Connect with us

Kannur

കേരളത്തെ ഗുസ്തി പഠിപ്പിക്കാം: സുശീല്‍

Published

|

Last Updated

കണ്ണൂര്‍: കേരളത്തില്‍ ഗുസ്തി മേഖലയില്‍ പരിശീലനം നല്‍കാന്‍ തയ്യാറാണെന്ന് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍. പത്ത് ദിവസത്തോളം വരെ ഇവിടെ താമസിച്ചു പരിശീലനം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന 62ാമത് സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2016 റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുകയാണ് തന്റെ ലക്ഷ്യം. ഇതിനായി കഠിനാധ്വാനം ചെയ്തു വരികയാണ്. കായിക പ്രേമികളുടെ മുഴുവന്‍ പ്രാര്‍ഥനയും തനിക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കായിക പെരുമ നിലനിര്‍ത്തണം. പി ടി ഉഷ, അഞ്ജു ബോബിജോര്‍ജ് തുടങ്ങി ഹോക്കി താരം ശ്രീജേഷ് വരെ കേരളത്തിന്റെ പെരുമ ലോകത്തില്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. കഠിനാധ്വാനത്തിലൂടെയാണ് ഇവര്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കും ഇത്തരത്തില്‍ ഉയര്‍ന്നുവരാം. കായികമേഖലയോട് ഏറെ താത്പര്യമുള്ള വ്യക്തിയാണ് ഇപ്പോഴത്തെ കണ്ണൂര്‍ കലക്ടര്‍ പി ബാലകിരണ്‍. ഇദ്ദേഹത്തെ പോലുള്ളവരുടെ പിന്തുണ കായികമേഖലക്ക് ഏറെ ഗുണം ചെയ്യുമെന്നും സുശീല്‍കുമാര്‍ പറഞ്ഞു.
കേരളത്തില്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനു സംസ്ഥാനത്ത് തന്നെ പരിശീലന സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സുശീല്‍ പിന്നീടു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. ഹോക്കി താരം ശ്രീജേഷ് ലോകപ്രശസ്തനായതു കേരളത്തിനു പുറത്തുപോയി പരിശീലനം നേടിയതുകൊണ്ടാണ്. ഇതേരീതിയില്‍ കഴിവുള്ള നിരവധി താരങ്ങള്‍ കേരളത്തിലുണ്ട്. ആവശ്യമായ പരിശീലനത്തിന്റെ അഭാവമാണ് ഇവരുടെ വളര്‍ച്ചക്കു തടസ്സം.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സുശീല്‍ കുമാറിന് ഹോട്ടല്‍ ഒമാര്‍സില്‍ സ്വീകരണം നല്‍കി.

---- facebook comment plugin here -----

Latest