Connect with us

International

ക്ലിന്റണുമായി പ്രണയത്തിലായ തന്നെ സൈബര്‍ ലോകം അപമാനിച്ചുവെന്ന് മോണിക്ക ലെവിന്‍സ്‌കി

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് സൈബര്‍ ലോകം പൊതുമധ്യത്തില്‍ അപമാനിച്ചതിന്റെ ഓര്‍മകള്‍ അയവിറക്കിക്കൊണ്ട് വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കി പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈന്‍ പീഡനത്തിനെതിരെ “സാംസ്‌കാരിക വിപ്ലവം ” എന്ന ലക്ഷ്യത്തോടെയാണ് ഫോബ്‌സ് അണ്ടര്‍ -30 സമ്മേളനത്തില്‍ ലെവിന്‍സ്‌കി എത്തിയത്. ക്ലിന്റനുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് കുപ്രസിദ്ധയായ ഇവര്‍ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പൊതുപരിപാടിയെ അഭിമുഖീകരിച്ച് സംസാരിക്കുന്നത്. 1988 ലെ ലെവിന്‍സ്‌കി – ക്ലിന്റന്‍ ലൈംഗികപവാദത്തെത്തുടര്‍ന്ന് വെബ്‌സൈറ്റുകളില്‍ ലെവിന്‍സ്‌കിയുടെ കഥകള്‍ നിറഞ്ഞുനിന്നിരുന്നു. ആഗോളതലത്തില്‍ ഇന്റര്‍നെറ്റിലൂടെ അപമാനിക്കപ്പെട്ട ആദ്യ വ്യക്തിയാണ് താനെന്ന് ആയിരക്കണക്കിന് പേര്‍ തിങ്ങിനിറഞ്ഞ സദസിനെ അഭിമുഖീകരിച്ച് ലെവിന്‍സ്‌കി പറഞ്ഞു. ലൈംഗിക അപവാദ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം മരിക്കണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചു. ഫേസ്ബുക്കോ, ട്വിറ്ററോ ഒന്നുമായിരുന്നില്ല അന്ന് ഇതിന് പിന്നില്‍. ഗോസിപ്പുകള്‍, വാര്‍ത്തകള്‍ , തുടങ്ങി വിനോദ വെബ്‌സൈറ്റുകളും തന്നെ വേട്ടയാടിയെന്ന് ലെവിന്‍സ്‌കി പറഞ്ഞു. സൈബര്‍ പീഡനത്തെത്തുടര്‍ന്ന് ടയ്‌സര്‍ ക്ലിമെന്റിയെന്ന 18കാരി വിദ്യാര്‍ഥിനി ജീവനൊടുക്കിയതാണ് തന്നെ സൈബര്‍ പീഡനത്തിനെതിരെ രംഗത്തുവാരാന്‍ പ്രേരിപ്പിച്ചത്. ക്ലിന്റന്റെ ഭാര്യ ഹിലാരി 2016ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ പരിഗണിക്കപ്പെട്ടിരിക്കെ ക്ലിന്റനുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും പ്രസംഗത്തില്‍ ലെവിന്‍സ്‌കി സൂചിപ്പിച്ചു.

Latest