Connect with us

Ongoing News

കുട്ടികള്‍ക്ക് പോലീസ് മര്‍ദനം: കാല്‍ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം-ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: വയനാട് ജില്ലയിലെ ഗോത്രവര്‍ഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് മര്‍ദിച്ച കേസില്‍ ഇരുവര്‍ക്കും കാല്‍ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.

സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി തുക ഒരു മാസത്തിനകം കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് കൈമാറാനാണ് ആക്ടിംഗ് ചെയര്‍മാന്‍ നസീര്‍ ചാലിയം, മെമ്പര്‍ ഗ്ലോറി ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി ഈ ഉദ്യോഗസ്ഥരില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് ഈ തുക ഈടാക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂളിലെ ലാപ്‌ടോപും ക്യാമറയും മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ പോലീസുകാര്‍ അവരെ വഴിയിലും പോലീസ് സ്റ്റേഷനിലും വെച്ച് മര്‍ദിച്ചെന്ന് കുട്ടികളും രക്ഷിതാക്കളും കമ്മീഷന് മൊഴി നല്‍കിയിരുന്നു. രാത്രി ഒമ്പത് മണിവരെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചതായും കുട്ടികള്‍ കമ്മീഷനെ അറിയിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗോത്രവര്‍ഗക്കാരായ കുട്ടികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചതും തെറ്റുകാരല്ലെന്നു കണ്ട് രാത്രി വിട്ടയച്ചതും നിസ്സാരമായി കാണാനാകില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഏതെങ്കിലും മൊഴിയുടെയോ വിവരത്തിന്റെയോ അടിസ്ഥാനത്തില്‍ കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മൊഴിയുടെ വിശ്വസനീയത ഉറപ്പുവരുത്തുകയും കിട്ടിയ വിവരത്തിന്റെ സാധുത പരിശോധിക്കുകയും വേണം.
സമൂഹത്തിലെ ദുര്‍ബലരും പിന്നാക്ക ജനവിഭാഗത്തില്‍ പെട്ടവരുമായ കുട്ടികളുടെ പരിരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.
ഹരജിക്കാര്‍ക്കെതിരെ നടന്ന ബാലാവകാശ ലംഘനത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ നാലാം എതിര്‍കക്ഷിയായ ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ട പരിഹാരത്തുക കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിക്കുന്നതെന്ന് വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്.