Connect with us

Eranakulam

സി പി എം നേതാവിന്റെ കൊല: ഒമ്പത് എന്‍ ഡി എഫുകാര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

കൊച്ചി: സി പി എം നേതാവായിരുന്ന അഞ്ചല്‍ തടിക്കാട് അശ്‌റഫ് വധക്കേസില്‍ കോടതി വിട്ടയച്ച നാല് പ്രതികള്‍ അടക്കം ഒമ്പത് എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. അഞ്ച് പ്രതികള്‍ക്ക് വിചാരണ കോടതി വിധി ജീവപര്യന്തത്തിന് പുറമെ സ്‌ഫോടക വസ്തു നിയമപ്രകാരം മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നാശനഷ്ടം വരുത്തിയതിന് ഈ പ്രതികള്‍ക്ക് ആറ് മാസം തടവും അയ്യായിരം രൂപ പിഴയും ശിക്ഷയുണ്ട്. വിചാരണ കോടതിയുടെ ജീവപര്യന്തം ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ബി സുരേഷ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.
വിചാരണ കോടതി വിട്ടയച്ച എന്‍ ഡി എഫ് പ്രവര്‍ത്തകരായ ജാഫറുദ്ദീന്‍, നൗശാദ്, മുഹമ്മദ് അമീര്‍, അനസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. വിചാരണ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച സുബുഖാന്‍, ജുനൈദ്, അന്‍സാര്‍, ശരീഫ്, മുഹമ്മദ് കുഞ്ഞ് എന്നിവരുടെ ശിക്ഷ കോടതി ശരിവെക്കുകയും സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കൂടുതല്‍ ശിക്ഷ നല്‍കുകയും ചെയ്തത്.
2002 ജൂലൈ 17നാണ് അശ്‌റഫിനെ പ്രതികള്‍ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷമായിരുന്നു കൊലപാതകം. 2009 മാര്‍ച്ച് ഏഴിനാണ് വിചാരണ കോടതിയായ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി.
തെളിവിന്റെ അഭാവത്തില്‍ മൂന്ന് പ്രതികളെ വിട്ടയച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.