Connect with us

Gulf

ല്യൂറെ അബുദാബിയില്‍ ഉരുക്കു താഴികക്കുടം പൂര്‍ത്തിയായി

Published

|

Last Updated

അബുദാബി: രാജ്യത്തെ വിഖ്യാത കലാ മ്യൂസിയമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ല്യൂറെ അബുദാബിയില്‍ ഉരുക്കു താഴികക്കുടം പൂര്‍ത്തിയായി. ലക്ഷ്യമിട്ട സമയത്ത് തന്നെ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ടൂറിസം ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ടി ഡി ഐ സി) വ്യക്തമാക്കി. ഇന്നലെയാണ് താഴികക്കുടം സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായത്.
7,000 മെട്രിക് ടണ്‍ ഉരുക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 85 കൂറ്റന്‍ സാമഗ്രികള്‍ ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതുമായി ബന്ധപ്പെട്ട പ്രധാന സാമഗ്രികളില്‍ ഒന്ന് സ്ഥാപിച്ചിരുന്നു. താഴികക്കുടത്തിന് മുകളില്‍ അലൂമിനിയം, സ്റ്റെയിന്‍ലെസ്സ്റ്റീല്‍ എന്നിവ ഉപയോഗിച്ചുള്ള ബാക്കി ജോലികളും ഇതോടെ ആരംഭിച്ചിട്ടുണ്ട്.
ഔദ്യോഗിക ഉദ്ഘാടനത്തിന് 14 മാസങ്ങള്‍ അവശേഷിക്കവേയാണ് ല്യൂറെ അബുദാബി മ്യൂസിയം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ വിഖ്യാതമായ ല്യൂറെ മ്യൂസിയത്തിന്റെ പതിപ്പാണ് തലസ്ഥാനത്ത് പണി നടന്നുകൊണ്ടിരിക്കുന്ന ല്യൂറെ അബുദാബി. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് സഹായത്തോടെ ല്യൂറെ അബുദാബി മ്യൂസിയം സജ്ജമാക്കുന്നത്. അടുത്ത വര്‍ഷമാണ് മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാവുക. ചരിത്രപരമായും സമൂഹിക-സാംസ്‌കാരികമായും പ്രാധാന്യമുള്ള മൂഹൂര്‍ത്തങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.
സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലാണ് മ്യൂസിയം പണി പുരോഗമിക്കുന്നത്. 2007ലാണ് ല്യൂറെ അബുദാബി മ്യൂസിയം പണിയുമെന്ന് പാരീസിലെ ല്യൂറെ മ്യൂസിയം അധികൃതര്‍ വ്യക്തമാക്കിയത്. ആദ്യ പദ്ധതി പ്രകാരം 2012ലായിരുന്നു പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ 2013ല്‍ നടന്ന പുനരോലോചനാ യോഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് 2015 ആക്കി പുനര്‍നിശ്ചയിക്കുകയായിരുന്നു. മ്യൂസിയം പൂര്‍ണ സജ്ജമാവുന്നതോടെ തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ഇതു മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വിഖ്യാത ചിത്രകാരനായ ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ ലോക പ്രശസ്ത പെയിന്റിംഗുകളില്‍ ഒന്നായ ലാ ബെല്ലെ ഫെറോനെറിയാണ് ല്യൂറെ അബുദാബിയില്‍ കഴിഞ്ഞ ആഴ്ച നടന്ന ല്യൂറെ അബുദാബി ടോക്കിംഗ് ആര്‍ട്ട് സീരീസിന്റെ ഭാഗമായി എത്തിച്ചിരുന്നു.
24,000 ചതുരശ്ര മീറ്ററാണ് ല്യൂറെ അബുദാബി മ്യൂസിയത്തിന്റെ വിസ്തീര്‍ണം. നിര്‍മാണത്തിനായി 8.3 കോടി പൗണ്ട് മുതല്‍ 10.8 കോടി പൗണ്ട് വരെയാണ് മതിപ്പ് ചെലവ്. ഇതിന് പുറമെ ല്യൂറെയുടെ പേര് ഉപയോഗിക്കുന്നതിന് 52.5 കോടി യു എസ് ഡോളറും ഒപ്പം മറ്റ് മ്യൂസിയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി 74.7 കോടി ഡോളറും ഫ്രാന്‍സിലെ ല്യൂറെ മ്യൂസിയത്തിന് അബുദാബി നല്‍കണ്ടിവരും.