Connect with us

Malappuram

പലക നീക്കുന്നതിനിടെ സണ്‍സൈഡ് തകര്‍ന്നു; തൊഴിലാളിയെ രക്ഷപ്പെടുത്തി

Published

|

Last Updated

മലപ്പുറം: നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണു. അപകടത്തില്‍പെട്ട തൊഴിലാളിയെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 

പൊന്മള കുണ്ടുവയല്‍ നുഫൈല്‍ (20) ആണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കോഡൂര്‍ വലിയാട് പൊന്നയ്യത്ത് കോയയുടെ വീടിന്റെ സണ്‍ഷൈഡാണ് പലക തട്ടുന്നതിനിടെ പൊളിഞ്ഞ് വീണത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. സണ്‍ഷേഡിന് മുകളില്‍ മൂന്ന് വരി പടവുള്‍പ്പെടെ ഇളകിവീണ് ഇതിന് തൊട്ടടുത്ത് തന്നെയുള്ള പഴയ വീടിന്റെ ചുമരില്‍ തട്ടിനില്‍ക്കുകയായിരുന്നു. താങ്ങി നിര്‍ത്തിയിരുന്ന പലകകളും തൂണുകളും അടര്‍ന്ന് വീണ് തൊഴിലാളി നുഫൈലിന് പുറത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തലക്ക് മുകളില്‍ ഇളകി നില്‍ക്കുന്ന കല്ലുകള്‍ സമീപത്തെ വീടിന്റെ ചുമരില്‍ ചാരി നിന്നിരുന്നതിനാല്‍ ഇയാള്‍ക്ക് അനങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഉടന്‍ മലപ്പുറത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സ്ലാബ് ഉള്‍പ്പെടെ കയര്‍ ഉപയോഗിച്ച് വലിച്ച് കെട്ടി തടഞ്ഞ് നിര്‍ത്തിയ ശേഷം കല്ലുകള്‍ താഴെ വീഴാതിരിക്കാന്‍ നുഫൈലിന്റെ കാലിന് സമീപത്ത് പലക അടുക്കി നിര്‍ത്തി പഴയ വീടിന്റെ അകത്ത് പോയി ജനല്‍ കമ്പികള്‍ ഇലക്ട്രിക് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് നീക്കിയാണ് പുറത്തെടുത്തത്.
ഏറെ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനം ഒന്നര മണിക്കൂറോളം നീണ്ടു. സിമന്റും കല്ലും സെറ്റാകുന്നതിന് മുമ്പ് തന്നെ പലക ഇളക്കിയതാണ് അപകട കാരണം.
രക്ഷപ്പെട്ട നുഫൈലിന് കാലിന് ചെറിയ പരുക്കേറ്റിട്ടുണ്ട്. ഇയാളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരായ ബാബുരാജ്, പി ടി ഉമര്‍, സി എന്‍ അനില്‍കുമാര്‍, അബ്ദുല്‍കരീം, മുരളീധരന്‍, രാജീവ്, ശശിധരന്‍, ബാലചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ എന്നിവരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

 

Latest