Connect with us

Articles

ഇന്ത്യയിലെ 'മീറ്റ് ജിഹാദും' യൂറോപ്പിലെ ഹലാല്‍ ഭീതിയും

Published

|

Last Updated

ഇക്കഴിഞ്ഞ ഈദ് ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് മറക്കാനാകാത്ത ഒരാഘോഷമായിരുന്നു. മാംസബലിയുമായി ബന്ധപ്പെട്ട് ആക്രമണങ്ങളും പീഡനങ്ങളും ഏല്‍ക്കേണ്ടി വന്ന മുന്‍ വര്‍ഷങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ ഹൈന്ദവ തീവ്രവാദികളുടെ ഭീഷണികള്‍ക്ക് നടുവില്‍ അകപ്പെട്ടാണ് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ഗുജറാത്തിലെ മുസ്‌ലിംകള്‍ ആഘോഷിച്ചത്. “ദി മേക്കിംഗ് ഓഫ് മോഡേണ്‍ ഗുജറാത്ത്” എഴുതിയ അച്യുത് യാഗ്‌നിക് ഈ ഭീകരാന്തരീക്ഷത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ഇത്രയും കൂടുതല്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഈദ് മുമ്പ് ഗുജറാത്തിലുണ്ടായതായി ഓര്‍മയില്ല. ഈദ് ദിവസം ആട്ടിറച്ചി കഴിക്കുന്നതു പോലും മാരകമായ കുറ്റമാകുകയും അതിന്റെ പേരില്‍ ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വരികയും ചെയ്യുക എന്നത് തീര്‍ത്തും അപലപനീയം തന്നെ. കലാപാനന്തര ഗുജറാത്തില്‍ പോലും ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍”
ബ്രഹ്മണന്മാര്‍ കഴിഞ്ഞാല്‍ പട്ടേലുകളും ജൈന മതക്കാരുമാണ് ഗുജറാത്തില്‍ ആള്‍ബലവും ശക്തിയുമുള്ള സമുദായങ്ങള്‍. ഇവരുടെ പിന്‍ബലത്തോടെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഗുജറാത്തിലുടനീളം “ഇറച്ചി ജിഹാദി”നെതിരെ രംഗത്തിറങ്ങിയത്. ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അറവ് നടത്താന്‍ കൊണ്ട് പോയ മൃഗങ്ങളുള്ള നൂറുകണക്കിന് വാഹനങ്ങള്‍ ഇവര്‍ വഴിയില്‍ തടഞ്ഞു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രാദേശിക പോലീസ് സഹായത്തോടെയാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ദാഹോദ്, പഞ്ച്മഹല്‍ ജില്ലകളില്‍ ആണ് ഏറ്റവും അധികം അക്രമണമുണ്ടായത്. പശുക്കളെ സൂക്ഷിച്ചു എന്നാരോപിച്ച് നിരവധി മുസ്‌ലിംകളെ കൈയേറ്റം നടത്തുകയുണ്ടായി. അയല്‍ സംസ്ഥാനമായ രാജസ്ഥാനിലും സമാനമായ സംഭവങ്ങള്‍ നടക്കുകയുണ്ടായി. അവിടെ വസുന്ധര രാജ് സര്‍ക്കാര്‍ ഈ പെരുന്നാളിന് ഒട്ടകങ്ങളെ അറുക്കുന്നത് വ്യാപകമായി തടഞ്ഞു. ഈ ആഘോഷ സമയത്ത് തന്നെ ദേശീയ തലസ്ഥാന നഗരിയിലും അറവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കാര്യമായി തന്നെ ഉണ്ടായി. ഡല്‍ഹിക്കടുത്ത് 70 ശതമാനം (1.5 ലക്ഷം) മുസ്‌ലിംകള്‍ പാര്‍ക്കുന്ന ബവാനയില്‍ ഗാന്ധി ജയന്തി ദിവസം 200 യുവാക്കള്‍ ഒരുമിച്ചെത്തി അക്രമണം അഴിച്ചുവിട്ടു. ക്രാന്തികാരി സേന എന്ന പേരിലുള്ള സംഘടന “ഇറച്ചി ജിഹാദി”നെക്കുറിച്ച് വ്യാപകമായി പോസ്റ്ററുകള്‍ പതിക്കുകയും പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന് ചുക്കാന്‍ പിടിച്ചത് ബി ജെ പിയുടെ എം എല്‍ എ പവാന്‍ ശര്‍മ. ഇറച്ചി കഴിക്കുന്നവരെല്ലാം പശുവിനെ കൊന്ന് തിന്നവരാണ് എന്നും മാംസഭക്ഷണം കഴിക്കുന്നത് രാജ്യത്ത് പാടില്ലാത്ത ഒരു ക്രിമിനല്‍ പ്രവര്‍ത്തനമാണെന്നും വരുത്തിത്തീര്‍ക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമായിരുന്നു തീവ്ര ഹൈന്ദവ രാഷ്ട്രീയ സംഘടനകളുടെ നീക്കം.
ഈയൊരു ലക്ഷ്യം കണക്കിലെടുത്താണ് വിവിധ ദേശീയ രാഷ്ട്രീയ നേതാക്കള്‍ “മീറ്റ് ജിഹാദു”മായി ബന്ധപ്പെട്ട പ്രസ്താവനകളിറക്കിയത്. സര്‍ക്കാറിന്റെ കീഴ്‌വഴക്കങ്ങള്‍ മാനിക്കാതെ വിജയദശമി ദിനത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ദൂരദര്‍ശനില്‍ നടത്തിയ പ്രസംഗത്തില്‍ കൂടുതല്‍ വ്യക്തമായ പ്രഖ്യാപനമാണ് നടത്തിയത്. മാംസക്കയറ്റുമതി നിരോധിക്കാനുള്ള നടപടികള്‍ എത്രയും വേഗം കൊണ്ട് വരേണ്ടതുണ്ട്. പ്രത്യേകിച്ച് ബീഫ് ഇറച്ചി, പശു കള്ളക്കടത്ത് എന്നിവ സമീപ ഭാവിയില്‍ തന്നെ നിരോധിക്കണം. ഇതിനെതുടര്‍ന്ന്, മാംസാഹാരമായി ഉപയോഗിക്കുന്ന മുഴുവന്‍ മൃഗങ്ങളെയും സംരക്ഷിക്കാനുള്ള ഉപദേശമാണ് മോഹന്‍ ഭാഗവത് നടത്തിയത് എന്ന വിശദീകരണവുമായി ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരും ദേശീയ നിര്‍വാഹക സമിതി അംഗവുമായ സെശാദി ചാരി രംഗത്തെത്തി. അറവ് നടത്തി മാംസാഹാരം കയറ്റുമതി ചെയ്യുന്ന വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഇന്ത്യക്കാരെ കൊല്ലാനാണ് ഉപയോഗിക്കുന്നതെന്ന് സെപ്തംബര്‍ 14ന് ജയ്പൂരില്‍ നടന്ന ഇന്ത്യ ഫോര്‍ അനിമല്‍സ് സമ്മേളനത്തില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു വെച്ചിരുന്നു.
പ്രമുഖ ചരിത്രക്കാരന്‍ ജോതിര്‍മയ ശര്‍മ സംഘ്പരിവാറിന്റെ “ഇറച്ചി ജാഹാദ്” കോലാഹലങ്ങളെ പരിഹസിക്കുന്നത് കാണുക: മുപ്പത്തിരണ്ട് പല്ലുകള്‍ ഉള്ള ആടുകള്‍ എന്നാണ് സവര്‍ക്കര്‍ മുസ്‌ലിംകളെക്കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത്. ആര്‍ എസ് എസ് പുലര്‍ത്തുന്ന അമിത വെജിറ്റേറിയസത്തെക്കുറിച്ചും അദ്ദേഹം പറയുന്നു: “സസ്യഭോജ സിദ്ധാന്തത്തോടുള്ള അര്‍ എസ് എസ് മനോഭാവം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. മൂന്നാമത്തെ സര്‍സംഘ്ചാലക് ബാലസാഹബ് ദിയോറ ഒരു കറകളഞ്ഞ മാംസാഹാരിയായിരുന്നു. കൂടാതെ ആഴ്ചയിലൊരിക്കല്‍ സംഘ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്തുപോയി മാംസം കഴിക്കാനുള്ള അനുവാദവും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരോടും സസ്യാഹാരികളാകാന്‍ ആര്‍ എസ് എസ് പറയുന്നില്ല. അതേസമയം, മുസ്‌ലിംകള്‍ ഇറച്ചി ഭക്ഷിക്കുന്നു എന്നും അതുകൊണ്ട് അത് ആരും ചെയ്യരുതെന്നുമാണ് അവര്‍ പറയുന്നത്.”
“ഇറച്ചി ജിഹാദി”ലെ യഥാര്‍ഥ രാഷ്ട്രീയത്തെയാണ് ജോതിര്‍ഗമയ ശര്‍മ നിര്‍വചിച്ചത്. അതേസമയം, വോട്ട് ബേങ്ക് ലക്ഷ്യം വെച്ചുള്ള വര്‍ഗീയ ധ്രുവീകരണം നടത്താന്‍ വേണ്ടി മാംസാഹാര വിഷയം കത്തിക്കുക എന്നതിനപ്പുറം ഈ വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനങ്ങള്‍ക്കിടയില്‍ ഐക്യകണ്‌ഠ്യേനയുള്ള ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ആര്‍ എസ് എസ് മേധാവിയുടെ ആഹ്വാനമനുസരിച്ച് എന്ത് ഔദ്യോഗിക തീരുമാനമാണ് ഉണ്ടാകുക എന്ന് പത്രപ്രവര്‍ത്തകര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കറിനോട് ചോദിച്ചപ്പോള്‍, സര്‍ക്കാറിന് ഈ വിഷയത്തില്‍ പ്രത്യേക നിലപാടുകള്‍ ഒന്നും തന്നെയില്ല എന്നാണ് പ്രതികരിച്ചത്. ഒരു വ്യക്തമായ തീരുമാനത്തിലേക്കെത്താന്‍ കഴിയാതിരുന്നതിന് വിവിധ കാരണങ്ങളുണ്ട്. ഒരു പ്രത്യേക മാംസം കഴിക്കുന്നത് സംസ്ഥാനത്തുടനീളം ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ ഗുജറാത്തില്‍ മാത്രമാണുള്ളത്. ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ മാംസം കഴിക്കുന്നവരാണെന്ന് സംഘപരിവാറിന് തന്നെ നല്ല ബോധ്യമുണ്ട്. ദളിതുകള്‍, ഗോത്ര സമുദായങ്ങള്‍, ഒ ബി സി വിഭാഗങ്ങള്‍, ബ്രഹ്മണരായ വിവിധ ഉയര്‍ന്ന ജാതികള്‍ തുടങ്ങി ഹിന്ദു സമുദായത്തിലെ മിക്ക വിഭാഗങ്ങളും മാംസാഹാരികളാണ്. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ “ഇറച്ചി ജിഹാദി”നെതിരെയുള്ള ഒരു മുന്നേറ്റം വേണ്ട വിധത്തില്‍ ഇനിയും സാധ്യമായിട്ടില്ല. കൂടാതെ പോത്തിറച്ചി ഇന്ത്യയിലെ സാധാരണക്കാരന് പ്രാപ്യമായ ഒരു ആഹാരം എന്ന നിലക്ക് അത്ര പെട്ടന്ന് മാംസവിരുദ്ധ ക്യാമ്പയിന്‍ വിജയിപ്പിക്കാനും കഴിയില്ല. ഈയൊരു പ്രതിസന്ധിയാണ് പ്രാദേശിക തലത്തില്‍ മുസ്‌ലിംവിരുദ്ധ ഭ്രാന്ത് തലയില്‍ കയറിയ സാധാരണ പ്രവര്‍ത്തകരെ രംഗത്തിറക്കി വര്‍ഗീയ ധ്രുവീകരണം നടത്തി അഡ്ജസ്റ്റ് ചെയ്യാന്‍ സംഘ്പരിവാര്‍ നിര്‍ബന്ധിതമാക്കുന്നത്.
കൂടാതെ ക്ഷത്രിയരായി ഗണിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് താഴെയുള്ള മുഴുവന്‍ ജാതികളുടെയും മതപരമായ ചടങ്ങുകള്‍ക്ക് തന്നെ മാംസബലി ആവശ്യമാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ നിര്‍ബാധം അത് തുടരുകയും ചെയ്യുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതചടങ്ങുകളുടെ ഭാഗമായി മൃഗബലി ഇപ്പോഴും സജീവമാണ്. കൊല്‍ക്കത്തയിലെ കാലിബാരി, അസമിലെ കാമഖ്യ ഉദാഹരണങ്ങള്‍. ഇതിനിടയില്‍ ജൈന മത വിഭാഗത്തിന്റെ സ്വാധീന ഫലമായി, എല്ലാം മതവര്‍ഗീയതയുടെ പാശ്ചാത്തലത്തില്‍ നോക്കിക്കാണുന്ന ആര്‍ എസ് എസ് നേതാക്കളാണ് ഇറച്ചി ജിഹാദിന്റെ പേരില്‍ അക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്നും എല്ലാവര്‍ക്കും ഇതില്‍ താത്പര്യം ഇല്ലെന്നും ആര്‍ എസ് എസ്സിന് വേണ്ടി 42 ബുക്‌ലെറ്റുകള്‍ എഴുതിയ ദിലീപ് ദിയോഘര്‍ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ഭാവ്‌നഗറില്‍ പലിതാന എന്ന പേരില്‍ ജൈനമത അമ്പലം സര്‍ക്കാര്‍ അനുവദിച്ചത് “ഇറച്ചി ജിഹാദി”ന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണ് എന്ന് വിലയിരുത്തുന്നവരുണ്ട്. ഈ പ്രദേശത്ത് 60 ശതമാനം ആളുകളും പൂര്‍ണ സസ്യഭുക്കുകളാണ്.
അപ്പോള്‍, മത വിദ്വേഷം ഇളക്കി വിട്ട് മുസ്‌ലിംവിരുദ്ധ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന വര്‍ഗീയ ലക്ഷ്യം മാത്രമാണ് ആര്‍ എസ് എസ്സിനും സംഘ്പരിവാര്‍ സംഘടനകള്‍ക്കുമുള്ളത്. ഇറച്ചി ജിഹാദ് പ്രാദേശിക വോട്ടുകള്‍ അട്ടിമറിക്കാനുള്ള ആയുധമാക്കിയാണ് യഥാര്‍ഥത്തില്‍ അക്രമണങ്ങളിലൂടെയും ഭീഷണികളിലൂടെയും പ്രായോഗികമാക്കുന്നത്. അതുകൊണ്ട് തന്നെയാണ് “പശു നമ്മുടെ അമ്മയാണെ”ന്നും “മുസ്‌ലിംകള്‍ നമ്മുടെ അമ്മയെ ഭക്ഷിക്കുന്നു” എന്നുമുള്ള പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നത്.
ഇന്ത്യയിലെ കഥയിതാണെങ്കില്‍, സമാന്തരമായി ആഗോളതലത്തില്‍, ഹലാല്‍ ഭക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. യൂറോപ്പില്‍, പ്രത്യേകിച്ച് ബ്രിട്ടനില്‍ കുതിച്ചുയരുന്ന ഹലാല്‍ ഭക്ഷണ സംസ്‌കാരത്തെ തീവ്രമായ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നവരുണ്ട്. ഭയവും ഇഷ്ടമില്ലായ്മയും പിരിമുറുക്കവും കാരണം അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും സൃഷ്ടിക്കുന്നു. ഹലാല്‍ ഭക്ഷണത്തെക്കുറിച്ചുള്ള ഭീതി പടര്‍ത്തുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്കാണ് വലിയ പങ്കുള്ളത്. britain goes halal; but no one tells the public എന്ന തലക്കെട്ടോടെ mail എന്ന ഇംഗ്ലീഷ് പത്രം മുന്‍ പേജില്‍ പ്രധാന വാര്‍ത്ത കൊടുത്തത് അടുത്തിടെയാണ്. കര്‍ശനമായ ഇസ്‌ലാമിക നിയമ പ്രകാരമുള്ള ഹലാല്‍ മാംസം പൊതുജനങ്ങളെക്കൊണ്ട് തീറ്റിക്കുന്ന രീതിയിലാണ് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍, പബ്ബുകള്‍, വെംബ്ലി സ്റ്റേഡിയം പോലുള്ള വന്‍ വേദികള്‍ തുടങ്ങിയവ വിവാദകരമായി ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നത് എന്നാണ് ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഈ റിപ്പോര്‍ട്ട് വന്ന് ഒരാഴ്ചക്കുള്ളില്‍ സമാനമായ രണ്ട് ന്യൂസുകള്‍ “ഹലാല്‍ ഭീതി” വീണ്ടും പടര്‍ത്തി. മൃഗങ്ങളെ സ്‌നേഹിക്കുന്ന അമുസ്‌ലിം ബ്രിട്ടീഷുകാരെ നിര്‍ബന്ധിച്ച് ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അന്വേഷണം നടത്തണം എന്നുവരെ “ദ സണ്‍ഡേ മെയില്‍” എഴുതിക്കളഞ്ഞു. “പ്രധാന റസ്റ്റോറന്റുകളില്‍ രഹസ്യമായി ഹലാല്‍ വില്‍ക്കുന്നു” എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. sainbury’s, tesco, waitrose, M&S തുടങ്ങിയ പ്രധാന റസ്റ്റോറന്റുകള്‍ വില്‍ക്കുന്നത് ഹലാല്‍ മാംസമാണെന്നും അത് പൊതുജനങ്ങളോട് വെളിപ്പെടുത്തുന്നില്ലെന്നുമാണ് രണ്ടാമത്തെ വാര്‍ത്തയുടെ ഉള്ളടക്കം.
യഥാര്‍ഥത്തില്‍ തീവ്രവാദം എന്ന ആയുധം ഉപയോഗിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നിരന്തരം ആക്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ “ഹലാല്‍ ഭക്ഷണം” ഒരു ഗുരുതര പ്രശ്‌നമാണെന്ന് ഉയര്‍ത്തിക്കാട്ടുന്നതും അതിനെതിരെ പ്രചാരണം നടത്താന്‍ ചാടിയിറങ്ങുന്നതും. ഇസ്‌ലാമോഫോബിയയുടെ അനന്തര ഫലമായിട്ടാണ് ഈ ഭീതിയെ വിലയിരുത്തേണ്ടത്. ബ്രിട്ടീഷ് നാഷനല്‍ പാര്‍ട്ടിയുടെയും ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെയും നവ ഫാസിസ്റ്റ് മനോഭാവങ്ങളും ഈ ഹലാല്‍ ഭീതിയില്‍ തെളിഞ്ഞു കാണുന്നുണ്ട്. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ “ആന്റി-ഹലാല്‍” കാമ്പയിന്‍ തന്നെയുണ്ട്. islamophobia? count me in എന്ന കോളമെഴുതിയ spectator എന്ന പത്രത്തിലെ റോഡ് ലിഡ്ല്‍ പോലും ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് നിര്‍ദാക്ഷിണ്യം എഴുതുകയുണ്ടായി. ഹലാല്‍ മാംസാഹാരങ്ങള്‍ വില്‍ക്കുന്ന tesco, asda, sainbury’റെസ്റ്റോറന്റുകളെ ബഹിഷ്‌കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. “സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരു മാംസവും ഇനി ഞാന്‍ വാങ്ങില്ല” എന്ന് ലിഡ്ല്‍ 2010ല്‍ എഴുതുകയുണ്ടായി.
ഫ്രാന്‍സിലും സ്ഥിതി മറ്റൊന്നല്ല. ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നങ്ങളായ തൊഴിലില്ലായ്മയും സാമ്പത്തികക്കമ്മിയും ചര്‍ച്ച ചെയ്യുന്നതിനു പകരം എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഹലാല്‍ ഭക്ഷണം ചര്‍ച്ച ചെയ്യാനാണ് താത്പര്യപ്പെട്ടത്. അപ്പോള്‍ ഹലാല്‍ ഫുഡില്‍ രാഷ്ട്രീയം വളരെ വ്യക്തമാണ്. ഫ്രഞ്ച് നാഷണല്‍ പാര്‍ട്ടി ലീഡര്‍ മറൈന്‍ ലീ പെന്‍ പറഞ്ഞത് പാരീസിലെ എല്ലാ കശാപ്പുശാലകളും വ്യാപകമായി ഹലാല്‍ മാംസം വില്‍ക്കുന്നുണ്ടെന്നാണ് (പാരീസില്‍ വില്‍ക്കപ്പെടുന്ന ഇറച്ചികളില്‍ കേവലം രണ്ട് ശതമാനം മാത്രമാണ് ഹലാല്‍ മാംസമുള്ളത് എന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കിലുണ്ട്). ഫ്രഞ്ച് വോട്ടര്‍മാരുടെ സുപ്രധാന പരിഗണന ഹലാല്‍ മാംസ പ്രശ്‌നമാണെന്ന് നിക്കോളസ് സര്‍ക്കോസിയും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറയുകയുണ്ടായി.
മൃഗങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല മാംസാഹാരത്തോടുള്ള ഈ പ്രതിഷേധങ്ങള്‍ വളര്‍ന്നത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയധ്രുവീകരണം നടത്തി വോട്ടുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള മാര്‍ഗം മാത്രമാണ് “ഇറച്ചി ജിഹാദ്”. ഗോമാതാവ് തരുന്ന സാമ്പത്തിക ലാഭം ഉള്ളതുകൊണ്ട് മാത്രമാണ് മൃഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. പശു പാല്‍ ചുരത്തുന്നത് നിര്‍ത്തിയാല്‍ ഈ മാതൃസ്‌നേഹം കാണില്ല. വരുമാനമൊന്നും കിട്ടിയില്ലെങ്കില്‍ ഈ ബലിമൃഗങ്ങളെ കഷ്ടപ്പെട്ട് വളര്‍ത്താന്‍ ഇന്ത്യയില്‍ എത്ര കര്‍ഷകര്‍ തയ്യാറാസും? ചുരുക്കത്തില്‍ മുസ്‌ലിംകള്‍ക്ക് അരടി വെച്ചു കൊടുക്കാനുള്ള ആയുധമായിത്തീരുകയാണ് മാംസവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങളും. ഇറച്ചി ജിഹാദിന് പിന്നിലെ രാഷ്ട്രീയ അജന്‍ഡകള്‍ ഇവ തന്നെയാണ് എന്ന് വെളിപ്പെടുത്തുന്ന ലേഖനം ഔട്ട്‌ലുക്ക് മാഗസിന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഉത്തരേന്ത്യന്‍ സംസ്ഥാനളിലെ മുസ്‌ലിംകളെ മാംസബലിയുടെ പാശ്ചാത്തലത്തില്‍ പീഡിപ്പിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് പ്രശ്‌സ്ത ചരിത്രക്കാരന്‍ ഡി എന്‍ ത്സാ പറയുന്നു: “ആര്‍ എസ് എസ് ഈ വിഷയത്തില്‍ തീര്‍ച്ചയായും അജ്ഞത അഭിനയിക്കുകയാണ്. ഇന്ത്യയിലെവിടെയും നടക്കന്ന അറവുകളേക്കാളും കൂടുതല്‍ ഹിന്ദു രാഷ്ട്രമായ നേപ്പാളില്‍ മാംസബലി നടക്കുന്നുണ്ട്.”