Connect with us

Wayanad

ജില്ലാ ഡിപ്പോ കല്‍പ്പറ്റയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സംരക്ഷണ സമിതി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോ കല്‍പ്പറ്റയിലേക്ക് മാറ്റാന്‍ നീക്കം. ഇതിന്റെ ഭാഗമായി ബത്തേരിയില്‍ സംരക്ഷണ സമിതി രൂപീകരിച്ചു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് തൊട്ടുകിടക്കുന്ന സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും ഓപറേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ബസുകള്‍ കല്‍പ്പറ്റ ഡിപ്പോയുടെ കീഴിലാക്കുമ്പോള്‍ മൈസൂര്‍, ബാംഗളൂര്‍, ഗൂഡല്ലൂര്‍, കോയമ്പത്തൂര്‍ റൂട്ടുകളിലോടുന്ന ബസുകളുടെ യാത്രയ്ക്കിടയിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കുന്നിനും അത്യാവശ്യ ഘട്ടങ്ങളില്‍ സ്‌പെയര്‍ ബസ് അയക്കുന്നതിനും കാലതാമസമുണ്ടാകും. അന്തര്‍ സംസ്ഥാന യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന തീരുമാനമാണ് കെഎസ്ആര്‍ടിസി അധികൃതരുടെ പുതിയ നടപടി മൂലമുണ്ടാവുക. ഇതുണ്ടാവാതിരിക്കുന്നതിന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും ഗതാഗത മന്ത്രിയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരിയിലെ വ്യാപാരി വ്യവസായി പ്രതിനിധികളും ജിഞ്ചര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹികളും സംയുക്തമായി ആവശ്യപ്പെട്ടു.
ബത്തേരി കെഎസ്ആര്‍ടിസി ഡിപോയിലും മൈസൂര്‍ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിലും ഏതാനും വര്‍ഷങ്ങളായി നടന്നുവന്ന ടിക്കറ്റ് കുംഭകോണവും റിസര്‍വേഷന്‍ ടിക്കറ്റ് തിരിമറിയും പുറത്തുവന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കെഎസ്ആര്‍ടിസിയില്‍ കോടി കണക്കിന് രൂപയുടെ കൃത്രിമം കാണിച്ചതിന് ഒരു ക്ലാര്‍ക്കിന്റെയും ചില കണ്ടക്ടര്‍മാരുടെയും പേരില്‍ നാമമാത്രമായ നടപടികളെടുത്തത് ഒഴിച്ചാല്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്.
ബത്തേരി ഡിപോയില്‍ കോടികളുടെ കുംഭകോണം നടന്ന കാലത്ത് ചുമതലക്കാരായിരുന്ന ഓഫീസര്‍മാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് പകരം കൂടുതല്‍ അധികാരവും സ്ഥാപനക്കയറ്റം നല്‍കി കേസിന്റെ തെളിവുകള്‍ പോലും നശിപ്പിയ്ക്കപ്പെടുന്നതിന് സാഹചര്യം നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ സമരത്തിനും അഴിമതിയന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യമുന്നയിച്ച് കേരള ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നതിനും കെഎസ്ആര്‍ടിസി ജില്ലാ ഡിപോ സംരക്ഷണ സമിതി തീരുമാനിച്ചു. പി.എം. തോമസ് അധ്യക്ഷത വഹിച്ചു. സലിം കുരുടന്‍കണ്ടി, മോഹന്‍ നവരംഗ്, കെ.കെ. മോഹന്‍ദാസ്, പി.സി. ജോര്‍ജ്, പി.എ. അസീസ്, നാസര്‍ കാസിം, പുഷ്‌കരന്‍, സി.എച്ച്. സുരേഷ്, വാമദേവന്‍ കലാലയ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജ് ചെയര്‍മാനും സലീം കുരുടന്‍കണ്ടി കണ്‍വീനറും പി.എം. തോമസ് വൈസ് ചെയര്‍മാനും പി.സി. ജോര്‍ജ് ജോയിന്റ് കണ്‍വീനിറുമായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു. 22ന് ബത്തേരിയില്‍ വിപുലമായ ബഹുജന കണ്‍വന്‍ഷന്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

Latest