Connect with us

Gulf

സ്‌കൂള്‍ മാനേജ്‌മെന്റ്, ബസ് കമ്പനി എന്നിവക്കെതിരെയും കേസ്

Published

|

Last Updated

അബുദാബി: ഏതാനും ദിവസം മുമ്പ് സ്‌കൂള്‍ ബസില്‍ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനി, കണ്ണൂര്‍ സ്വദേശി നസീര്‍ അഹമ്മദിന്റെ മകള്‍ നിസാ ആലം (നാല്) ശ്വാസം മുട്ടി മരിക്കാനിടയായ കേസിന്റെ വിചാരണ ഇന്ന് തുടങ്ങുമെന്ന് അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അബ്ദുല്ല അല്‍ ബലൂചി പറഞ്ഞു. അബുദാബിയിലെ വുറൂദ് സ്‌കൂളിലാണ് ദാരുണ സംഭവം.
ബസ് ഡ്രൈവര്‍, ബസ് അറ്റന്‍ഡന്റ് എന്നിവര്‍ക്കെതിരെയും സ്‌കൂള്‍ മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നിവക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍, വിദ്യാര്‍ഥിനിയെ ശ്രദ്ധിക്കാത്തത് മൂലമാണ് ബസില്‍ ശ്വാസം മുട്ടി മരിക്കാനിടയായതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതില്‍ ബസ് ഡ്രൈവറും ബസ് അറ്റന്‍ഡറും പ്രധാന ഉത്തരവാദികളാണ്.
ലൈസന്‍സില്ലാത്ത ബസ് ഗതാഗതത്തിന് ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ ജീവന് ഭീഷണി സൃഷ്ടിച്ചതാണ് മാനേജ്‌മെന്റ് ചെയ്ത കുറ്റം. ബസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമയും വീഴ്ച വരുത്തി. യോഗ്യതയില്ലാത്ത പത്തുപേരെ വിവിധ ബസുകളില്‍ അറ്റന്‍ഡര്‍മാരായി നിയമിച്ചു. ബസില്‍ ഉറങ്ങിപ്പോയ കുട്ടി കടുത്ത ചൂടില്‍ ശ്വാസം കിട്ടാതെ മരിച്ചു. ഫോറന്‍സിക് പരിശോധനയില്‍ ഇത് തെളിഞ്ഞിട്ടുണ്ട്. ആ കുടുംബത്തോട് അത്യഗാധ സഹതാപമുണ്ട്. ആ കുടുംബത്തിന് നീതി ലഭിക്കേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
ബസില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് ബസ് ഡ്രൈവര്‍ ബസിനകത്ത് ആരെങ്കിലും ബാക്കിയായോ എന്ന് നോക്കിയില്ല. കെ ജി ക്ലാസ് വിട്ട് കുട്ടികള്‍ രാവിലെ 11.40 ഓടെ ബസിലെത്തിയപ്പോഴാണ് ഒരു കുട്ടി മരിച്ച നിലയില്‍ കണ്ടത്.
ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ടുമെന്റിന്റെ ലൈസന്‍സ് നേടാത്ത കമ്പനിയെയാണ് സ്‌കൂള്‍ ഉപയോഗിച്ചതെന്ന് പ്രിന്‍സിപ്പല്‍ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉപയുക്തമായ ബസായിരുന്നില്ല. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈ ബസ് പരിശോധനക്ക് വിധേയമാക്കിയില്ല. 27 ബസുകളാണ് കമ്പനിക്കുള്ളത്. ഏഴ് ബസ് ഈ സ്‌കൂളിനുവേണ്ടിയായിരുന്നു. പക്ഷേ, കമ്പനി ഉടമ കുറ്റം നിഷേധിച്ചു. ബസ് ജീവനക്കാരുടെ വിസ വേറെ സ്ഥലത്തേതായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തി.
ഒക്‌ടോബര്‍ ഏഴിന് രാവിലെ സ്‌കൂളിലേക്ക് പോയ ബസ് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളെ ഇറക്കിയെങ്കിലും നിസാ ആലം ബസില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കുട്ടിയെ ബസിലെ സുരക്ഷാ ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഇന്ത്യന്‍ എംബസി, അബുദാബി വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. നബീല അസ്‌കറാണ് മാതാവ്. ഏക സഹോദരി മുസഫ്ഫ ബ്രൈട്രേഡ് സ്‌കൂളില്‍ പഠിക്കുന്ന നസാ ആസിമ. പന്ത്രണ്ട് വര്‍ഷമായി നസീര്‍ യു എ ഇയിലെത്തിയിട്ട്.

Latest