Connect with us

National

കള്ളപ്പണം: കോണ്‍ഗ്രസിനെ ഭയപ്പെടുത്തേണ്ടെന്ന് അജയ് മാക്കന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നു. കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് പാര്‍ട്ടി വ്യക്തമാക്കി. കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് പാര്‍ട്ടി വക്താവ് അജയ് മാക്കന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. കള്ളപ്പണ നിക്ഷേപകരുടെ പേര് ജെയ്റ്റ്‌ലി പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് വ്യക്തികള്‍ക്കതീതമായി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസുകാര്‍ പട്ടികയിലുണ്ടെങ്കില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മാക്കന്‍ പറഞ്ഞു.
കള്ളപ്പണനിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികം വൈകാതെ കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്തും. എല്ലാവരെയും കുറിച്ചുള്ള വിവരങ്ങള്‍ എന്റെ കൈയില്‍ ഭദ്രമാണ്. എന്നാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസ് നേതാക്കളില്‍ ഭയമുളവാക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നിരിക്കുന്നത്. കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് ബി ജെ പി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയ ഓരോ വ്യക്തിക്കുമുള്ള മൂന്ന് ലക്ഷം രൂപ എപ്പോഴാണ് എക്കൗണ്ടിലിടുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. അത് ദീപാവലി സമ്മാനമായി ലഭിക്കുമോ അല്ലെങ്കില്‍ 2019 വരെ കാത്തിരിക്കേണ്ടി വരുമോ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അരുണ്‍ ജെയ്റ്റ്‌ലി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് സതാവ ട്വിറ്ററില്‍ കുറിച്ചു. എന്തു കൊണ്ടാണ് മന്ത്രി പേരുകള്‍ പുറത്ത് വിടാത്തതെന്ന് രാജീവ് സതാവ ചോദിച്ചു. വിദേശ ബേങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരില്‍ കുറച്ചു പേരുടെ പേരുവിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്താന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാര്‍ക്കു നല്‍കിയ അത്താഴവിരുന്നില്‍ അറിയിച്ചു.

 

 

 

Latest