമുള്ള രണ്ട് നോട്ടീസുകള്‍ നല്‍കിയ ശേഷം ഉടമകളുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നുമില്ലെങ്കിലാണ് നിയമം നടപ്പാക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു.
നിലവില്‍ രാജ്യത്ത് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള വ്യവഹാരങ്ങള്‍ കോടതികളില്‍ നിലവിലുണ്ട്. അപൂര്‍വം സ്ഥാപനങ്ങളെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായുള്ള കോടതി വിധി നിസാരകാരണങ്ങള്‍ പറഞ്ഞ് നടപ്പാക്കാത്തവരുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കൊക്കെ മുന്നറിയിപ്പാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.