Connect with us

International

യമന്‍ മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ യു എന്‍ ഉപരോധം

Published

|

Last Updated

വാഷിംഗ്ടണ്‍: യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല അല്‍ സ്വലാഹ് അടക്കം അഞ്ച് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ഉപരോധമേര്‍പ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ മകനെതിരെയും ഹൂത്തി വിമതരിലെ മൂന്ന് ഉന്നത നേതാക്കള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തും. യമനിലെ ജനാധിപത്യ നീക്കങ്ങളെ അടിച്ചമര്‍ത്താനുള്ള ഇവരുടെ ശ്രമങ്ങളെ തിരിച്ചറിഞ്ഞാണ് ഉപരോധ നടപടിയുമായി മുന്നോട്ട് വരുന്നതെന്ന് യു എന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൂത്തി നേതാക്കളായ അബ്ദുല്‍ മലിക് അല്‍ ഹൂത്തി, ഇദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുല്‍ ഖലഖ് അല്‍ ഹൂത്തി, സൈനിക മേധാവി അബൂ അലി അല്‍ ഹകം എന്നിവര്‍ കഴിഞ്ഞ മാസം മുതല്‍ യമനിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം കൈവശപ്പെടുത്തിയിരിക്കുയാണ്. ഇവരാണ് പുതിയ ഉപരോധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക എന്ന് കരുതപ്പെടുന്നു.
2012ല്‍ നടന്ന ജനകീയ സമരത്തെ തുടര്‍ന്നാണ് 33 വര്‍ഷം അധികാരത്തിലിരുന്ന അബ്ദുല്ല അല്‍ സ്വലാഹ് പുറത്താക്കപ്പെട്ടത്. നിലവില്‍ യമനില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളുടെ മറവില്‍ തന്റെ അധികാരം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് ഇദ്ദേഹം നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ ബ്രിഗേഡിയര്‍ ജനറലായിരുന്നു അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് അലി.
മുന്‍ പ്രസിഡന്റ് സ്വലാഹിന്റെ പൂര്‍ണ ഒത്താശയോടെയല്ലാതെ യമന്‍ തലസ്ഥാനം ഉള്‍പ്പെടെയുള്ള സുപ്രധാന ഭാഗങ്ങള്‍ കൈവശം വെക്കാന്‍ ഹൂത്തികള്‍ക്കാകില്ലെന്ന് യമനികള്‍ വിശ്വസിക്കുന്നു.