Connect with us

Kerala

സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഇടപെടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ട് ഇടപെടുന്നു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചാന്‍സിലറുടെ അധികാരം ഉപയോഗിക്കാനാണ് ഗവര്‍ണറുടെ നീക്കം. ഇതിന്റെ ഭാഗമായി ഈ മാസം 27ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലാണ് യോഗം. യോഗ വിവരം വിശദമായ അജന്‍ഡ സഹിതം വി സിമാരെ രാജ്ഭവന്‍ അറിയിച്ചിട്ടുണ്ട്.

സര്‍വകലാശാല നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചാന്‍സിലറുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. യു ജി സി ഫണ്ട് വിനിയോഗം, സര്‍വകലാശാലാ നിയമങ്ങളുടെ പരിഷ്‌കരണം, സമയബന്ധിത പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
കാലിക്കറ്റ്, കുസാറ്റ്, എം ജി, കേരള സര്‍വകലാശാലകളുമായി ബന്ധപ്പെട്ടെല്ലാം നിരന്തരം വിവാദങ്ങള്‍ ഉയരുകയാണ്. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളുടെ സ്ഥിതിയും മറിച്ചല്ല. സര്‍വകലാശാലകളിലെ അച്ചടക്കം പ്രധാന വിഷയമായി ചര്‍ച്ചക്ക് വരും. സര്‍വകലാശാലകളിലെ പ്രതിസന്ധിയും പ്രശ്‌നവും ഗവര്‍ണര്‍ അതീവ ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് വിവരം.
എം ജി സര്‍വകലാശാലാ വി സിയായിരുന്ന ഡോ. എ വി ജോര്‍ജിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദത്തോടെയാണ് വി സിമാരുടെ കാര്യത്തില്‍ രാജ്ഭവന്‍ ശക്തമായ ഇടപെടല്‍ തുടങ്ങിയത്. ഏറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഇദ്ദേഹത്തെ ഗവര്‍ണര്‍ പുറത്താക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വി സിയെ ഗവര്‍ണര്‍ക്ക് പുറത്താക്കേണ്ടി വന്നത്. ഈ വിവാദത്തിനു പിന്നാലെ മറ്റു സര്‍വകലാശാലകളിലും വി സിമാരുടെ യോഗ്യത സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ വി സിയും ഭരണകക്ഷി സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന് പരിഹാരമായിട്ടില്ല.
കേരള സര്‍വകലാശാലയിലും സ്ഥിതി വ്യത്യസ്തമല്ല. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും സര്‍വകലാശാലയുടെ തലപ്പത്തുള്ളവരും ചേര്‍ന്നുള്ള തമ്മിലടിയും സമരവും പ്രൊ വി സിയുടെ വീട് ആക്രമിക്കുന്നത് വരെയെത്തി.
കുസാറ്റില്‍ ജെ ലതയെ വി സിയാക്കിയതിനെ പിന്നാലെ ഭരണപക്ഷ എം എല്‍ എയായ ഹൈബി ഈഡന്‍ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെക്കുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സര്‍വകലാശാലകളിലെ ശുദ്ധികലശത്തിന് ഗവര്‍ണറുടെ ശ്രമം.