Connect with us

Wayanad

അനധികൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് പോലീസിന് കൈമാറും

Published

|

Last Updated

കല്‍പ്പറ്റ: ആരോഗ്യവകുപ്പ് ജില്ലയിലുടനീളം നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്ഥാപനങ്ങളും യോഗ്യതയില്ലാത്ത ആളുകള്‍ ചികിത്സ നടത്തുന്നതും കണ്ടെത്തി. ഇവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി.
അടുത്തിടെ നടവയലിലെ വ്യാജഡോക്ടറെ ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടിയ സംഭവത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ആയുര്‍വേദ, അലോപ്പതി വകുപ്പുകള്‍ സംയുക്തമായി ജില്ലയില്‍ പരിശോധന നടത്തിയത്. കല്‍പ്പറ്റയിലും പരിസര പ്രദേശങ്ങളിലും ആയുര്‍വേദ ഡി എം ഒ. ഡോ. കെ പി വിനോദ്ബാബു, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 16 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി. മൊത്തം 105 ഓളം സ്ഥാപനങ്ങളിലാണ് റെയ്ഡ്് നടന്നത്. ഇതില്‍ 31 സ്ഥാപനങ്ങള്‍ പഞ്ചായത്ത് ലൈസന്‍സില്ലാതെയും 31 എണ്ണം ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. 30 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
മൂലക്കുരു ചികിത്സ നടത്തുന്ന അന്യസംസ്ഥാനക്കാര്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് ആയുര്‍വേദ ലൈസന്‍സാണ് സമ്പാദിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ആന്റി ബയോട്ടിക് അടക്കമുള്ള മോഡേണ്‍ മെഡിസിനിസുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടുവെന്ന് ഡോ. കെ.പി വിനോദ് ബാബു പറഞ്ഞു.
ആയുര്‍വേദ ചികിത്സ എന്നു ബോര്‍ഡ് വെച്ചിട്ടുള്ള ചില സ്ഥാപനങ്ങളിലാകട്ടെ അംഗീകൃത യോഗ്യതയുള്ളവരല്ല ചികിത്സ നടത്തുന്നതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. യോഗ്യതയുള്ളവരാണോ എന്നു പരിശോധിക്കാതെ എല്ലാവര്‍ക്കും ആയുര്‍വേദ ചികിത്സാ ലൈസന്‍സ് അനുവദിക്കുന്നത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെ അറിയിച്ചിട്ടുണ്ട്. ഒരു യോഗ്യതയുമില്ലാത്ത നിരവധി പേര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നു ലഭിച്ച രജിസ്‌ട്രേഷന്റെയും ലൈസന്‍സിന്റെയും അടിസ്ഥനത്തിലാണ് ചികിത്സ നടത്തുന്നതെന്നും കണ്ടെത്തി. ഏഴു ദിവസത്തിനുള്ളില്‍ അംഗീകൃത യോഗ്യതയുള്ളവരെ സ്ഥാപനത്തില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
അനധികൃത സ്ഥാപനങ്ങളുടെയും ചികിത്സകരുടെയും ലിസ്റ്റ് വരുംദിവസങ്ങളില്‍ പോലീസിന് കൈമാറാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Latest