Connect with us

Ongoing News

ആദ്യഘട്ടം 36 പദ്ധതികള്‍; പത്തെണ്ണം മൂന്ന് മാസത്തിനകം

Published

|

Last Updated

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസന രംഗത്ത് പൊതു സ്വകാര്യപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ രൂപം നല്‍കിയ പാര്‍ട്ണര്‍ കേരള മിഷന്‍ വഴി ആദ്യഘട്ടത്തില്‍ 36 പദ്ധതികള്‍ നടപ്പാക്കും. ഇതില്‍ പത്തെണ്ണം മൂന്ന് മാസത്തിനകം തുടങ്ങുകയാണ് ലക്ഷ്യം.

ആധുനിക അറവ് ശാലകള്‍ മുതല്‍ മള്‍ട്ടിപ്ലക്‌സ് വരെയുള്ളതാണ് പദ്ധതികള്‍. നഗരസഭകള്‍ ഭൂമി ലഭ്യമാക്കും. സ്വകാര്യ സംരംഭകര്‍ക്ക് പദ്ധതികള്‍ തുടങ്ങാം. നിക്ഷേപകര്‍ക്ക് മുടക്കിയ പണവും അതിന്റെ ന്യായമായ ലാഭവും ഉറപ്പുവരുത്തും. നിശ്ചിത കാലപരിധി കഴിഞ്ഞാല്‍ പദ്ധതികളെല്ലാം അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലേക്ക് വരും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നഗരസഭകളുടെ ഭൂമി നഗരസഭകളുടെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തും. പദ്ധതികളില്‍ സൃഷ്ടിക്കപ്പെടുന്ന ആസ്ഥികളുടെ ഉടമസ്ഥാവകാശവും അതാത് നഗരസഭകള്‍ക്ക് തന്നെയാകും. ഉപയോഗിക്കാതെ വേണ്ടവിധം പ്രയോജനപ്പെടുത്താതെയും കിടക്കുന്ന ഭൂമികളിലാണ് പദ്ധതികള്‍ വരിക. നിശ്ചിത കാലയളവിലേക്ക് പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ സംരഭകരുമായി കരാര്‍ ഉണ്ടാക്കും. അഞ്ച് മുതല്‍ 25 വര്‍ഷം വരെയാണ് കാലാവധി. നിക്ഷേപവും വരുമാനവും അടിസ്ഥാനമാക്കി സമയപരിധി നിശ്ചയിക്കും. നൂറ് പദ്ധതികളുടെ നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും ഇതില്‍ 36 എണ്ണമാണ് ആദ്യം നടപ്പാക്കുക.
കൊല്ലം കോര്‍പറേഷനില്‍ മള്‍ട്ടിപ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍, കോഴിക്കോട് വികസന അതോറിറ്റിക്ക് കീഴില്‍ ബേപ്പൂര്‍ തുറമുഖത്ത് വെയര്‍ഹൗസ്, മിഠായി തെരുവ് വികസനം, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആന്‍ഡ് സ്റ്റുഡിയോ ടവര്‍, കൊച്ചി കോര്‍പറേഷന് കീഴില്‍ ഇടപ്പള്ളിയില്‍ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, കലൂര്‍ ബസ് സ്റ്റാന്‍ഡ്, പടിയത്തുകുളം പ്ലീമിയര്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ചങ്ങനാശ്ശേരി നഗരസഭയുടെ നവതി സ്മാരക ടവര്‍, വിശാല കൊച്ചി വികസന അതോറിറ്റിയുടെ മണപ്പട്ടി പറമ്പ് ഷോപ്പിംഗ് മാള്‍, കല്‍പ്പറ്റ നഗരസഭയുടെ വയനാട് ഡെസ്റ്റിനേഷന്‍ സെന്റര്‍, കരുനാഗപ്പള്ളി നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്‌സ്, കൊല്ലം വികസന അതോറിറ്റിയുടെ കമേഴ്‌സ്യല്‍ കോംപ്ലക്‌സ്, തൃശൂര്‍ നഗരസഭയുടെ ശക്തന്‍ നഗര്‍ വികസനം, മലപ്പുറത്ത് മുനിസിപ്പല്‍ മാര്‍ക്കറ്റ്, കണ്ണൂരില്‍ എല്‍ എല്‍ സ്‌ക്വയര്‍, കോതമംഗലത്ത് ഹൈറേഞ്ച് ബസ് ടെര്‍മിനല്‍, കോട്ടക്കലില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, കോട്ടയത്ത് കഞ്ഞിക്കുഴിയില്‍ ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്ത ബസ് സ്റ്റേഷന്‍, കുന്നംകുളം ബസ്സ്റ്റാന്റ്, പാലക്കാട് കല്‍മണ്ഡപം ഷോപ്പിംഗ് കോംപ്ലക്‌സ്, മഞ്ചേരിയില്‍ ബസ് സ്റ്റേഷന്‍ വിത്ത് മള്‍ട്ടിപ്ലക്‌സ്, മരടിലും മാവേലിക്കരയിലും മുവാറ്റുപുഴയിലും നിലമ്പൂരിലും കമേഴ്‌സ്യല്‍ കോംപ്ലക്‌സ്, തിരുവനന്തപുരത്തും തൃശൂരിലും ആധുനിക അറവ് ശാലകള്‍, പത്തനംതിട്ടയില്‍ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, പെരുമ്പാവൂരില്‍ മള്‍ട്ടിപ്ലക്‌സ്, പുനലൂരില്‍ ആയുര്‍വേദ റിസോര്‍ട്ട്, തിരുവനന്തപുരം പാളയം വികസനം, പത്തനംതിട്ടയില്‍ ഇന്‍ഫോടൈന്‍മെന്റ് പാര്‍ക്ക്, ഗുരുവായൂരില്‍ മുനിസിപ്പല്‍ മാര്‍ക്കറ്റ്, തിരൂര്‍ നഗരസഭയുടെ കാക്കടവ് സ്വപ്‌ന നഗരി പദ്ധതി, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ വൈദ്യുതി ശ്മശാനം എന്നിവയാണ് ആദ്യഘട്ടം നടപ്പാക്കുന്ന പദ്ധതികള്‍. ഇതില്‍ നിന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയ പത്ത് പദ്ധതികളാണ് മൂന്ന് മാസത്തിനകം ആരംഭിക്കുക.

Latest