Connect with us

Malappuram

നാടിന്റെ സ്‌നേഹവായ്പില്‍ മലപ്പുറത്തിന്റെ താരങ്ങള്‍

Published

|

Last Updated

മലപ്പുറം: സുബ്രതോ കപ്പിലൂടെ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമ കാനറികളുടെ നാട്ടിലെത്തിച്ച മലപ്പുറത്തെ കുട്ടികള്‍ വിമാനമിറങ്ങിയത് നാടിന്റെ സ്‌നേഹ വായ്പിലേക്ക്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീല്‍ ടീമിനോട് നിര്‍ഭാഗ്യം കൊണ്ട് പരാജയപ്പെട്ടെങ്കിലും എം എസ് പി താരങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചത് വിജയ സമാനമായ സ്വീകരണമായിരുന്നു. ഇന്നലെ പന്ത്രണ്ട് മണിയോടെ കരിപ്പൂരിലെത്തിയ ടീമിനെ നാട്ടുകാരും എം എസ് പി അധികൃതരും ജനപ്രതിനിധികളും ചേര്‍ന്നാണ് സ്വീകരിച്ചത്. ക്യാപ്റ്റന്‍ ടി സുഹൈല്‍, സുനില്‍ സോളമന്‍, അഭിജിത്ത്, എസ് റജില്‍, മുഹമ്മദ് ശാഹിദ്, അരുണ്‍ സുരേഷ്, ജോനസ്, വിഷ്ണു മനോജ്, മാഹിന്‍ പി ഹുസൈന്‍, ഗനി അഹമ്മദ്, മുഹമ്മദ് ശബീബ്, വിഷ്ണു ഭാസ്‌കര്‍, പി വിഷ്ണു, രാഹുല്‍, മുഹമ്മദ് നബീല്‍, ടീം കോച്ച് ബിനോയ് സി ജയിംസ്, അസിസ്റ്റന്റ് കോച്ച് സുഹൈബ്, മാനേജര്‍ സന്തോഷ് എന്നിവര്‍ കേരളാ ടീമിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ഊഷ്മള വരവേല്‍പിന് ശേഷം സ്‌കൂള്‍ ബസില്‍ മലപ്പുറത്തേക്ക് വാഹനങ്ങളുടെ അകമ്പടിയോടെയത്തിയ ടീമിനെ കാത്ത് ഉച്ചവെയിലിലും വാടാതെ ഒരുനാടൊന്നടങ്കം കാത്തിരിക്കുകയായിരുന്നു. മലപ്പുറം എ യു പി സ്‌കൂള്‍ പരിസരത്ത് ബസിറങ്ങിയ ടീമംഗങ്ങളെ തോളിലേറ്റിയാണ് സഹപാഠികള്‍ ആനയിച്ചത്.
റണ്ണര്‍ അപ്പിന് ലഭിച്ച് ട്രോഫി ഉയര്‍ത്തി താരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു എം എസ് പിയിലെ വിദ്യാര്‍ഥികള്‍. ബാന്റ് മേളങ്ങളുടെയും ശിങ്കാരിമേളങ്ങളും അന്തരീക്ഷത്തിന് കൊഴുപ്പേകി. പടക്കംപൊട്ടിച്ചും വുവുസേല ഊതിയും ടീമിന്റെ വിജയം മലപ്പുറം നന്നായി ആഘോഷിച്ചു. എവിടെയും താരം മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ സുജിത്തായിരുന്നു.
അഭിനന്ദനങ്ങളേറെയും ലഭിച്ചതും സുജിത്തിന് തന്നെ. താരങ്ങളെ കൈപിടിക്കാനും അഭിനന്ദിക്കാനും പൂച്ചെണ്ടുകള്‍ നല്‍കാനും വിദ്യാര്‍ഥികളുടെ തിരക്കായി. എം എസ് പി സ്‌കൂളിലെ മുഴുവന്‍ കുട്ടികളും നഗരത്തിലിറങ്ങിയതോടെ മലപ്പുറം നിശ്ചലമായി. പിന്നീട് തുറന്ന വാഹനത്തില്‍ എം എസ് പി സ്‌കൂളിലെ സ്വീകരണ യോഗത്തിലേക്ക് കൊണ്ടു പോയി. വഴിയിലുട നീളം മലപ്പുറത്തിന്റെ താരങ്ങളെ അഭിനന്ദിക്കാന്‍ നാട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രകടനമായാണ് താരങ്ങളെ സ്‌കൂളിലെത്തിച്ചത്. എം എസ് പി കമ്മ്യൂനിറ്റി ഹാളിലായിരുന്നു സ്വീകരണ ചടങ്ങ്. തിങ്ങി നിറഞ്ഞ സദസില്‍ ടീം അംഗങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് വക അയ്യായിരം രൂപ സമ്മാനിച്ചു. ഗോളി സുജിത്തിന് പ്രത്യേക സമ്മാനവും നല്‍കി. പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാകല്കടര്‍ കെ ബിജു, എം എസ് പി കമാന്‍ഡന്റ് രാഹുല്‍ ആര്‍ നായര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എസ് ശശികുമാര്‍ പ്രസംഗിച്ചു.