Connect with us

Ongoing News

അഭിമാന താരങ്ങളെ ആദരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മലയാളി താരങ്ങള്‍ക്കും അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്കും കേരളത്തിന്റെ ആദരം.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊന്നാട അണിയിച്ചും ക്യാഷ് അവാര്‍ഡ് നല്‍കിയും താരങ്ങളെയും പരിശീലകരെയും ആദരിച്ചു.
ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ടിന്റുലൂക്കയ്ക്ക് 25 ലക്ഷം രൂപയും ജേതാക്കളായ ദീപിക പള്ളിക്കലിന് 17.5 ലക്ഷം, ശ്രീജേഷ് പി ആറിന് 15 ലക്ഷം, റോബിന്‍ പി യു, ഒ പി ജൈഷ, പി സി തുളസി എന്നിവര്‍ക്ക് 7.5 ലക്ഷം രൂപ വീതവും നല്‍കി. കോച്ചുമാരായ പി ടി ഉഷ, ഉദയകുമാര്‍, പി രാധാകൃഷ്ണന്‍, ഭാസ്‌കരന്‍ എന്നിവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കി.
അര്‍ജുന അവാര്‍ഡ് ജേതാക്കളായ ടോം ജോസഫ്, ഗീതു അന്ന ജോസ്, ടിന്റു ലൂക്ക, സജി തോമസ്, വി ദിജു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
കായികരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാകാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ ഗെയിംസില്‍ നമ്മുടെ താരങ്ങളെ വലിയ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിന്റെ ഏഴ് ജില്ലകളിലായാണ് വിവിധ മത്സരങ്ങള്‍ അരങ്ങേറുക. കേരളത്തെ സംബന്ധിച്ചിടത്തോളം ഏഴ് ജില്ലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവുന്നുവെന്നതാണ് ദേശീയഗെയിംസിലൂടെയുണ്ടാവുന്ന നേട്ടങ്ങളിലൊന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി 17 വയസിനു താഴെയുള്ളവരുടെ ഫുട്‌ബോള്‍ മത്സരത്തിനൊരുങ്ങുകയാണ്. ഇതിന്റെ പരീശീലനത്തിനും മറ്റുമായി സ്റ്റേഡിയങ്ങള്‍ സജ്ജമാക്കുന്നത് ഭാവിയിലും കായികരംഗത്തിന് ഗുണം ചെയ്യും.
താരതമ്യേന കുറഞ്ഞ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തം കഴിവുകളുടെ ബലത്തില്‍ രാജ്യത്തിനുവേണ്ടി നേട്ടങ്ങള്‍ കൊയ്ത കേരളത്തിന്റെ താരങ്ങള്‍ക്ക് ഭാവിയിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാനാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, വി ടി ബലറാം എം എല്‍ എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ബിനു ജോര്‍ജ്ജ് വര്‍ഗീസ്, പി ടി ഉഷ ഉള്‍പ്പെടെ കായിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.