Connect with us

Gulf

നോള്‍ കാര്‍ഡിന് കിഴിവ് ആനുകൂല്യങ്ങളുമായി ആര്‍ ടി എ

Published

|

Last Updated

ദുബൈ: കൂടുതല്‍ യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ആര്‍ ടി എ പുതിയ നോള്‍ കാര്‍ഡിന് കിഴിവ് നല്‍കാന്‍ ഒരുങ്ങുന്നു. പതിവായുള്ള യാത്രകള്‍ക്ക് 47 ശതമാനം വരെ യാത്രാ ചെലവില്‍ കിഴിവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. നിലവിലെ ദിനേനയുള്ളതും പ്രതിമാസ പാസുകള്‍ക്കുമൊപ്പം പുതുതായി ആഴ്ചക്കും മൂന്നു മാസത്തേക്കും വര്‍ഷത്തേക്കുമുള്ള പ്രത്യേക പാസുകളും സില്‍വര്‍, ഗോള്‍ഡ് ക്ലാസുകള്‍ക്കായി ആര്‍ ടി എ നടപ്പിലാക്കും. അടുത്ത മാസം 11ന് ദുബൈ ട്രാം സര്‍വീസ് ആരംഭിക്കുമെന്നതിനാല്‍ ഇതിലും നിലവിലെ നോള്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഉതകുന്ന രീതിയിലാവും പരിഷ്‌ക്കാരങ്ങള്‍.

വിശദമായ ഫീല്‍ഡ് സര്‍വേക്ക് ശേഷമാണ് ആര്‍ ടി എ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ദുബൈയില്‍ പൊതുഗതാഗത മാര്‍ഗം പ്രയോജനപ്പെടുത്തുന്നവരില്‍ 90 ശതമാതനവും ആര്‍ ടി എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബസ്-മെട്രോ സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരെ സന്തോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി.
പാക്കേജിന്റെ ഭാഗമായി സ്ഥിരം യാത്രക്കാര്‍ക്ക് 47 ശതമാനം ഇളവ് യാത്രക്കുള്ള ടിക്കറ്റ് ചാര്‍ജില്‍ നല്‍കും. വിദ്യാര്‍ഥികള്‍, പ്രായമായവര്‍, സാമൂഹിക സേവനത്തിന്റെ ആനുകൂല്യം കൈപറ്റി ജീവിക്കുന്നവര്‍ എന്നിവര്‍ക്ക് 50 ശതമാനം കിഴിവ് നല്‍കും. പ്രവാസികളായ 60 വയസ് കഴിഞ്ഞവര്‍ക്കും ഈ ആനുകൂല്യം നല്‍കാന്‍ ആര്‍ ടി എ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പ്രായമായവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രതിമാസം 200ഉം 170ഉം ദിര്‍ഹത്തിന്റെ പാസ് നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇത് സോണ്‍ കേന്ദ്രീകൃതമാക്കി മാറ്റിയിരിക്കുന്നതിനാല്‍ ഒരൊറ്റ സോണില്‍ യാത്ര ചെയ്യുന്ന ഇത്തരക്കാര്‍ക്ക് 70 ദിര്‍ഹവും രണ്ട് സോണുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 115ഉം മൂന്നു സോണുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 175 ഉം പ്രതിമാസം നല്‍കുന്ന രീതിയിലേക്കാണ് മാറ്റുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.
ദുബൈയെ ഭൂമിശാസ്ത്രപരമായി ഏഴു സോണുകളായാണ് പച്ച പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ആര്‍ ടി എ വിഭജിച്ചിരിക്കുന്നത്. ഒരു ദിവസം മെട്രോയില്‍ സഞ്ചരിക്കാന്‍ പരമാവധി ചെലവഴിക്കേണ്ട തുക പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം 14 ദിര്‍ഹം വേണ്ടിയിരുന്ന സില്‍വര്‍ കാര്‍ഡുകാര്‍ ഇനി ഇതിനായി 20 ദിര്‍ഹം ചെലവഴിക്കേണ്ടി വരും. ഗോള്‍ഡ് കാര്‍ഡ് ഉപഭോക്താക്കള്‍ 28 ദിര്‍ഹത്തിന് പകരം 40 ദിര്‍ഹവും മാറ്റിവെക്കേണ്ടി വരും. ഇതോടൊപ്പം ഒന്നിലധികം സോണുകളില്‍ സഞ്ചരിക്കാനുള്ള മള്‍ട്ടി സോണ്‍ സില്‍വര്‍ പാസിന് ഒരു മാസത്തേക്ക് 270ല്‍ നിന്ന് 350 ആയും ആര്‍ ടി എ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നു മാസത്തേക്ക് ഈ പ്ലാനില്‍ മള്‍ട്ടി സോണ്‍ പാസ് എടുക്കുന്നവര്‍ക്ക് 1,050 ദിര്‍ഹത്തിന് പകരം 830 ദിര്‍ഹം മതിയാവും. വര്‍ഷത്തേക്കാണെങ്കില്‍ 4,200ന് പകരം 2,670ഉം മതിയാവും.