Connect with us

Eranakulam

മഹാരാഷ്ട്രയിലെ ബി ജെ പി ബന്ധം: എന്‍ സി പി രണ്ട് തട്ടില്‍

Published

|

Last Updated

കൊച്ചി: മഹാരാഷ്ട്രയിലെ ബി ജെ പി ബന്ധത്തെ ചൊല്ലിയുള്ള എന്‍ സി പിയിലെ ഭിന്നത ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നേതൃ യോഗത്തില്‍ മറനീക്കി. കേരളത്തില്‍ ഇടതു മതേതരമുന്നണിക്കൊപ്പം എന്‍ സി പി നില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും ശരത് പവാര്‍ എടുക്കുന്ന ഏത് തീരുമാനത്തിന് പിന്നിലും ഉറച്ചു നില്‍ക്കുമെന്ന് പാര്‍ട്ടി എം എല്‍ എ തോമസ് ചാണ്ടിയും യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബി ജെ പി-ശിവസേന സഖ്യത്തോടൊപ്പം ചേരാനുള്ള എന്‍ സി പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതായി ഉഴവൂര്‍ വിജയന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുചേരാനുള്ള ആലോചനപോലും തെറ്റാണ്. കേന്ദ്ര നിലപാട് തിരുത്തിയില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ 24ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
തീരുമാനം തിരുത്തിയില്ലെങ്കില്‍ കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം വിഛേദിച്ച് കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നാണ് നേതൃയോഗത്തില്‍ ഉഴവൂര്‍ വിജയനും അദ്ദേഹത്തെ അനുകൂലിക്കുന്ന ഭൂരിപക്ഷം നേതാക്കളും സ്വീകരിച്ച നിലപാട്. എന്നാല്‍ തോമസ് ചാണ്ടി എം എല്‍ എയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ഈ നിലപാടിനെ രൂക്ഷമായി എതിര്‍ത്തു. ഒരു സംസ്ഥാനത്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ പേരില്‍ മറ്റൊരു സംസ്ഥാന ഘടകം പാര്‍ട്ടി വിടുമെന്ന് പറയുന്നത് അന്യായമാണെന്ന് അവര്‍ പറയുന്നു. എന്‍ സി പി മഹാരാഷ്ട്ര സംസ്ഥാന ഘടകമാണ് ബി ജെ പിയുമായി ധാരണയുണ്ടാക്കുന്നത്. ദേശീയ തലത്തില്‍ എന്‍ സി പിയുടെ നിലപാട് അതല്ല. ദേശീയ തലത്തില്‍ എന്‍ സി പി, യു പി എയുടെ ഭാഗമായിരുന്നപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷ മുന്നണിയില്‍ ഉറച്ചു നിന്ന് യു പി എക്കെതിരെ സമരം നടത്താന്‍ വരെ കേരള ഘടകത്തിന് സാധിച്ചിട്ടുണ്ട്. മേഘാലയയിലും മണിപ്പൂരിലും ആന്ധ്രയിലുമെല്ലാം എന്‍ സി പി ഇത്തരത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു ഘടകവും പാര്‍ട്ടി വിട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
തോമസ് ചാണ്ടിയുടെ ഈ നിലപാടിനൊപ്പം സംസ്ഥാന നേതാക്കളായ മാണി സി കാപ്പന്‍, ജിമ്മി ജോര്‍ജ്, ജയന്‍പുത്തന്‍ പുരക്കല്‍, സുള്‍ഫിക്കര്‍ മയൂരി, പ്രദീപ് പാറപ്പുറം, പി കെ ഗോപിനാഥ് തുടങ്ങിയവര്‍ നിന്നു. എന്നാല്‍ എന്‍ സി പിയുടെ കേരളത്തിലെ ഇടതുപക്ഷ ലൈനിന് വിരുദ്ധമായ നിലപാടാണ് മഹാരാഷ്ട്ര വിഷയത്തില്‍ എന്‍ സി പി ദേശീയ തലത്തില്‍ സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉഴവൂര്‍ വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗം ഉറച്ച നിലപാടെടുത്തു.
ഭൂരിപക്ഷം ഈ നിലപാടിനൊപ്പം നിന്നതോടെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പുനപരിശോധിക്കണമെന്ന പൊതു തീരുമാനം ഉരുത്തിരിഞ്ഞത്. എ കെ ശശീന്ദ്രന്‍ എം എല്‍ എ യോഗത്തില്‍ പങ്കെടുത്തില്ല. ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ നിലപാടെടുത്താല്‍ ശശീന്ദ്രന് എം എല്‍ എ സ്ഥാനം പോകുമെന്നതിനാലാണ് നിലപാട് വ്യക്തമാക്കാതെ വിട്ടു നിന്നതെന്ന് തോമസ് ചാണ്ടി വിഭാഗം പറയുന്നു.