Connect with us

Gulf

റാക് ഇന്ത്യന്‍ അസോ: തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച; ആരോപണങ്ങളുമായി ഓപ്പണ്‍ ഫോറം

Published

|

Last Updated

ദുബൈ: റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനിലെ നിലവിലെ കമ്മിറ്റിക്കെതിരെ ഓപ്പണ്‍ ഫോറത്തിന് രൂപം നല്‍കിയതായി അസോ. മുന്‍ ജനറല്‍ സെക്രട്ടറി ശ്രീധരന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള വിഭാഗം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ഭരണ സമിതി തിരഞ്ഞെടുപ്പ് പ്രഹസനമാകാന്‍ പോവുകയാണ്. വോട്ടര്‍ പട്ടികയില്‍ തിരിമറിയുണ്ട്. ചില അംഗങ്ങളെ ബോധപൂര്‍വം തഴഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് ഓപ്പണ്‍ ഫോറം ഇതേവരെ തീരുമാനിച്ചിട്ടില്ല.
വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന ഇന്ത്യന്‍ സ്‌കൂളിനെ നീണ്ട കാലയളവില്‍ അധികാരത്തിലിരുന്ന്, ദുഃസ്ഥിതിയില്‍ എത്തിച്ച ഇപ്പോഴത്തെ മാനേജ്‌മെന്റ് മാറുക എന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഒരു വര്‍ഷം ഏകദേശം 25 ലക്ഷം ദിര്‍ഹം ലാഭമുള്ള സ്‌കൂളിന്റെ അവസ്ഥ പരിതാപകരമാണ്. ആധുനിക സൗകര്യങ്ങളോടെ പുതിയ ഒരു സ്‌കൂള്‍ സമുച്ചയം കെട്ടിപ്പടുക്കുക, ഉന്നതനിലവാരമുള്ള അധ്യാപകരെ നിയമിക്കുക എന്നിവ അനിവാര്യമായതുകൊണ്ടാണ് ഇന്ത്യന്‍ ഓപ്പണ്‍ ഫോറത്തിന് രൂപം നല്‍കിയത്.
ഞങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂളിലും അസോസിയേഷനിലും കൗണ്‍സുലേറ്റ് അധികൃതര്‍ പരിശോധന നടത്തുകയും മുഴുവന്‍ രേഖകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നന്മക്കായുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കൗണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ചെയ്തുവരുകയാണെന്ന് ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നും മറുപടി ലഭിച്ചുവെന്നും ഫോറം അറിയിച്ചു. പ്രസാദിനു പുറമെ, പ്രസിഡന്റ് സ്ഥാനാര്‍ഥി അബ്ദുല്ല കാസര്‍കോഡ്, മുന്‍ സ്‌കൂള്‍ സെക്രട്ടറി ബേബി തങ്കച്ചന്‍, അബ്ദുല്‍ നാസര്‍, മഹ്‌റൂഫ് പുതിയാല്‍, പത്മരാജന്‍, പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest