Connect with us

Gulf

അധ്യയന വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവത്കരണവുമായി പോലീസ്

Published

|

Last Updated

ദുബൈ: വിദ്യാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും മറ്റും കേന്ദ്രീകരിച്ച് കഴിഞ്ഞ കാലങ്ങളില്‍ ദുബൈ പോലീസ് നടത്തിയ നിരന്തരമുള്ള ബോധവത്കരണം കാരണം വിദ്യാര്‍ഥികളുടെ ലഹരിക്കമ്പം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതായി അധികൃതര്‍.
2014-15 അധ്യയന വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന, വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, ദുബൈ പോലീസിലെ ലഹരി വിരുദ്ധ വിഭാഗം തലവന്‍ കേണല്‍ ഈദ് മുഹമ്മദ് താനിയാണ് ഇക്കാര്യമറിയിച്ചത്.
2012നെ അപേക്ഷിച്ച് 2013ല്‍ ലഹരിക്കേസില്‍ പിടിക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 10 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകളുദ്ധരിച്ച് ഈദ് മുഹമ്മദ് അറിയിച്ചു. 2012ല്‍ മൊത്തം 61 വിദ്യാര്‍ഥികള്‍ ലഹരിക്കേസില്‍ പിടിക്കപ്പെട്ടെങ്കില്‍ 2013ല്‍ ഇത് കേവലം 28 ആയി കുറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കേസില്‍ പിടിക്കപ്പെട്ട സ്വദേശി വിദ്യാര്‍ഥികളുടെ കണക്കാണിത്. ഇതില്‍ 10നും 15നും ഇടയില്‍ പ്രായമുള്ളവര്‍ മുതല്‍ യൂനിവേഴ്‌സിറ്റി തലങ്ങളില്‍ പഠിക്കുന്നവര്‍ വരെയുണ്ടെന്ന് ചോദ്യങ്ങള്‍ക്കുത്തരമായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്ത് ലഹരി ഉപയോഗിക്കുന്ന കുറഞ്ഞ പ്രായം 16ല്‍ നിന്ന് 12 ആയി ചുരുങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അധികൃതര്‍, ഇത്തരം വിപത്തിനെതിരെ രംഗത്ത് വരേണ്ടത് പോലീസിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ, സമൂഹത്തിന്റെ മുഴുവന്‍ വിഭാഗത്തിന്റെയും ബാധ്യതയായി കാണണമെന്നും അധികൃതര്‍ പറഞ്ഞു.
ഗുളികകളാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിക്കായി കൂടുതലും ഉപയോഗിക്കുന്നത്. വാങ്ങാനും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണ് ലഹരിഗുളികകള്‍ എന്നതാണ് വിദ്യാര്‍ഥികള്‍ ഇത് തിരഞ്ഞെടുക്കാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെ കാമ്പയിന്‍ പ്രചരണത്തിനായി ഉപയോഗപ്പെടുത്തും. അടുത്തമാസം അഞ്ചിന് രാവിലെ 10ന് ദുബൈയിലെ ഇമാം ശാഫിഈ മോഡല്‍ സ്‌കൂളിലാണ് കാമ്പയിന്‍ ഉദ്ഘാടനം നടക്കുക. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ, ദുബൈയിലെ വിദ്യാഭ്യാസ വകുപ്പ്, മതകാര്യവകുപ്പ് തുടങ്ങിയവയിലെ ഉത്തരവാദപ്പെട്ട പ്രതിനിധികളും ഇതില്‍ സംബന്ധിക്കും. വിദേശി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദുബൈയിലെ സ്‌കൂളുകളിലും ലഹരി വിരുദ്ധ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി കടന്നുചെല്ലുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി.