Connect with us

Malappuram

താനാളൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

Published

|

Last Updated

മലപ്പുറം: താനാളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മാളിയേക്കല്‍ സുജാതയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി.
അതെ ഗ്രാമപഞ്ചായത്ത് അംഗമായ കെ വി ഖാലിദിന്റെ ഹര്‍ജി പരിഗണിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായരുടെ ഉത്തരവ്. യു ഡി എഫിന്റെ പിന്തുണയോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുജാത പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എല്‍ ഡി എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ പാര്‍ലിമെന്ററി പാര്‍ട്ടി വിപ്പ് ലംഘിച്ച് അനുകൂലിച്ചതിനാണ് അയോഗ്യത കല്‍പ്പിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറ് വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്. മറ്റൊരു അംഗമായ പുല്ലൂന്നി ഫാത്തിമയെ അയോഗ്യയാക്കണമെന്ന കെ വി ഖാലിദിന്റെ മറ്റൊരു ഹര്‍ജി കമ്മീഷണര്‍ തള്ളി.
ഇന്ത്യന്‍ നാഷനല്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഫാത്തിമ യു ഡി എഫ് വിപ്പ് നല്‍കിയ നിര്‍ദേശം ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എല്‍ ഡി എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ പിന്തുണച്ചുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.
എന്നാല്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് നല്‍കിയ നിര്‍ദേശം പാലിച്ച് നിലപാട് സ്വീകരിച്ച ഫാത്തിമയുടെ നടപടി കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതക്കുള്ള കാരണമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിധിച്ചു. ഒരു മുന്നണിയുടെ സഹായത്തോടെ വിജയിച്ച സ്ഥാനാര്‍ഥിക്കുമാത്രമേ ആ മുന്നണിയുടെ പാലമെന്ററി പാര്‍ട്ടിയുടെ വിപ്പ് നല്‍കാനാകൂവെന്നും ഒരു രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ഥിക്കു പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് നല്‍കാനാകില്ലെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനുവേണ്ടി അഡ്വക്കേറ്റുമാരായ എം ഹാഷിം ബാബുവും, എസ് സജിയും ഹാജരായി. എതിര്‍ കക്ഷികള്‍ക്കുവേണ്ടി അഡ്വ. അബ്ദുല്‍ ഷുക്കൂര്‍ അറക്കലാണ് ഹാജരായത്.

Latest